'ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും; നയങ്ങൾ തയ്യാറാക്കിയത് പുറത്തുള്ളവർക്ക് വേണ്ടി'
ശ്രീനഗർ: ജമ്മു കാശ്മീരിൽ ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇവിടെ നയങ്ങൾ രൂപീകരിച്ചിരിക്കുന്നത് പുറത്തുള്ളവർക്ക് വേണ്ടിയാണെന്ന് അവർ വിമർച്ചു. കോൺഗ്രസ് അധികാരത്തിലേറിയാൽ ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്നും അവർ പറഞ്ഞു. ഇതാദ്യമായാണ് പ്രിയങ്ക മേഖലയിൽ പ്രചരണത്തിന് എത്തുന്നത്.
'പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങളുടെ സംസ്ഥാന പദവി കവർന്നെടുത്തു. റെയിൽവേ സ്റ്റേഷനെക്കുറിച്ചോ ഈഫൽ ടവർ പോലുള്ള ചെനാബ് റെയിൽവേ പാലത്തെക്കുറിച്ചോ പറഞ്ഞുകൊണ്ട് ഇത് പുനഃസ്ഥാപിക്കാൻ പോകുന്നില്ല. സംസ്ഥാന പദവി എന്നത് നിങ്ങളുടെ അവകാശമാണ്. അത് നിങ്ങളുടെ ജോലിയും ഭൂമിയുടെ അവകാശങ്ങളും ചെറിയ ബിസിനസുകൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതായിരുന്നു. ഇതെല്ലാം അവർ നിങ്ങളിൽ നിന്ന് തട്ടിയെടുത്തു', ബിഷ്ണയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രിയങ്ക പറഞ്ഞു.

ലഫ്റ്റനൻ്റ് ഗവർണർ സിൻഹയെ 'പുറത്ത് നിന്നുള്ള വ്യക്തി' എന്നാണ് പ്രിയങ്ക വിശേഷിപ്പിച്ചത്. ജമ്മു കാശ്മീരിൽ നടപ്പാക്കിയ നയങ്ങൾ പുറത്തുള്ളവരെ ലക്ഷ്യം വെച്ചാണ്. ധാതുക്കൾ വേർതിരിച്ചെടുക്കുന്നതിനുള്ള കരാറുകൾ പുറത്തുള്ളവർക്കാണ് നൽകിയത്. അത് വാങ്ങണമെങ്കിൽ ഇവിടെയുള്ളവർ കൂടുതൽ പണം കൊടുക്കണം. പുറത്ത് നിന്നുള്ള കമ്പനികൾ വന്ന് ഇവിടെയെല്ലാം കൊള്ളയടിക്കുകയാണ്. ചെറുകിട വ്യവസായങ്ങൾ അടക്കമാണ് അവർ നശിപ്പിച്ചത്', പ്രിയങ്ക ആരോപിച്ചു.
അടുത്തിടെ അമിത് ഷാ പറഞ്ഞ കാര്യങ്ങൾ ഞാൻ കേട്ടിരുന്നു. അദ്ദേഹം പറഞ്ഞ് ബിജെപിക്ക് വേണ്ടി വോട്ട് ചെയ്യൂ നിങ്ങൾക്ക് ഞങ്ങൾ സംസ്ഥാന പദവി പുനഃസ്ഥാപിച്ച് തരാമെന്നാണ്. അവരാണ് അത് ഇല്ലാതാക്കിയത്. എന്നിട്ട് ഞങ്ങൾക്ക് വോട്ട് തന്നാൽ അത് തിരിച്ച് തരാമെന്ന് പറയുന്നു. വലിയ വലിയ വാഗ്ദാനങ്ങളാണ് മോദി നൽകുന്നത്. എന്നാൽ ജനങ്ങളിൽ നിന്ന് പലതും തട്ടിയെടുത്തുവെന്നത് വസ്തുതയാണ്', പ്രിയങ്ക വിമർശിച്ചു.
സംസ്ഥാന പദവിക്കൊപ്പം തന്നെ പഴയ ദർബാർ സംവിധാനവും തിരികെ കൊണ്ടുവരുമെന്ന് പ്രിയങ്ക അവകാശപ്പെട്ടു. നേരത്തേ ജമ്മു കാശ്മീരിന് രണ്ട് തലസ്ഥാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ശൈത്യകാലത്ത് ജമ്മുവും വേനൽക്കാലത്ത് ശ്രീനഗറുമായിരുന്നു തലസ്ഥാനമായി പ്രവർത്തിച്ചത്. എന്നാൽ ബിജെപി ഇത് അവസാനിപ്പിച്ചു. സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
അതേസമയം തങ്ങൾക്ക് അധികാരം ലഭിച്ചാൽ കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ തുടരുമെന്നും അവർ പറഞ്ഞു. ഭീകര മുക്ത ജമ്മു കാശ്മീർ എന്ന കേന്ദ്രസർക്കാർ അവകാശവാദത്തേയും അവർ വിമർശിച്ചു. ഇതുവരെ 683 ഭീകരാക്രമണങ്ങൾ നടന്നിട്ടുണ്ട്. അതിൽ 260 സുരക്ഷ ഉദ്യോഗസ്ഥരും 170 പ്രാദേശികരും കൊല്ലപ്പെട്ടു', അവർ പറഞ്ഞു.
കടുത്ത തൊഴിലില്ലായ്മയാണ് സംസ്ഥാനം നേരിടുന്നത്. കോൺഗ്രസ് അധികാരത്തിലേറിയാൽ ഒരുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുും. യുവാക്കളുടെ ലഹരി ഉപയോഗം ഇവിടെ വർധിച്ചുവരുന്നതിനെ കുറിച്ച് ബിജെപി മൗനം തുടരുകയാരണം. കാരണം ജോലിയില്ലാത്ത യുവാക്കളാണ് ലഹരിയിലേക്ക് വീഴുന്നതെന്ന് അവർക്ക് അറിയാം. ജമ്മുകാശ്മീർ ഇപ്പോൾ യഥാർത്ഥത്തിൽ ശ്വാസം മുട്ടുകയാണെന്നും അവർ വിമർശിച്ചു.
ഒക്ടോബർ 1 നാണ് ജമ്മു കാശ്മീരിൽ മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ബിജെപിയെ സംബന്ധിച്ച് ഇത് ഏറെ നിർണായകമാണ്.












Click it and Unblock the Notifications