'വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തെ അന്തരീക്ഷത്തെ മലിനമാക്കുന്നു, നിയന്ത്രിക്കണം'; സുപ്രീം കോടതി
ദില്ലി: വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തെ അന്തരീക്ഷിത്തെ മലിനമാക്കുന്നുവെന്നും ഇത്തരത്തിലുള്ള പ്രചരണങ്ങൾ നിയന്ത്രിക്കുക തന്നെ വേണമെന്നും സുപ്രീം കോടതി. വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലുള്ള സർക്കാരിന്റെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്ത് കൊണ്ട് സമർപ്പിക്കപ്പെട്ട പൊതുതാത്പര്യ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

അധികാരം പിടിക്കാനായി ഭൂരിപക്ഷ ഹിന്ദു വോട്ടുകൾ നേടാനും വംശഹത്യ നടത്താനും 2024 ലെ പൊതു തിരഞ്ഞെടുപ്പിന് മുൻപ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് വിദ്വേഷ പ്രസംഗം നടക്കുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. നിരവധി കുറ്റകൃത്യങ്ങളിൽ ഇതിന്റെ പേരിൽ നടന്നുണ്ടെന്നും ഹർജിയിൽ പറയുന്നു.
അതേസമയം ഹർജിയിൽ ആരോപണങ്ങളെ സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി ഹർജിക്കാരിയോട് പറഞ്ഞു.

'ഹർജിയിൽ വിശദാംശങ്ങൾ ഇല്ല, അവ്യക്തമായ അവകാശവാദങ്ങൾ മാത്രമാണ് ഉള്ളത്. ഏതെങ്കിലും കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങളോ ആ കേസുകളുടെ നിലവിലെ സ്ഥിതി എന്താണെന്നോ , നിങ്ങളുടെ നിലപാട് എന്താണെന്നോ ആരൊക്കെ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്, കേസ് രജിസ്റ്റർ ചെയ്തോ ഇല്ലയോ തുടങ്ങി ഒരു കാര്യങ്ങളും ഹർജിയിൽ പറയുന്നില്ല', കോടതി പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തെ അന്തരീക്ഷിത്തെ മലിനമാക്കുന്നുവെന്ന് ഒരുപക്ഷേ നിങ്ങൾ പറയുന്ന കാര്യങ്ങൾ ശരിയായിരിക്കാം. ഇത് നിയന്ത്രിക്കേണ്ടതുണ്ടെന്ന് പറയാൻ നിങ്ങൾക്ക് ന്യായമായ എല്ലാ കാരണങ്ങളും ഉണ്ടായിരിക്കാം. എന്നിരുന്നാൽ കൂടിയും ആർട്ടിക്കിൾ 32 പ്രകാരം ഇത്തരത്തിലുള്ള അപകീർത്തികരമായ ഹർജി നൽകാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ ഒരു അമിക്കസ് ക്യൂറിയെ ഹർജിക്കാർക്ക് ആവിശ്യമുണ്ടോയെന്ന ആശ്ചര്യവും ചീഫ് ജസ്റ്റിസ് പങ്കുവെച്ചു.

അതേസമയും ഇത്തരത്തിൽ വിദ്വേഷ പ്രസംഗം നടത്തുന്നത് ചിലർ ലാഭകരമായ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണെന്ന് ഹർജിക്കാരിയായ ഹർപ്രീത് മൻസുഖാനി സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. മുസ്ലീം വിദ്വേഷം വളരാൻ കാരണമായെന്ന് ആരോപിക്കപ്പെടുന്ന കാശ്മീരി പണ്ഡിറ്റുകളുടെ നിർബന്ധിത പലായാനം സംബന്ധിച്ചുള്ള കഥ പറയുന്ന ഹിന്ദി സിനിമയായ 'ദി കാശ്മീർ ഫയൽസ്' ന് വേണ്ടി ഒരു രാഷ്ട്രീയ പാർട്ടി ഫണ്ട് നൽകിയതിനുള്ള തെളിവ് തന്റെ കൈയ്യിൽ ഉണ്ടെന്നും അവർ അവകാശപ്പെട്ടു.

'ഇത്തരം സംഭവങ്ങൾ തടയുന്നതിൽ സംവിധാനങ്ങൾ ഏറെ വൈകിപ്പോയിരിക്കുന്നു. ഇനി വിഷയത്തിൽ കോടതിയുടെ ഇടപെടലുകളാണ് അനിവാര്യം. തൊടുത്താൽ തിരിച്ച് വരാത്ത അസ്ത്രം പോലെയായി വിദ്വേഷ പ്രസംഗങ്ങൾ മാറിയിരിക്കുകയാണ്', ഹർജിക്കാരി പറഞ്ഞു. വിദ്വേഷ കേസുകളിൽ ക്രിമിനൽ നിയമപ്രാകരമുള്ള നിയമനടപടികൾ സ്വീകരിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. വർഗീയ വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച് വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാമെന്ന് ഹർജിക്കാരിയും കോടതിയെ അറിയിച്ചു. നവംബർ ഒന്നിന് ഹർജി വീണ്ടും സുപ്രീം കോടതി പരിഗണിക്കും.












Click it and Unblock the Notifications