ഹാത്രസ് കേസ്: സിദ്ധീഖ് കാപ്പനൊപ്പം അറസ്റ്റിലായ വിദ്യാര്‍ത്ഥി നേതാവ് അതീഖുറഹ്മാന് ജാമ്യം
അലഹബാദ്: ഹാത്രസ് കേസില്‍ മലയാളി മാധ്യമപ്രവർത്തകന്‍ സിദ്ധീഖ് കാപ്പാനൊപ്പം അറസ്റ്റിലായ വിദ്യാർത്ഥി നേതാവിന് ജാമ്യം. ഇഡി അറസ്റ്റ് ചെയ്ത അതീഖുറഹ്മാനാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. നിരവധി തവണ നിരസിക്കപ്പെട്ട ജാമ്യം അലഹബാദ് ഹൈക്കോടതി ഇത്തവണ അനുവദിച്ചു. യുപി പൊലീസ് യു എ പി എ ചുമത്തിയ കേസില്‍ കഴിഞ്ഞ മാർച്ച് 15 ന് അലഹബാദ് കോടതി തന്നെ അതീഖിന് ജാമ്യം നല്‍കിയിരുന്നു.
യു എ പി എ കേസിന് പുറമെ ഇഡി കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ അതീഖ് റഹ്മാന് പുറത്തിറങ്ങാന്‍ സാധിക്കും. 962 ദിവസത്തിന് ശേഷമാണ് വിദ്യാർത്ഥി നേതാവ് ജയില്‍ മോചിതനാവുന്നത്. രാജ്യത്തെ നടുക്കിയ ഹാത്രസ് കൂട്ടബലാത്സംഗ കൊലപാതകത്തിന് ഇരയായ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനായി പോവുമ്പോഴായിരുന്നു സിദ്ധീഖ് കാപ്പനൊപ്പം അതീഖും അറസ്റ്റിലാവുന്നത്.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന കാംപസ് ഫ്രണ്ട് മുന്‍ ദേശീയ ട്രഷറയായ അതീഖ് യുപിയിലെ മുസഫർനഗർ സ്വദേശിയാണ്. മീററ്റിലെ ചൗധരി ചരൺ സിങ് യൂനിവേഴ്സിറ്റിയിലെ ലൈബ്രററി സയൻസ് ഗവേഷക വിദ്യാർഥി കൂടിയാണ് അദ്ദേഹം. ജാമിഅ മില്ലിയ്യ പി.ജി വിദ്യാർത്ഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരും ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. മുഹമ്മദ് ആലമും കാപ്പനും നേരത്തെ ജാമ്യം ലഭിച്ച് പുറത്തിറങ്ങി.
വലിയ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വ്യക്തി കൂടിയാണ് അതീഖ്. ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതല്‍ അതീഖ് ദില്ലി എംയിസില്‍ ചികിത്സ തേടുന്നുണ്ട്. ആരോഗ്യ നില മോശമായതിനെ തുടർന്ന് ജയിലില്‍ കഴിയുമ്പോഴും അദ്ദേഹത്തെ പലതവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയോർട്ടിക് റിഗർജിറ്റേഷൻ എന്ന ഹൃദയസംബന്ധമായ അസുഖമാണ് അതീഖിനുള്ളത്. നിലവിലെ ആരോഗ്യ സ്ഥിതി അടക്കം ചൂണ്ടിക്കാട്ടിയാണ് അതീഖിന് വേണ്ടി കുടംബം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്.












Click it and Unblock the Notifications