ഹിമാചലിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ലീഡ് ബിജെപിക്ക്, ചരിത്രം തിരുത്തുമോ?
ദില്ലി: വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ഹിമാചലിൽ ആദ്യ ലീഡ് ബി ജെ പിക്ക്. പോസ്റ്റൽ വോട്ടുകൾ ആണ് ആദ്യം എണ്ണി തുടങ്ങിയത്. 5 സീറ്റുകളിലാണ് ബി ജെ പി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. കന്നി അങ്കത്തിന് ഇറങ്ങിയ ആം ആദ്മിക്ക് യാതൊരു ചലനങ്ങളും ആദ്യ ഫലസൂചനകളിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
കോൺഗ്രസും ബി ജെ പിയും മാറി മാറി ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ഇത്തവണ ചരിത്രം തിരുത്തികുറിച്ച് ബി ജെ പി അധികാര തുടർച്ച നേടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എക്സിറ്റ് പോൾ ഫലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാധ്യതകളാണ് പ്രവചിച്ചിരുന്നത്. അത് ശരിവെയ്ക്കുന്ന തരത്തിലുള്ള ഫലങ്ങളാണ് ആദ്യ മണിക്കൂറുകളിൽ പുറത്തുവരുന്നത്.

സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രം ആവർത്തിച്ചാൽ കോൺഗ്രസിനാണ് ഇത്തവണ സാധ്യത .എന്നാൽ സംസ്ഥാനത്തെ പതിവ് തെറ്റിക്കുമെന്നാണ് ബി ജെ പിയുടെ അവകാശവാദം. അതേസമയം സംസ്ഥാനത്ത് കടുത്ത ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്നും ഇത് ബി ജെ പിയ്ക്ക് തിരിച്ചടിയാകുമെന്നുമാണ് കോൺഗ്രസ് പറയുന്നത്. ആം ആദ്മിയുടെ സാന്നിധ്യം, വിമത പട എന്നിവയും ബി ജെ പിക്ക് ക്ഷീണമുണ്ടാക്കുമെന്ന വിലയിരുത്തലും കോൺഗ്രസിനുണ്ട്.

അതേസമയം ഹിമാചലിൽ ബലാബലത്തിന് കളമൊരുങ്ങിയാൽ വലിയ രാഷ്ട്രീയ നാടകങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കുമെന്ന വിലയിരുത്തലുകൾ ഉണ്ട്. 68 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് ആവശ്യം. ഭൂരിപക്ഷം നേടാൻ ആയില്ലെങ്കിൽ ബി ജെ പി തങ്ങളുടെ എം എൽ എമാരെ ചാക്കിട്ടേക്കുമെന്ന ഭയം കോൺഗ്രസിനുണ്ട്. ഈ സാഹചര്യത്തിൽ ഫലം വരുന്ന ഉടനെ തന്നെ എം എൽ എമാരെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന പി സി സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

വിമതരെ പാട്ടിലാക്കാനുള്ള ശ്രമങ്ങളും കോൺഗ്രസും ബി ജെ പിയും ആരംഭിച്ചിട്ടുണ്ട്. ബി ജെ പിക്ക് 20 ഉം കോൺഗ്രസിന് 10 ഉം വിമതരാണ് ഉള്ളത്. ഭൂരിപക്ഷത്തിലേത്തക്ക് എത്താൻ സാധിച്ചില്ലെങ്കിൽ വിമതരുടെ നിലപാടും നിർണായകമായേക്കും. ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ള നേതാക്കൾ വിമതരെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications