ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് ഇന്ത്യ; 'പലസ്തീന്‍ നിലപാടില്‍ മാറ്റമില്ല'
ന്യൂദല്‍ഹി: ഇസ്രായേലില്‍ ഹമാസ് നടത്തിയത് ഭീകരാക്രമണമെന്ന് ഇന്ത്യ. 1948 ല്‍ രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമാണ് ഹമാസ് ഇസ്രായേല്‍ സിവിലിയന്മാരെ ലക്ഷ്യമിട്ട് നടത്തിയത് എന്ന് ഇന്ത്യ പറഞ്ഞു. അതേസമയം പലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഖ്യാപിത നയത്തില്‍ നിന്ന് മാറ്റമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
''ഇസ്രായേലുമായി ചേര്‍ന്ന് സുരക്ഷിതവും അംഗീകൃതവുമായ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന പലസ്തീനിന്റെ പരമാധികാരവും സ്വതന്ത്രവും പ്രായോഗികവുമായ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്,' അരിന്ദം ബാഗ്ചി പറഞ്ഞു. ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ പരിക്കേറ്റ മലയാളി ഷീജയുമായി ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നുമാണ് വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.

ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ച ഓപ്പറേഷന്‍ അജയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓപ്പറേഷന്‍ അജയ് ദൗത്യത്തിന് തല്‍ക്കാലം വ്യോമസേന വിമാനങ്ങള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നും ആദ്യ വിമാനം ഇസ്രയേലിലേക്ക് പുറപ്പെട്ടുവെന്നും മന്ത്രാലയം അറിയിച്ചു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനുള്ള പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ശേഷം ചൊവ്വാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി മോദി ഫോണില്‍ സംസാരിച്ചിരുന്നു. 'ഈ ദുഷ്‌കരമായ സമയത്ത് ഇന്ത്യയിലെ ജനങ്ങള്‍ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു', എന്നായിരുന്നു മോദി പറഞ്ഞിരുന്നത്.
ഭീകരവാദത്തെ അതിന്റെ എല്ലാ തലത്തിലും ഇന്ത്യ അപലപിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നു എന്നും സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു എന്ന സൂചനയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ ഉണ്ടായിരുന്നത്. 230 പേരെയാണ് ഇന്ത്യ നാളെ ഇസ്രയേലില്‍ നിന്ന് എത്തിക്കുന്നത്.
ഇതില്‍ ഭൂരിപക്ഷവും വിദ്യാര്‍ത്ഥികളാണ്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓപ്പറേഷന്‍ ദേവി ശക്തി, യുക്രൈനില്‍ നിന്ന് ഓപ്പറേഷന്‍ ഗംഗ എന്നീ രണ്ട് ദൗത്യങ്ങള്‍ക്ക് ശേഷമാണ് ഇസ്രയേല്‍ ദൗത്യത്തിലേക്ക് ഇന്ത്യ കടന്നിരിക്കുന്നത്. ഇസ്രായേലുമായി അടുത്ത ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. മോദിയും നെതന്യാഹുവും തമ്മിലുള്ള വ്യക്തിപരമായ ബന്ധവും ഇതിന് കാരണമാണ്. അതേസമയം ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ മരണസംഖ്യ നാലായിരത്തോട് അടുത്തിരിക്കുകയാണ്. പരിക്കേറ്റവരുടെ നില 10000 ത്തിലെത്തി.












Click it and Unblock the Notifications