പിടി തരാതെ കോവിഡ്, രോഗവ്യാപനം രൂക്ഷം; കഴിഞ്ഞ 24 മണിക്കൂറിൽ 2,95,041 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു
നിലവിൽ 21,57,538 പേരാണ് കോവിഡ് ബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം നിയന്ത്രിക്കാനാകാതെ അധികൃതർ. പ്രതിദിന പോസ്റ്റിവ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,95,041 പേർക്കുകൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിൽ വൈറസ് ബാധ കണ്ടെത്തുമെന്നാണ് കരുതുന്നത്.
അതേസമയം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,67,457 പേർ രോഗമുക്തി നേടി. നിലവിൽ 21,57,538 പേരാണ് കോവിഡ് ബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിലുള്ളത്. ഇതുവരെ ഇന്ത്യയിൽ മാത്രം 1,56,16,130 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 1,32,76,039 പേർ രോഗമുക്തി നേടി. 1,82,553 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ സ്ഥിരീകരിച്ച 2023 മരണവും ഉൾപ്പെടുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡിന്റെ പിടിയിലാണ്. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ഭോപ്പാൽ, കൊൽക്കത്ത, അലഹബാദ്, സൂറത്ത് എന്നിവിടങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ ബെഡുകൾക്ക് ക്ഷാമം നേരിടുന്നുണ്ട്. രാജ്യത്ത് ഓക്സിജൻ ക്ഷാമവും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്നലെ വ്യക്തമാക്കിയിരുന്നു.
മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം അതീവരൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. 62097 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെ മഹാരാഷ്ട്രയിൽ മാത്രം 39,60,359 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടാം സ്ഥാനത്തുള്ള കേരളത്തിൽ 11,97,301 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കർണാടകയിലും തമിഴ്നാട്ടിലും സമാന സ്ഥിതി തുടരുകയാണ്.
കേരളത്തിൽ ചൊവ്വാഴ്ച 19,577 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന പോസ്റ്റീവ് കേസുകളുടെ എണ്ണത്തിലെ ഏറ്റവും വലിയ വർധനവാണിത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4978 ആയി. സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.45 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3880 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,18,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,48,671 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
അതേസമയം രാജ്യത്ത് ലോക്ക് ഡൗൺ നടപ്പാക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. നിലവിൽ രാജ്യം അടച്ച് പൂട്ടേണ്ട സാഹചര്യം ഇല്ല. ലോക്ക് ഡൗൺ അവസാന ഉപാധിയായി മാത്രമേ സംസ്ഥാനങ്ങളും നടപ്പാക്കാവൂ. മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ടുലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി മുപ്പത്തിയഞ്ച് ലക്ഷത്തിന് മുകളിലെത്തി. ആകെ മരണസംഖ്യ മൂന്നര ലക്ഷം കടന്നു. പന്ത്രണ്ട് കോടിയിലേറെ പേർ രോഗമുക്തി നേടി. അമേരിക്ക തന്നെയാണ് രോഗികളുടെ എണ്ണത്തിൽ മുന്നിൽ. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.












Click it and Unblock the Notifications