കടല്‍ക്കൊല: നാവികര്‍ക്കെതിരെ 'സുവ'
ദില്ലി: കേരള തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികരെ കടലിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള 'സുവ' നിയമ പ്രകാരം വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇതിന് അനുമതി നല്‍കിയത്.
സുവ നിയമ പ്രകാരം കടലില്‍ നടത്തുന്ന കൊലപാതകങ്ങള്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടത്. എന്നാല്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇന്ത്യ ഇറ്റലിക്ക് നേരത്തെ തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ തുടര്‍ നടപടികള്‍ ആശങ്കാകുലമാണ്.

നാവികരെ വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഇറ്റലി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ആഭ്യന്തരമന്ത്രാലയം സുവ പ്രകാരം വിചാരണ നടത്താന്‍ അനുമതി നല്‍കിയ കാര്യം പുറത്തറിയുന്നത്. ജനുവരി 17 വെള്ളിയാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇത് സംബന്ധിച്ച അനുമതി നല്‍കിയത്. പ്രശ്‌നം പരിഹരിക്കാന്‍ സുപ്രീം കോടതി രണ്ടാഴ്ചത്തെ സമയം കേന്ദ്ര സര്‍ക്കാരിന് അനുവദിച്ചിട്ടുണ്ട്.
കടല്‍ക്കൊല അന്വേഷണം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയും തമ്മിലുള്ള തര്‍ക്കം തീര്‍ന്നിട്ടില്ലെന്ന് വേണം കരുതാന്‍. കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെങ്കില്‍ സുവ പ്രകാരം കേസെടുക്കണം. കേരള പോലീസിന് കേസ് അന്വേഷിക്കാന്‍ അധികാരമില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയതാണ്. സുവ പ്രകാരം കേസെടുക്കാന്‍ നാവികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ട് എന്ന എന്‍ഐഎയുടെ വാദം ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ സുവയുടെ കാര്യത്തില്‍ തീരുമാനമാകാതെ കുറ്റ പത്രം സമര്‍പ്പിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി കോടതിയെ അറിയിച്ചത്. കോടതിയുടെ ഇടപെടലില്ലാതെ പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.















Click it and Unblock the Notifications