ഹരിയാനയിൽ ബിജെപിക്ക് കനത്ത തിരിച്ചടി; തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് മുൻ മന്ത്രി കോൺഗ്രസിൽ ചേർന്നു
ഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബി ജെ പിക്ക് തിരിച്ചടി നൽകി മുൻ മന്ത്രി കോൺഗ്രസിൽ ചേർന്നു. ഒ ബി സി മോർച്ച മുൻ അധ്യക്ഷനും മുൻ മന്ത്രിയുമായ കരൺദേവ് കാംബോജ് ആണ് പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തിയിലായിരുന്നു കരൺദേവ്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഉദയ് ഭാനുവും മുൻ മുഖ്യമന്ത്രി ഭൂപേന്ദർ ഹൂഡയും കരൺദേവിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
രഡൗർ, ഇന്ദ്രി എന്നീ മണ്ഡലങ്ങളിൽ നിന്ന് തനിക്ക് സീറ്റ് ലഭിച്ചേക്കുമെന്നായിരുന്നു കരൺദേവിന്റെ പ്രതീക്ഷ. എന്നാൽ, റഡൗറിൽ നിന്ന് മുൻ എം എൽ എ ശ്യാം സിംഗ് റാണയെയും ഇന്ദ്രിയിൽ നിന്ന് സിറ്റിംഗ് എംഎൽഎ രാം കുമാർ കശ്യപിനെയും മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. ഇതിൽ കടുത്ത അതൃപ്തിയാണ് കരൺദേവ് പ്രകടമാക്കിയത്. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പി വിട്ട നേതാവാണ് റാണയെന്നും അഞ്ച് വർഷത്തോളം ഐ എൻ എൽ ഡിയിൽ പ്രവർത്തിച്ച് അടുത്തിടെയാണ് വീണ്ടും റാണ ബി ജെ പിയിലെത്തിയതെന്നും കരൺദേവ് വിമർശിച്ചു. ചതിയനെയാണ് പാർട്ടി പരിഗണിച്ചതെന്ന് കരൺ ആരോപിച്ചു.

ഇതിന് പിന്നാലെ പാർട്ടിയിൽ നിന്നും രാജിവെച്ചതായി കരൺദേവ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ബി ജെ പിക്കായി മുഖ്യമന്ത്രി നായബ് സിങ് സെയ്നി തന്നെ കരണിനെ അനുനയിപ്പിക്കാൻ രംഗത്തിറങ്ങി. എന്നാൽ നീക്കം പരാജയപ്പെടുകയായിരുന്നു. തുടർന്ന് ഡൽഹിയിലേക്കും നേതൃത്വം അദ്ദേഹത്തെ വിളിപ്പിച്ചു. എന്നാൽ ദേശീയ നേതൃത്വത്തിന് മുൻപിലും അദ്ദേഹം അതൃപ്തി പരസ്യമാക്കി.
സംസ്ഥാനത്ത് തിരിച്ചെത്തിയ കരൺ ദേവ് കഴിഞ്ഞ ദിവസം ഭൂപേന്ദർ ഹൂഡയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ ചേർന്നത്. ഇന്ദ്രിയിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി രാകേഷ് കംബോജിന് വേണ്ടി താൻ പ്രവർത്തിക്കുമെന്ന് പാർട്ടി പ്രവേശനത്തിന് പിന്നാലെ കരൺ ദേവ് പറഞ്ഞു.
ഒ ബി സി വിഭാഗങ്ങൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള നേതാവാണ് കരൺ ദേവ്. ജാട്ട് വിഭാഗങ്ങൾക്കൊപ്പം ഒബിസി വോട്ടുകളും ലക്ഷ്യം വെച്ചുള്ള ബി ജെ പി നീക്കത്തിനാണ് കരൺദേവിന്റെ നീക്കം തിരിച്ചടിയായിരിക്കുന്നത്. അതേസമയം ഒബിസി വിഭാഗങ്ങൾക്കിടയിൽ സ്വീകരാര്യത വർധിപ്പിക്കാൻ കരൺദേവിന്റെ വരവ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.
ഒക്ടോബർ 5 നാണ് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പ്. ഇത്തവണ പ്രതീക്ഷ ഉയർന്ന നിലയിലാണ് കോൺഗ്രസ്. ലോക്സഭ തിരഞ്ഞെടുപ്പിലെ അനുകൂല സാഹചര്യം വോട്ടായി മാറുമെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. ബി ജെ പിയിലെ അസ്വാരസ്യങ്ങളും നേതാക്കളുടെ വരവുമെല്ലാം തങ്ങൾക്ക് ഗുണകരമാകുമെന്ന് തന്നെയാണ് നേതൃത്വം കണക്കാക്കുന്നത്. പ്രീ പോൾ സർവ്വേകളിലും കോൺഗ്രസിന് സംസ്ഥാനത്ത് മുൻതൂക്കം പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്ത് അധികാരത്തിന് പുറത്താണ് കോൺഗ്രസ്.












Click it and Unblock the Notifications