വ്യോമസേനയുടെ എയര്‍ഷോയ്ക്കിടെ തിക്കും തിരക്കും, 5 പേര്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന് മരിച്ചു
ചെന്നൈ: വ്യോമസേനയുടെ എയര്‍ഷോയ്ക്കിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. നൂറോലം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചെന്നൈയിലെ മറീന ബീച്ചിലായിരുന്നു എയര്‍ഷോ നടന്നത്. കാണികളില്‍ 93 പേരെയാണ് സൂര്യാഘാതമേറ്റും, നിര്‍ജലീകരണത്തെ തുടര്‍ന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.
ചികിത്സയ്ക്ക് ശേഷം ഭൂരിഭാഗം പേരും ആശുപത്രി വിട്ടുവെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. ഇന്ത്യന്‍ വ്യോമസേനയുടെ ആകാശ കരുത്ത് കാണിക്കാനുള്ള പരിപാടിയായിട്ടായിരുന്നു എയര്‍ ഷോ ഒരുക്കിയിരുന്നത്. എന്നാല്‍ കനത്ത താപനിലയും, അമിതമായ ജനക്കൂട്ടവും എയര്‍ഷോയെ ദുരന്തമാക്കി മാറ്റുകയായിരുന്നു.

ഞായറാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ വന്‍ ജനക്കൂട്ടം തന്നെ മറീന ബീച്ചില്‍ എയര്‍ഷോ കാണാനായി എത്തിയിരുന്നു. 92ാം വ്യോമസേന ദിനാഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു ഷോ സംഘടിപ്പിച്ചത്. എന്നാല്‍ കനത്ത ചൂടായിരുന്നു അനുഭവപ്പെട്ടത്. ചൂടിനെ നേരിടാന്‍ കുടയുമായിട്ടായിരുന്നു പലരും മറീന ബീച്ചിലെത്തിയത്.
സ്‌പെഷ്യല്‍ ഗരുഡ് ഫോഴ്‌സ് കമാന്‍ഡോസിന്റെ ഷോയും എയര്‍ഷോയിലുണ്ടായിരുന്നു. ഇതില്‍ ബന്ദിയാക്കപ്പെട്ട ഒരാളെ രക്ഷിക്കുന്ന ദൗത്യം എങ്ങനെയായിരിക്കുമെന്നാണ് പ്രദര്‍ശിപ്പിച്ചത്. ബീച്ചില്‍ പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ എയര്‍ ഷോ കാണാനായി എത്തിയിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് വ്യോമസേനയുടെ എയര്‍ഷോ നടക്കുന്നത്.
അതേസമയം ജനത്തിരക്ക് കൂടുതലായതോടെ നിരവധി പേര്‍ക്കാണ് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത്. അസഹനീയമായ ചൂടിനെ തുടര്‍ന്ന് ഏകദേശം 230 പേരാണ് തലകറങ്ങി വീണത്. ചെന്നൈ നഗരത്തില്‍ വലിയ ജനത്തിരക്കാണ് ഇതേ തുടര്‍ന്ന് അനുഭവപ്പെട്ടത്. ഒരു മണിയോടെ എയര്‍ഷോ കഴിഞ്ഞതോടെ വേഗത്തില്‍ വീടുകളിലെത്താന്‍ ആളുകള്‍ തിരക്ക് കൂട്ടുകയായിരുന്നു. ഇതും അപകടത്തിന് കാരണമായിട്ടുണ്ട്.
തിക്കും തിരക്കും അനുഭവപ്പെട്ടത് പലര്‍ക്കും ദേഹാസ്വാസ്ഥ്യത്തിന് വരെ കാരണമായി. അതോടൊപ്പം കടുത്ത താപനിലയും ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. നിരവധി പേര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് ഉദ്യോഗസ്ഥാന്‍ എഎന്‍ഐയോട് പറഞ്ഞു.
എയര്‍ഷോ കഴിഞ്ഞ് മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് മറീന ബീച്ചിന് സമീപമുള്ള ഗതാഗതം പുനസ്ഥാപിക്കാനായത്. കൃത്യമായ ആസൂത്രണവും മുന്നൊരുക്കവുമില്ലാതെയാണ് പരിപാടി നടത്തിയതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ഡിഎംകെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കടുത്ത വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ എടപ്പാടി പളനിസ്വാമി ആരോപിച്ചു.
അടിസ്ഥാന സൗകര്യം പോലും ഉറപ്പാക്കുന്നതില്‍ തമിഴ്്‌നാട് സര്‍ക്കാര്‍ പരാജയപ്പെട്ടു. ജനത്തിരക്ക് നിയന്ത്രിക്കുന്നതിലും വീഴ്ച്ചയുണ്ടായി. ആവശ്യത്തിന് പോലീസുകാര്‍ പോലും ഉണ്ടായിരുന്നില്ല. കുടിവെള്ളം പോലും അവിടെയുണ്ടായിരുന്നില്ല. തീര്‍ത്തും ഞെട്ടിപ്പിക്കുന്നതാണ്‌സംഭവിക്കുന്നത്. ഡിഎംകെ സര്‍ക്കാരിന്റെ വീഴ്ച്ചയെ അപലപിക്കുന്നതായും പളനിസ്വാമി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.












Click it and Unblock the Notifications