ഗ്യാന്‍വാപി പള്ളിയില്‍ പൂജയ്ക്ക് അനുമതി: ജില്ലാ കോടതി ഉത്തരവിന് സ്റ്റേ നല്‍കാതെ ഹൈക്കോടതി
ഡല്‍ഹി: ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നല്‍കിയ ജില്ലാ കോടതി വിധി സ്റ്റേ ചെയ്യാതെ അലഹബാദ് ഹൈക്കോടതി. ആറാം തിയ്യതി പുതുക്കിയ ഹരജി സമര്‍പ്പിക്കാന്‍ ഹരജിക്കാരായ പള്ളി അധികൃതര്‍ക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. പള്ളിയില്‍ പൂജക്ക് അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നായിരുന്നു പള്ളി അധികൃതരുടെ ആവശ്യം.
സ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിൻ്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് പള്ളിക്കമ്മറ്റിയുടെ ഹർജി പരിഗണിച്ചത്. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിക്കുകയും ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ട് മണിക്കൂറുകൾക്കകമായിരുന്നു പള്ളി കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചത്.

ഗ്യാന്‍വാപി പള്ളിയില്‍ പള്ളിയുടെ തെക്കൻ നിലവറയിലെ വിഗ്രഹങ്ങൾക്ക് മുന്നിൽ ഹിന്ദു പുരോഹിതന് പ്രാർത്ഥന നടത്താമെന്നായിരുന്നു വാരണാസി കോടതി ബുധനാഴ്ച വിധിച്ചത്. നിലവറകളുടെ മുന്‍പില്‍ 7 ദിവസത്തിനകം പൂജ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് കോടതി ഉത്തരവിട്ട് ഒരു ദിവസം തികയുന്നതിന് മുമ്പ് തന്നെ ഹിന്ദു പുരോഹിതന്‍ ഇവിടെ പുജ നടത്തുകയും ചെയ്തു.
നിലവറയിലേക്കു പ്രവേശിക്കുന്നതു തടയുന്ന വേലികൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നായിരുന്നു ജഡ്ജി എ.കെ. വിശ്വേശ് ജില്ലാഭരണകൂടത്തോട് ഉത്തരവിട്ടുത്. . എല്ലാ ഹിന്ദുക്കള്‍ക്കും നിലവറയില്‍ പ്രാർത്ഥിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹിന്ദു വിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ വിഷ്ണു ജെയിന്‍ പറഞ്ഞത്.
'വ്യാസ് കാ തഹ്ഖാന' എന്ന പേരിൽ പള്ളിസമുച്ചയത്തിന്റെ തെക്കേഭാഗത്തുള്ള നിലവറ 1993-ൽ മുലായം സിങ് യാദവ് യുപി മുഖ്യമന്ത്രിയായിരിക്കെ പൂട്ടി മുദ്രവെച്ചതായിരുന്നു. ബാബറി മസ്ജിദ് തകർത്തതിന് തൊട്ടുപിന്നാലെ സംഘർഷ സാഹചര്യങ്ങള്‍ ഒഴിവാക്കാനായിരുന്നു മുലായത്തിന്റെ നീക്കം. മുപ്പത് വർഷത്തിന് ശേഷം അന്ന് സ്ഥാപിച്ച നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസത്തെ കോടതി ഉത്തരവോടെ മാറ്റി.
കോടതി ഉത്തരവില്‍ പ്രതിഷേധിച്ചുകൊണ്ട് മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിലെ കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു. ജില്ലാ കോടതി ഉത്തരവിനെത്തുടർന്ന് വെള്ളിയാഴ്ച നമസ്കാരത്തിന് മുന്നോടിയായി വാരണാസി ജില്ലയിൽ പോലീസ് ജാഗ്രതാ നിർദ്ദേശവും നൽകി. പള്ളിയുടെ കാര്യങ്ങൾ നോക്കുന്ന അഞ്ജുമാൻ ഇൻ്റസാമിയ മസ്ജിദ് കമ്മിറ്റി വെള്ളിയാഴ്ച ടൗണിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പട്ടണത്തിലെ ദൽമാണ്ടി, നായ് സഡക്, നടേസർ, അർദൽ ബസാർ മേഖലകളിലെ മുസ്ലീം ആധിപത്യമുള്ള മാർക്കറ്റ് ഏരിയകളിൽ ബന്ദിൻ്റെ പ്രഭാവം ദൃശ്യമായിരുന്നു.












Click it and Unblock the Notifications