ഗുജറാത്തിൽ കോൺഗ്രസിന് തിരിച്ചടി;മുർമുവിന് വോട്ട് ചെയ്ത് 7 എംഎൽഎമാർ..പാർട്ടി വിടും?
ദില്ലി; നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി.കഴിഞ്ഞ ദിവസം നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി എം എൽ എമാർ എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് ക്രോസ് വോട്ട് ചെയ്തതാണ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. 7 പേരാണ് ക്രോസ് വേട്ട് ചെയ്തത്. ഇതോടെ നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് ഇവർ ബി ജെ പിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 121 വോട്ടുകളാണ് ദ്രൗപദി മുർമുവിന് ലഭിച്ചത്. 111 ബി ജെ പി 2 ഭാരതീയ ട്രൈബർ പാർട്ടി, ഒരു എൻ സി പി, 7 കോൺഗ്രസ് എം എൽ എ എന്നിങ്ങനെയായിരുന്നു വോട്ട് നില. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയ്ക്ക് 57 വോട്ടുകളാണ് ലഭിച്ചത്. 56 കോൺഗ്രസ് എം എൽ എമാരുടെ വോട്ടും സ്വതന്ത്ര എം എൽ എയായ ജിഗ്നേഷ് മേവാനിയുടെ വോട്ടുമാണ് യശ്വന്ത് സിൻഹയ്ക്ക് ലഭിച്ചത്. 182 അംഗ നിയമസഭയിൽ നാല് സീറ്റുകൾ ഒഴിഞ്ഞ് കിടക്കുകയാണ്.

ക്രോസ് വോട്ടിംഗ് ദൗർഭാഗ്യകരമായി പോയെന്ന് കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പാർട്ടി എം എൽ എമാർക്ക് വിപ്പ് നൽകാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഏത് സാഹചര്യത്തിലാണ് എം എൽ എമാർ ക്രോസ് വോട്ട് ചെയ്തതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. രഹസ്യ വോട്ട് ആയതിനാൽ തന്നെ ഏതൊക്കെ എം എൽ എമാരാണ് എൻ ഡി എയ്ക്ക് വേണ്ടി വോട്ട് ചെയ്തത് എന്ന് വ്യക്തമല്ല.അതേസമയം എം എൽ എമാരുടെ കാലുമാറ്റം കോൺഗ്രസ് ക്യാമ്പിന് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏത് നിമിഷവും ഇവർ പാർട്ടി വിട്ടേക്കാനുള്ള സാധ്യത തള്ളാൻ ആകില്ലെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 77 എം എൽ എമായിരുന്നു കോൺഗ്രസിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി എംഎൽഎമാർ രാജിവെച്ച് ബി ജെ പിയിൽ എത്തി. നിലവിൽ 64 എം എൽ എമാർ മാത്രമാണ് കോൺഗ്രസിനൊപ്പം ഉള്ളത്. ശക്തമായ ത്രികോണ പോരാട്ടത്തിന് കളമൊരുങ്ങുന്ന ഗുജറാത്തിൽ തുടക്കം മുതൽ തന്നെ തിരിച്ചടികളാണ് കോൺഗ്രസ് നേരിട്ടത്. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിൽ നിർണായകമായ ഹർദിക് പട്ടേൽ, പാർട്ടി വിട്ട് ബി ജെ പിയിൽ എത്തിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെ ഉയർത്തിക്കാട്ടുമെന്നുള്ള കാര്യത്തിലും കോൺ്രഗ്രസിൽ തീരുമാനമായിട്ടില്ല. സംസ്ഥാനത്തെ പ്രബല വിഭാഗമായ പട്ടേൽ സമുദായത്തിൽ നിന്നുള്ള വ്യവസായിയായ നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിച്ച് ഹർദിക്കിന്റെ കൂടുമാറ്റത്തിന് മറുപടി നൽകാമെന്ന് കോൺഗ്രസ് കണക്ക് കൂട്ടിയിരുന്നുവെങ്കിലും ആ നീക്കങ്ങളും പൊളിഞ്ഞിരുന്നു.ഇനിയും കൂടുതൽ നേതാക്കൾ പാർട്ടി വിടുന്ന സാഹചര്യം ഉണ്ടായാൽ അത് കോൺഗ്രസിന് സംബന്ധിച്ച് പരാജയത്തിന്റെ ആഴം കൂട്ടിയേക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

ഈ വർഷം അവസാനമാണ് സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസും ബി ജെ പിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനത്ത് ആം ആദ്മി പാർട്ടിയുടെ വരവോടെയാണ് ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങിയത്. കോൺഗ്രസിന് മുൻതൂക്കമുള്ള ഗ്രാമീണ മേഖലയിൽ കടന്ന് കയറാൻ ആം ആദ്മിക്ക് സാധിച്ചാൽ അത് ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അട്ടിമറി നീക്കമാകും. ന്യൂനപക്ഷ വോട്ടുകളും ആരെ തുണയ്ക്കുമെന്നത് നിർണായകമാണ്.
നസ്രിയ ഇങ്ങനെ ഇടയ്ക്കിടെ ഞെട്ടിക്കും..എങ്ങനെയെന്നല്ലേ? ഈ ഫോട്ടോസ് കണ്ടുനോക്കൂ...വൈറൽ












Click it and Unblock the Notifications