ഉഷ്ണതരംഗം വീര്‍പ്പുമുട്ടിക്കുന്നു; അടിയന്തര യോഗം വിളിച്ച് ആരോഗ്യമന്ത്രാലയം, ഈ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത ചൂടില്‍ വീര്‍പ്പുമുട്ടുന്നത് തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ മന്ത്രാലയത്തിലെയും കാലാവസ്ഥാ വകുപ്പിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങുന്ന അഞ്ചംഗ സംഘം ഉഷ്ണതരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ യോഗത്തില്‍ തീരുമാനമായി.
ഉഷ്ണതരംഗത്തിന്റെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കുന്നതിനായി ഐ സി എം ആറിനോട് ആവശ്യമായ നിര്‍ദ്ദേശം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉഷ്ണതരംഗം മൂലമുള്ള ജീവഹാനി ഒഴിവാക്കാന്‍ ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.

താപനില കുതിച്ചുയരുന്ന സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശ്, ബീഹാര്‍, ഹരിയാന, തമിഴ്നാട്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ അതികഠിനമായ ഉഷ്ണതരംഗമുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കിഴക്കന്‍ ഇന്ത്യയിലും അതിനോട് ചേര്‍ന്നുള്ള മധ്യ ഇന്ത്യയിലും നാളെ മുതല്‍ ചൂട് കുറയാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നിവയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉഷ്ണതരംഗം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാനങ്ങളും വേനലവധി നീട്ടിയിരിക്കുകയാണ്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണ താപനിലയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. വേനല്‍ക്കാലത്ത് സാധാരണ താപനിലയേക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുന്നതിനെയാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. സാധാരണയായി മാര്‍ച്ചിനും ജൂണ്‍ മാസത്തിനും ഇടയിലാണ് ഇത് സംഭവിക്കുന്നത്, എന്നാല്‍ ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ജൂലൈ വരെ നീളാനും സാധ്യതയുണ്ട്.












Click it and Unblock the Notifications