ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്; സിബിഐക്ക് പിന്നാലെ ഇഡിയും അന്വേഷണത്തിന്
ദില്ലി: സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( സി ബി ഐ ) ഫയല്‍ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എ ബി ജി ഷിപ്പ്യാര്‍ഡ് ലിമിറ്റഡിനും അതിന്റെ മുന്‍ പ്രൊമോട്ടര്‍മാര്‍ക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചു.
എബിജി ഷിപ്പ്യാര്‍ഡും അതിന്റെ മുന്‍ ഡയറക്ടര്‍മാരായ ഋഷി അഗര്‍വാള്‍, സന്താനം മുത്തുസ്വാമി, അശ്വിനി കുമാര്‍ എന്നിവരും 28 ബാങ്കുകളില്‍ നിന്ന് 22,842 കോടി രൂപ തട്ടിയെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം നടക്കുന്നതിനിടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

എ ബി ജി ഷിപ്പ്യാര്‍ഡിന്റെ പ്രമോട്ടര്‍മാര്‍ വായ്പകള്‍ 98 അനുബന്ധ കമ്പനികള്‍ക്ക് വകമാറ്റിയെന്നാണ് സിബിഐയുടെ ആരോപണം. ബാങ്ക് വായ്പാ ഫണ്ടുകളുടെ വകമാറ്റല്‍, പൊതുപണം വെളുപ്പിക്കാന്‍ ഷെല്‍ സ്ഥാപനങ്ങള്‍ സൃഷ്ടിച്ചത്, ഇതില്‍ കമ്പനി എക്‌സിക്യൂട്ടീവുകളുടെ പങ്ക് എന്നിവയാണ് ഇ ഡി അന്വേഷണത്തില്‍ പരിശോധിക്കുക. വരും ദിവസങ്ങളില്‍ മുന്‍ ഡയറക്ടര്‍മാരെ ചോദ്യം ചെയ്യുന്നതിനായി ഇ ഡി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്നാണ് സൂചന.

കപ്പല്‍ നിര്‍മ്മാണത്തിലും കപ്പല്‍ നന്നാക്കലിലും ഏര്‍പ്പെട്ടിരിക്കുന്ന എ ബി ജി ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയാണ് എ ബി ജി ഷിപ്പ്യാര്‍ഡ്. ഗുജറാത്തിലെ ദഹേജിലും സൂറത്തിലുമാണ് കപ്പല്‍ശാലകള്‍ സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് വായ്പ തട്ടിപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംഭവത്തില്‍ ഈ ആഴ്ചയാണ് സിബിഐ കേസ് ഫയല്‍ ചെയ്തത്. രാജ്യം വിടുന്നത് തടയാന്‍ കമ്പനിയുടെ മേധാവികള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതി പ്രകാരം കമ്പനി ബാങ്കിന് 2,925 കോടി രൂപയും ഐ സി ഐ സി ഐ ബാങ്കിന് 7,089 കോടി രൂപയും ഐ ഡി ബി ഐ ബാങ്കിന് 3,634 കോടി രൂപയും ബാങ്ക് ഓഫ് ബറോഡയ്ക്ക് 1,614 കോടി രൂപയും പി എന്‍ ബിക്ക് 1,244 രൂപയും ഐ ഒ ബിക്ക്
1,228 രൂപയും നല്‍കാനുണ്ട്. ഈ ഫണ്ടുകള്‍ വകമാറ്റി ചെലവഴിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. 2019 ഏപ്രിലിനും 2020 മാര്‍ച്ചിനും ഇടയില്‍ കണ്‍സോര്‍ഷ്യത്തിന്റെ വിവിധ ബാങ്കുകള്‍ എബിജി ഷിപ്പ്യാര്‍ഡിന്റെ അക്കൗണ്ട് തട്ടിപ്പാണെന്ന് പ്രഖ്യാപിച്ചതായി സി ബി ഐ പ്രസ്താവനയില്‍ പറഞ്ഞു.

എ ബി ജി ഷിപ്പ്യാര്‍ഡ് അതിന്റെ ബന്ധപ്പെട്ട കക്ഷികള്‍ക്ക് വന്‍തോതില്‍ കൈമാറ്റം ചെയ്യുകയും പിന്നീട് അഡ്ജസ്റ്റ്‌മെന്റ് എന്‍ട്രികള്‍ നടത്തുകയും ചെയ്തതാണ് തട്ടിപ്പിന് പ്രധാന കാരണം. ബന്ധപ്പെട്ട കക്ഷികളുടെ പേരില്‍ ഭീമമായ സ്വത്തുക്കള്‍ വാങ്ങാന്‍ ഫണ്ട് വകമാറ്റി. രേഖകള്‍ പരിശോധിക്കുമ്പോഴും പ്രാഥമിക അന്വേഷണത്തിലും നിര്‍ണായക കാലയളവ് 2005-2012 ആയിരുന്നു സി ബി ഐ വ്യക്തമാക്കി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് 13 ഓളം സ്ഥലങ്ങളില്‍ സി ബി ഐ റെയ്ഡ് നടത്തിയിട്ടുണ്ട്. എ ബി ജി എസ് എല്‍ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഋഷി കമലേഷ് അഗര്‍വാള്‍ , മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സന്താനം മുത്തസ്വാമി , ഡയറക്ടര്‍മാരായ അശ്വിനി കുമാര്‍ , സുശീല്‍ കുമാര്‍ അഗര്‍വാള്‍ , രവി വിമല്‍ നെവാതിയ എന്നിവര്‍ക്കെതിരൊണ് സി ബി ഐ അന്വേഷണ ഏജന്‍സി കേസെടുത്തിട്ടുള്ളത്. സൂറത്ത് , ബറൂച്ച് , മുംബൈ , പൂനെ എന്നിവിടങ്ങളിലെ പ്രതികളുടെ 13 സ്ഥലങ്ങളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.












Click it and Unblock the Notifications