യുഎസിന്റെ ഭീഷണി, കുലുങ്ങാതെ ഇന്ത്യ; പക്ഷെ ആ കണക്കിൽ ആശങ്ക സൗദിക്കും കുവൈത്തിനും യുഎഇക്കും
ഈ വർഷം റഷ്യയുടെ ക്രൂഡ് ഓയിൽ ബ്രാന്റായ യൂറൽസ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്തത് ഇന്ത്യ. റഷ്യൻ എണ്ണയുടെ 80 ശതമാനമാണ് ഇന്ത്യ വാങ്ങിയത്. കെപ്ലറിനെ ഉദ്ധരിച്ചുള്ള ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ജൂൺ 24 ഓടെ ഇന്ത്യ 231 ദശലക്ഷം ബാരൽ യുറൽസ് ആണ് ഇറക്കുമതി ചെയ്തത്. സ്വകാര്യ എണ്ണവിതരണക്കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും നയാര എനർജിയുമാണ് ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയതെന്നും റിപ്പോർട്ടിൽ പറയുന്നു. 45 ശതമാനത്തോളം എണ്ണയാണ് ഇരുകമ്പനികളും ചേർന്ന് ഇറക്കുമതി ചെയ്തത്. ഈ വർഷം ഇതുവരെ റിലയൻസ് മാത്രം വാങ്ങിക്കൂട്ടിയത് 77 മില്യൺ ബാരലാണ്.
ജൂണിൽ പ്രതിദിനം 22 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇറാഖ്, സൗദി, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നും ആകെ ഇറക്കുമതി ചെയ്യുന്ന പ്രതിദിന ശരാശരിയേക്കാൾ കൂടുതലുമാണിത്. മെയ് മാസത്തിൽ 1.85 ബാരൽ വെച്ചായിരുന്നു ഇന്ത്യയുടെ ഇറക്കുമതി. ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ പ്രതിസന്ധിയുണ്ടായേക്കുമെന്ന ആശങ്ക ഇന്ത്യക്കുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർധിപ്പിച്ചത്.

നിലവിൽ രാജ്യത്തിന് ആവശ്യമായ അസംസ്കൃത എണ്ണയുടെ 40 ശതമാനം റഷ്യയിൽ നിന്നുാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ശേഷിക്കുന്ന 40 ശതമാനം സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് വാങ്ങുന്നത്. ഇറാൻ ഇസ്രായേൽ സംഘർഷം കടുത്താൽ ഗൾഫ് മേഖലയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ കയറ്റുമതി നടക്കുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചേക്കുമെന്ന വിലയിരുത്തലിനെ തുടർന്ന് ഗൾഫ് മേഖലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് റഷ്യയിൽ നിന്നും കൂടുതൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്.
എന്തുകൊണ്ട് റഷ്യ?
യുക്രൈൻ- റഷ്യ സംഘർഷത്തിന് മുൻപ് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വെറും രണ്ട് ശതമാനം മാത്രമായിരുന്നു. യുക്രൈനെതിരായ ആക്രമണത്തെ തുടർന്ന് റഷ്യയ്ക്ക് മേൽ യുഎസും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ഉപരോധം ഏർപ്പെടുത്തി. ഇതോടെ തങ്ങളുടെ എണ്ണ റഷ്യ ചൈനയ്ക്കും ഇന്ത്യയ്ക്കുമടക്കം വില കുറച്ച് നൽകി കുറഞ്ഞ വിലയിൽ ക്രൂഡ് ഓയിൽ കിട്ടുന്നുവെന്നത് ഇന്ത്യയെ റഷ്യയിലേക്ക് അടുപ്പിച്ചു.
വാളെടുത്ത് യുഎസ്, കുലുങ്ങാതെ ഇന്ത്യ
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 500 ശതമാനം ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുമെന്ന ഭീഷണി നേരത്തേ യുഎസ് ഉയർത്തിയിരുന്നു. ഇത് സംബന്ധിച്ച ബിൽ യുഎസ് സെനറ്റർ റിച്ചാർഡ് ബ്ലുമെന്താൽ ഉടൻ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. യുക്രൈനിൽ വെടിനിർത്തലിന് തയ്യാറാകണമെന്ന് യുഎസ് റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യത്തോട് അനുകൂല നിലപാടല്ല റഷ്യയും പുടിനും സ്വീകരിച്ചത്. ഇതാണ് യുഎസിനെ ചൊടിപ്പിച്ചത്. ഇറക്കുമതി ചുങ്കം ഏർപ്പെടുത്തി റഷ്യയെ സാമ്പത്തികമായി ഞെരുക്കാൻ ലക്ഷ്യമിട്ടാണ് യുഎസിന്റെ ഇപ്പോഴത്തെ നീക്കം. എന്നാൽ ഇറക്കുനതി തീരുവ ഏർപ്പെടുത്തുമെന്ന വാർത്തകളോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല യുക്രൈൻ യുദ്ധം സംബന്ധിച്ച നിലപാടും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കണമെന്നും പുതിയ കാലത്തിന് യോജിച്ച നടപടിയല്ല എമ്നായിരുന്നു കേന്ദ്രം അറിയിച്ചത്.












Click it and Unblock the Notifications