'റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം ഇന്ത്യ ആക്രമിച്ചു'; സ്ഥിരീകരിച്ച് പാക് പ്രധാനമന്ത്രി
ഓപ്പറേഷൻ സിന്ദൂറിൽ റാവല്‍പിണ്ടി നൂര്‍ഖാന്‍ വ്യോമതാവളം അടക്കമുള്ള സു്പ്രധാന കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചുവെന്ന സ്ഥിരീകരണവുമായി പാക്കിസ്ഥാൻ. സൈനിക മേധാവിയാണ് തന്നെ ഇക്കാര്യം അറിയിച്ചതെന്നും കടുത്ത ആശങ്കയ്ക്ക് വഴിവെച്ച സംഭവമായിരുന്നു ഇതെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു. ഇതാദ്യമായാണ് തങ്ങളുടെ വ്യോമത്താവളങ്ങളിൽ മിസൈൽ പതിച്ചു എന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്.

'ജനറൽ മുനീർ എന്നെ വിളിക്കുന്നത് പുലർച്ച് 2.30 നാണ്. വളരെ അധികം ആശങ്ക ഉണ്ടാക്കിയ നിമിഷമാണത്', ഷഹബാസ് പറഞ്ഞു. കാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ സമാധാനപരമായ അയൽക്കാരെ പോലെ ഒരു മേശക്ക് ചുറ്റുമിരുന്ന് ഇന്ത്യയും പാക്കിസ്ഥാനും പരിഹരിക്കണമെന്നും പാക് പ്രധാനമന്ത്രി പ്രതികരിച്ചു. നമ്മുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ മേഖലയിൽ സമാധാനം സാധ്യമാകില്ല. സമാധാനം സാധ്യമായാൽ ഭീകരവാദത്തിനെതിരായ പ്രവർത്തനങ്ങളിലും നമ്മുക്ക് സഹകരിക്കാം', അദ്ദേഹം വ്യക്തമാക്കി. അതേസമയം ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് ഷഹബാസ് ഷരീഫ് സംസാരിക്കുന്ന വീഡിയോ ബിജെപി ഐടി തലവൻ അമിത് മാളവ്യ പങ്കുവെച്ചിട്ടുണ്ട്.
'പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് തന്നെ തന്നെ സമ്മതിക്കുന്നു റാവൽപിണ്ടിയിലെ നൂർഖാൻ വ്യോമതാവളം അടക്കം പല സുപ്രധാന കേന്ദ്രങ്ങളും ഇന്ത്യ ആക്രമിച്ചെന്ന് സൈനിക മേധാവ ജനറൽ അസിം മുനീർ പുലർച്ചെ തന്നെ വിളിച്ച് അറിയിച്ചെന്ന്. അതായത് ഇന്ത്യ പാക്കിസ്ഥാന്റെ സുപ്രധാന പ്രദേശങ്ങൾ ആക്രമിച്ചെന്ന് പുലർച്ചെ ഉറക്കത്തിനിടയിലാണ് പാക് പ്രധാനമന്ത്രി അറിഞ്ഞതെന്ന്. ഓപ്പറേഷൻ സിന്ദൂരിന്റെ" വ്യാപ്തി, കൃത്യത, ധൈര്യം ഇതെല്ലാം ഈ പ്രതികരണത്തിലൂടെ വെളിവാകുന്നുണ്ട്', മാളവ്യ എക്സിൽ കുറിച്ചു.
പഹൽഗാം ആക്രമണത്തിന് കനത്ത തിരിച്ചടിയായാണ് പാക്കിസ്ഥാനെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വെച്ചായിരുന്നു നടപടി. 100 ഓളം ഭീകരരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഇന്ത്യ പിന്നീട് സ്ഥിരീകരിച്ചിരുന്നു. ഭീകരവാദത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയും ഇന്ത്യ നടത്തില്ലെന്നും ഇനിയും ഇത്തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായാൽ കനത്ത തിരിച്ചടി തന്നെ നൽകുമെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ അതിര്‌ത്തിയിൽ ദിവസങ്ങളോളം പാകിസ്ഥാൻ പ്രകോപനം നടത്തിയിരുന്നു. ഇന്ത്യൻ പ്രദേശങ്ങൾക്ക് നേരെ ഷെല്ലാക്രമണവും പാകിസ്ഥാൻ നടത്തി. നിരവധി ഇന്ത്യക്കാർ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. അതേസമയം പ്രശ്നം രൂക്ഷമായതോടെ പാക്കിസ്ഥാൻ ഇങ്ങോട്ട് വിളിച്ച് വെടിനിർത്തലിന് അഭ്യർത്ഥിക്കുകയായിരുന്നുവെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.












Click it and Unblock the Notifications