കോളേജിലെ ശുചിമുറിയിൽ ഒളിക്യാമറ, ദൃശ്യങ്ങൾ വിറ്റതായി സംശയം; സംഭവം ആന്ധ്രാപ്രദേശിൽ
ഡൽഹി: വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ എഞ്ചിനീയറിംഗ് കോളേജിലാണ് ഞെട്ടിക്കുന്ന സംഭവം. വിദ്യാർത്ഥികളുടെ വീഡിയോകൾ ക്യാമറ വഴി രഹസ്യമായി റെക്കോർഡ് ചെയ്യുകയായിരുന്നു, അത് പിന്നീട് ചോർത്തി ചില വിദ്യാർത്ഥികൾക്ക് വിൽക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായാണ് റിപ്പോർട്ട്.
കൃഷ്ണൻ ജില്ലയിലെ ഗുഡ്‌വല്ലേരു കോളേജിൽ നടന്ന സംഭവം വിദ്യാർത്ഥികൾക്കിടയിലും പ്രദേശവാസികൾക്കിടയിലും വലിയ രോഷത്തിന് കാരണമായിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് ക്യാമറ കണ്ടെത്തിയത്. വിദ്യാർത്ഥിനികൾ ആണ് ശുചിമുറിയിൽ ഒളിപ്പിച്ച ക്യാമറ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. പിന്നാലെ തന്നെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി എത്തി. വൻ പ്രതിഷേധമാണ് വിദ്യാർത്ഥികൾ നടത്തിയത്.

" ഞങ്ങൾക്ക് നീതി വേണം" എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് കാമ്പസിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചത് . വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥിതിഗതികൾ സംഘർഷഭരിതമായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെ വിളിച്ചിരുന്നു. പുലർച്ചെ 3. 30 ശേഷമാണ് പ്രതിഷേധക്കാർ പിരിഞ്ഞ് പോയത്.
സംഭവവുമായി ബന്ധപ്പെട്ട് ആൺകുട്ടികളുടെ ഹോസ്റ്റലിലെ സീനിയർ വിദ്യാർത്ഥിയായ ബി ടെക് അവസാന വർഷ വിദ്യാർത്ഥി വിജയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തായാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇയാളുടെ ലാപ്‌ടോപ്പ് പിടിച്ചെടുത്തു, കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
വനിതാ ഹോസ്റ്റൽ വാഷ്‌റൂമിൽ നിന്ന് 300 - ലധികം ഫോട്ടോകളും വീഡിയോകളും ചോർന്നതായും ചില വിദ്യാർത്ഥികൾ വിജയിൽ നിന്ന് ഈ വീഡിയോകൾ വാങ്ങിയതായും റിപ്പോർട്ടുകൾ പറയുന്നു. ഒളിക്യാമറയുടെ സാന്നിധ്യവും ദൃശ്യങ്ങൾ ചോർന്നതും വലിയതോതിൽ ഉള്ള ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.
വാഷ്‌റൂം സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ പലരും ഭയവും അസ്വസ്ഥതയും പ്രകടിപ്പിച്ചിട്ടുണ്ട്, ചിലർ പ്രദേശം പൂർണ്ണമായും ഒഴിവാക്കുന്നു. ക്യാമറ സ്ഥാപിച്ചതിലും വീഡിയോകൾ വിതരണം ചെയ്തതിലും കൂടുതൽ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണെന്നും ഇനിയും കണ്ടെത്താനുണ്ടെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടതായാണ് വിവരം.
ഈ മാസം ആദ്യം, ബംഗളൂരുവിലെ ഒരു പ്രശസ്ത കോഫി ഷോപ്പിൽ വീഡിയോകൾ റെക്കോർഡുചെയ്യുന്നതിനായി സ്ത്രീകളുടെ വാഷ്‌റൂമിലെ ഡസ്റ്റ്ബിന്നിൽ ഒളിപ്പിച്ച ഫോൺ ഉപഭോക്താക്കൾ കണ്ടെത്തിയിരുന്നു. ബാഗിൽ ദ്വാരമാക്കി അതിനുള്ളിലായി ക്യാമറ വെച്ചിരിക്കുകയായിരുന്നു. കണ്ടൻ്റ് ക്രിയേറ്ററാണ് സംഭവം വെളിച്ചത്ത് കൊണ്ടുവന്നത്. നിരന്തരം വീഡിയോ റെക്കോർഡുചെയ്യുന്നുണ്ടായിരുന്നുവെന്നാണ് വിവരം.












Click it and Unblock the Notifications