14 മാധ്യമപ്രവര്‍ത്തകരെ ഇന്ത്യ സഖ്യം ബഹിഷ്‌കരിക്കും; പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ നിര്‍ണായക തീരുമാനമെടുത്ത് ഇന്ത്യ പ്രതിപക്ഷ സഖ്യം. 14 ടിവി അവതാരകരെ ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഇവരുടെ പരിപാടികളില്‍ പങ്കെടുക്കില്ല. ഇവര്‍ അവതാരകരായി വരുന്ന പരിപാടികളെല്ലാം ബഹിഷ്‌കരിക്കാന്‍ ഇന്ത്യ സഖ്യത്തില്‍ ഔദ്യോഗിക തീരുമാനമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യ സഖ്യത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തില്‍ സഖ്യത്തിന്റെ മീഡിയ ഗ്രൂപ്പിനോട് ഇത്തരത്തില്‍ ബഹിഷ്‌കരിക്കേണ്ട അവതാരകരെ തീരുമാനിക്കാന്‍ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ഈ പട്ടിക പുറത്തുവിട്ടത്. ഇന്ന് ഞങ്ങളൊരു തീരുമാനമെടുത്തത്. ചില അവതാരകരെയും, അവരുടെ പരിപാടികളെയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദ്വേഷത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സമീപനം സമൂഹത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

ഇവര്‍ ഞങ്ങളുടെ നേതാക്കള്‍ക്കെതിരെ തലക്കെട്ടുകള്‍ ഉണ്ടാക്കുന്നു, ട്രോളുകള്‍ ഉണ്ടാക്കുന്നു, പ്രസംഗം വളച്ചൊടിക്കുന്നു, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അതിനെതിരെ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷേ നിങ്ങള്‍ സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തിയാല്‍, അതിന്റെ ഭാഗമാകാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും പവന്‍ ഖേര പറഞ്ഞു. തീര്‍ത്തും വിഷമകരമായ തീരുമാനമാണിത്. ഈ അവതാരകരെ ഞങ്ങള്‍ വെറുക്കുന്നില്ല. അവരോട് എതിര്‍പ്പുമില്ല. പക്ഷേ ഞങ്ങള്‍ രാജ്യത്തെ കൂടുതലായി സ്‌നേഹിക്കുന്നുണ്ട്. ഞങ്ങള്‍ ഭാരതത്തെ സ്‌നേഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി കോണ്‍ഗ്രസിനെ ഈ വിഷയത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. കോണ്‍ഗ്രസിന് മാധ്യമങ്ങളെ വേട്ടയാടുന്ന കാര്യത്തില്‍ വലിയ ചരിത്രം തന്നെയുണ്ടെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ആരോപിച്ചു. മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ കോണ്‍ഗ്രസ് പലതവണ ശ്രമിച്ചിട്ടുണ്ട്. കാരണം ആ മാധ്യമങ്ങളുടെയോ, മാധ്യമപ്രവര്‍ത്തകരുടെയോ ആശയങ്ങള്‍ അവര്‍ക്ക് അംഗീകരിക്കാനാവാത്തത് കൊണ്ടാണ്. ജവഹര്‍ലാല്‍ നെഹ്‌റു അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടയാളാണ്. അദ്ദേഹത്തെ വിമര്‍ശിച്ചവരെ അറസ്റ്റ് ചെയ്തവരാണ് അദ്ദേഹം.
ഇന്ദിരാ ഗാന്ധിക്കാണ് ഇക്കാര്യത്തില്‍ സ്വര്‍ണ മെഡല്‍. അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ചവരാണ് ഇന്ദിര. രാജീവ് ഗാന്ധി മാധ്യമങ്ങളെ സര്‍ക്കാരിന് കീഴില്‍ കൊണ്ടുവരാന്‍ നോക്കി പരാജയപ്പെട്ടതാണ്. സോണിയാ ഗാന്ധിയുടെ യുപിഎ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളെ നിരോധിച്ചതാണ്. കോണ്‍ഗ്രസിന് അവരുടെ ആശയങ്ങളെ ഇഷ്ടപ്പെടാത്തത് കൊണ്ടായിരുന്നു ഈ നിരോധനമെന്നും നദ്ദ പറഞ്ഞു.
എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്‍രെ ഭവനത്തില്‍ വെച്ചായിരുന്നു ഇന്ത്യ സഖ്യത്തിന്റെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഒരു വിഭാഗം മാധ്യമങ്ങള്‍ വിദ്വേഷങ്ങള്‍ പടര്‍ത്തുന്നുവെന്ന് നേരത്തെ തന്നെ പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് വളരെ ചെറിയ കവറേജാണ് ഒരു വിഭാഗം മാധ്യമങ്ങള്‍ നല്‍കിയതെന്ന് നേരത്തെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടായിരുന്നു ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.












Click it and Unblock the Notifications