എന്‍സിപിക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമാകും..? നിര്‍ണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ: ശരദ് പവാറിന്റെ എന്‍ സി പി (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) യുടെ 'ദേശീയ പാര്‍ട്ടി' പദവി അവലോകനം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. എന്‍ സി പി പ്രതിനിധിയുടെ ആവശ്യപ്രകാരം തീരുമാനം പുനപരിശോധിക്കണം എന്ന ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വാദം കേള്‍ക്കും. ദേശീയ പാര്‍ട്ടി പദവി ആകുന്നതിന് വേണ്ട മാനദണ്ഡങ്ങള്‍ എന്‍ സി പിക്ക് ഇല്ല എന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പിലോ നാലോ അതിലധികമോ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലോ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഏറ്റവും കുറഞ്ഞത് ആറ് ശതമാനം വോട്ട് നേടിയാല്‍ ആണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ദേശീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുക. 3 സംസ്ഥാനങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒരു പാര്‍ട്ടി ലോക്‌സഭയില്‍ 3 ശതമാനം സീറ്റ് നേടിയാലും ദേശീയ പാര്‍ട്ടി പദവി ലഭിക്കും.
ദേശീയ പാര്‍ട്ടി പദവി ലഭിക്കാന്‍ പാര്‍ട്ടികള്‍ ഈ നിബന്ധനകള്‍ ഏതെങ്കിലും ഒന്ന് പാലിച്ചാല്‍ മതി. ദേശീയ പാര്‍ട്ടി പദവി ലഭിച്ചാല്‍ അവര്‍ക്ക് സംസ്ഥാനങ്ങളിലുടനീളം ഒരു പൊതുചിഹ്നം, ദല്‍ഹിയില്‍ പാര്‍ട്ടി ഓഫീസിനുള്ള ഇടം, തെരഞ്ഞെടുപ്പ് സമയത്ത് പൊതുചാനലില്‍ സൗജന്യ പ്രക്ഷേപണം എന്നിവ ലഭിക്കും.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം എന്‍ സി പിക്കും മായാവതിയുടെ ബി എസ് പിക്കും സി പി ഐക്കും ദേശീയ പാര്‍ട്ടി പദവി നഷ്ടമാകേണ്ടതായിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മയപ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ട് തെരഞ്ഞെടുപ്പിന് ശേഷം പ്രസ്തുത പാര്‍ട്ടികളുടെ നില അവലോകനം ചെയ്ത ശേഷം തീരുമാനമെടുക്കാം എന്നും അറിയിക്കുകയായിരുന്നു.
2019 ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം സി പി ഐയുടെയും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ദേശീയ പാര്‍ട്ടി പദവി ചര്‍ച്ചകള്‍ക്കൊപ്പം എന്‍സിപിയുടെ ദേശീയ പാര്‍ട്ടി പദവിയും വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ അവലോകനത്തിന് വന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തല്‍സ്ഥിതി തുടരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും തീരുമാനിക്കുകയായിരുന്നു.
Skin Care: വെളുക്കാന്‍ തേച്ചത് പാണ്ടാകും, ചര്‍മ്മ സംരക്ഷണത്തിന് ഇവയൊരിക്കലും ഉപയോഗിക്കരുത്
1968 ലെ ചിഹ്നങ്ങളുടെ ഉത്തരവ് പ്രകാരം, ദേശീയ പദവി നഷ്ടപ്പെട്ട ഒരു പാര്‍ട്ടിക്ക് രാജ്യത്തുടനീളം ഒരു പൊതു ചിഹ്നം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമില്ല എന്നാണ് പറയുന്നത്. എന്‍ സി പിയുടെ പ്രാതിനിധ്യം ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍, സംസ്ഥാന പാര്‍ട്ടിയായി അംഗീകരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ മാത്രമേ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോഗിക്കാന്‍ കഴിയൂ.
അതേസസമയം 'ദേശീയ പാര്‍ട്ടി' പദവി അവലോകനം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ 2016-ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഷ്‌കരിച്ചിരുന്നു. ഇത് പ്രകാരം അഞ്ച് വര്‍ഷത്തിന് പകരം 10 വര്‍ഷം കൂടുമ്പോള്‍ ആണ് പാര്‍ട്ടികളുടെ ദേശീയ പദവി സംബന്ധിച്ച കാര്യത്തില്‍ ഒരു അവലോകനം നടത്തി വരുന്നത്.


Click it and Unblock the Notifications