'ആദ്യം സ്വന്തം രാജ്യത്തെ കാര്യം നോക്ക്'; ആയത്തുള്ള അലി ഖമേനിയോട് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലീങ്ങളെക്കുറിച്ചുള്ള ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. നബിദിനത്തോട് അനുബന്ധിച്ച് എക്സില്‍ പങ്ക് വെച്ച പോസ്റ്റില്‍ ആയത്തുള്ള അലി ഖമേനി ഇന്ത്യന്‍ മുസ്ലിങ്ങളെ ഗാസയിലുള്ളവരുടെ കഷ്ടപ്പാടുകളുമായി ബന്ധിപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
'ഇറാന്‍ പരമോന്നത നേതാവ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് നടത്തിയ അഭിപ്രായങ്ങളെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇവ തെറ്റായ വിവരങ്ങളുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങള്‍ മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും നിരീക്ഷണങ്ങള്‍ നടത്തുന്നതിന് മുമ്പ് സ്വന്തം ചരിത്രം പരിശോധിക്കുന്നത് നല്ലതായിരിക്കും,' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

മ്യാന്‍മറിലോ, ഗാസയിലോ, ഇന്ത്യയിലോ, മറ്റെവിടെയെങ്കിലുമോ ഒരു മുസ്ലീം അനുഭവിക്കുന്ന യാതനകള്‍ നാം മറന്നാല്‍, നമുക്ക് സ്വയം മുസ്ലീങ്ങളായി കണക്കാക്കാനാവില്ലെന്നായിരുന്നു ആയത്തുള്ള അലി ഖമേനിയുടെ ട്വീറ്റ്. ഇസ്ലാമിന്റെ ശത്രുക്കള്‍ എല്ലായ്പ്പോഴും ഒരു ഇസ്ലാമിക സമൂഹം എന്ന നിലയില്‍ നമ്മുടെ വ്യക്തിത്വത്തിന്റെ കാര്യത്തില്‍ ഞങ്ങളെ നിസ്സംഗരാക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള തീരുമാനത്തിനെതിരെയും ആയത്തുള്ള അലി ഖമേനി രംഗത്തെത്തിയിരുന്നു. കശ്മീരിലെ മുസ്ലീങ്ങളുടെ സാഹചര്യത്തില്‍ തങ്ങള്‍ ആശങ്കപ്പെടുന്നു എന്നായിരുന്നു അന്ന് ഖമേനി പറഞ്ഞത്. ഇറാനും ഇസ്രായേലും തമ്മിലുള്ള ശത്രുത വര്‍ദ്ധിക്കുന്നതിനിടയിലാണ് ആയത്തുള്ള അലി ഖമേനിയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ ഇന്ത്യ ഇരു രാജ്യങ്ങളുമായി അടുത്ത ബന്ധമാണ് പങ്കിടുന്നത്. ഇസ്രായേലുമായി പ്രതിരോധത്തിന്റെയും സുരക്ഷയുടെയും കാര്യത്തിലുള്ള തന്ത്രപരമായ ബന്ധം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ 80 ശതമാനം എണ്ണയും പശ്ചിമേഷ്യയില്‍ നിന്നാണ് വരുന്നത്. ഇറാനിലെ തന്ത്രപ്രധാനമായ ചബഹാര്‍ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുത്തിരുന്നു. അടുത്ത പത്ത് വര്‍ഷത്തേക്കുള്ള തുറമുഖ നടത്തിപ്പിനുള്ള കരാറില്‍ ഇരു രാജ്യങ്ങളും ഇക്കഴിഞ്ഞ മെയ് മാസം ഒപ്പുവെച്ചിരുന്നു.
അതിനിടെ ഖമേനിയുടെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ റൂവന്‍ അസര്‍ രംഗത്തെത്തി. സ്വന്തം ജനതയുടെ കൊലയാളിയും അടിച്ചമര്‍ത്തുന്നവനുമാണ് ഖമേനി എന്ന് അസര്‍ കുറ്റപ്പെടുത്തി. ഇസ്രായേലിലെയും ഇന്ത്യയിലെയും എല്ലാ ജനാധിപത്യ രാജ്യങ്ങളിലെയും മുസ്ലീങ്ങള്‍ സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട് എന്നും എന്നാല്‍ അത് ഇറാനില്‍ നിഷേധിക്കപ്പെടുകയാണ് എന്നും അസര്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications