ഹിന്ദുത്വവാദികള്‍ മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു; ഹിജാബ് വിവാദത്തില്‍ പോള്‍ പോഗ്ബ
മാഡ്രിഡ്: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരണവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഫ്രഞ്ച് താരം പോള്‍ പോഗ്ബ. ഹിജാബിന്റെ പേരില്‍ കര്‍ണാടകയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ വീഡിയോ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാക്കിയാണ് പ്രതികരിച്ചത്. ഇന്ത്യയില്‍ ഹിന്ദുത്വവാദികള്‍ ഹിജാബ് ധരിക്കുന്ന മുസ്ലിം വിദ്യാര്‍ഥിനികള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും പോള്‍ പോഗ്ബ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. വിഷയം അന്താരാഷ്ട്ര തലത്തില്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
മുസ്ലീം സ്ത്രീകളെ പാര്‍ശ്വവല്‍ക്കരിക്കുന്നത് ഇന്ത്യന്‍ നേതാക്കള്‍ അവസാനിപ്പിക്കണമെന്നും ഹിജാബ് നിരോധനം പേടിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. കര്‍ണാടകയിലെ ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പി യു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഹിജാബ് ധരിച്ചതിന്റെ പേരില്‍ തടഞ്ഞ നടപടിക്കെതിരേ വിദ്യാര്‍ഥിനികള്‍ രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ പലയിടത്തും ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. ഇതോടെ സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചു.

ഇതിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാവി ഷാളണിഞ്ഞ് എത്തിയതോടെ സംഘര്‍ഷത്തിലേക്കും കാര്യങ്ങള്‍ കൊണ്ടെത്തിച്ചു. ഇതോടെ ഹിജാബ് വിലക്കിയതിനെതിരേ ഉഡുപ്പി കോളേജിലെ അഞ്ച് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ആദ്യം സിംഗിള്‍ ബെഞ്ച് പരിഗണിച്ച ഹര്‍ജി നിലവില്‍ വിശാല ബെഞ്ചാണ് പരിഗണിക്കുന്നത്. വികാരങ്ങള്‍ക്കനുസൃതമായിട്ടല്ല, ഭരണഘടന അനുസരിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് സിംഗിള്‍ ബെഞ്ചില്‍ ഹര്‍ജി പരിഗണിക്കുന്നതിനിടെ പറഞ്ഞിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഒരിക്കലും നല്ലതിനല്ലെന്നും, വിഷയം അന്താരാഷ്ട്ര തലത്തില്‍ പോലും ചര്‍ച്ചയാവുന്നുണ്ടെന്നും കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

അതേസമയം, കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയൊരു വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് ഹൈക്കോടതിയുടെ വിശാല ബെഞ്ച് പറഞ്ഞിരിക്കുന്നത്. ഹിജാബ് മാത്രമല്ല, കാവി ഷാളും ധരിക്കരുതെന്നാണ് കോടതിയുടെ നിര്‍ദേശം. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വിദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി.നേരത്തെ ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച വിഷയത്തില്‍ ഹൈക്കോടതിയില്‍ വാദം തുടരും.
Recommended Video


ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും യൂണിഫോം തീരുമാനിക്കാന്‍ കോളേജ് വികസന സമിതികള്‍ക്ക് സ്വയംഭരണാവകാശം നല്‍കിയിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ അത് പാലിക്കുമെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. എന്നാല്‍ സംസ്ഥാനത്തിന്റെ നിലപാട് അത്ര നിരുപദ്രവകരമല്ലെന്നാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദേവദത്ത് കാമത്ത് പറഞ്ഞത്. ഹിജാബിനെതിരായ പ്രതിഷേധം കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യമുണ്ട്.

മദ്രാസ് ഹൈക്കോടതിയും ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. ചില ശക്തികള്‍ സമൂഹത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും രാഷ്ട്രമാണോ മതമാണോ വലുതെന്നും കോടതി ചോദിച്ചു. ചിലര്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കി രാജ്യം മുഴുവന്‍ പടര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ചിലര്‍ ഹിജാബിന് പിന്നാലെയും ചിലര്‍ തലപ്പാവിന് പിന്നാലെയും പോവുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഐക്യമുള്ള രാജ്യമാണോ അതോ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് ഹിജാബ് വിവാദമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications