ഇന്ത്യക്കാരനാണ് ഞാന്‍, പാകിസ്ഥാന്‍ പറയുന്നതെന്താണെന്ന് എനിക്കറിയില്ല; ആര്‍ട്ടിക്കിള്‍ 370 ല്‍ ഫാറൂഖ് അബ്ദുള്ള
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതില്‍ പാക്കിസ്ഥാനും എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടാണ് എന്ന പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. പാകിസ്ഥാന്‍ എന്താണ് പറയുന്നതെന്ന് തനിക്കറിയില്ല എന്നും താന്‍ ഒരു പാകിസ്ഥാനിയല്ല, ഇന്ത്യന്‍ പൗരനാണ് എന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ഒക്ടോബര്‍ എട്ടിന് ജനങ്ങള്‍ക്ക് മുന്നില്‍ എല്ലാം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം തങ്ങള്‍ ആദ്യം ചെയ്യുന്നത് ദര്‍ബാര്‍ നീക്കം തിരികെ കൊണ്ടുവരിക എന്നതായിരിക്കും എന്നും ദര്‍ബാര്‍ നീക്കം കാരണം ജമ്മു കാശ്മീര്‍ തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. വേനലവധിക്കാലത്ത് അവര്‍ ഇവിടെ പണി തീര്‍ക്കാന്‍ വരുമായിരുന്നു. ദര്‍ബാര്‍ നീക്കം മൂലം ജനങ്ങള്‍ക്ക് എത്രമാത്രം നഷ്ടമുണ്ടായെന്ന് നിങ്ങള്‍ക്ക് ചോദിക്കാം,' അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കുന്നതില്‍ പാകിസ്ഥാനും എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിനും ഒരേ നിലപാടിലാണ് എന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞത്. ഇതിന് പിന്നാലെ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിനെതിരെ ബിജെപി ആഞ്ഞടിച്ചിരുന്നു. പാകിസ്ഥാനും കോണ്‍ഗ്രസിനും ഒരേ നിലപാടാണ് എന്ന് വ്യക്തമായിരിക്കുകയാണ് എന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്.
'ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവയില്‍ കോണ്‍ഗ്രസിന്റെയും ജെകെഎന്‍സിയുടെയും പിന്തുണയെക്കുറിച്ചുള്ള പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പ്രസ്താവന കോണ്‍ഗ്രസിനെ വീണ്ടും തുറന്നുകാട്ടിയിരിക്കുകയാണ്. കോണ്‍ഗ്രസിനും പാകിസ്ഥാനും ഒരേ ഉദ്ദേശവും അജണ്ടയും ഉണ്ടെന്ന് ഈ പ്രസ്താവന ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഹുല്‍ ഗാന്ധി എല്ലാ ഇന്ത്യാ വിരുദ്ധ ശക്തിക്കൊപ്പവും നിലകൊള്ളുന്നു.
ഇത് രാജ്യത്തെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തി,' അമിത് ഷാ പറഞ്ഞു. ഭീകരരാജ്യമായ പാകിസ്ഥാന്‍, കശ്മീരിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെയും നാഷണല്‍ കോണ്‍ഫറന്‍സിന്റെയും നിലപാടിനെ അംഗീകരിക്കുന്നു എന്നായിരുന്നു ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞത്. പാകിസ്ഥാനും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ആര്‍ട്ടിക്കിള്‍ 370 ഉം 35 എയും പുനഃസ്ഥാപിക്കാന്‍ ഒന്നിച്ചിരിക്കുകയാണ് എന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.
പന്നൂണ്‍ മുതല്‍ പാകിസ്ഥാന്‍ വരെ, രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഇന്ത്യയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായവരുടെ പക്ഷത്ത് കാണുന്നത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസും എന്‍സിയും പാക്കിസ്ഥാനുമായുള്ള ഈ ബന്ധത്തെ എന്താണ് വിളിക്കുന്നതെന്നതാണ് ചോദ്യമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല പറഞ്ഞു.
ജിയോ ന്യൂസില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഹമീദ് മിറിനോട് ക്യാപിറ്റല്‍ ടോക്കില്‍ സംസാരിക്കവേ ആയിരുന്നു പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയുടെ പ്രതികരണം. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370, 35 എ പുനഃസ്ഥാപിക്കുന്നതില്‍ പാക്കിസ്ഥാനും നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യവും ഒരേ നിലപാടിലാണോ എന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയോട് ചോദിച്ചിരുന്നു.
ഇതിന് ' തീര്‍ച്ചയായും, ഞങ്ങളുടെ ആവശ്യവും ഇതുതന്നെയാണ്...' എന്നായിരുന്നു അദ്ദേഹം മറുപടി നല്‍കിയത്. ജമ്മു കശ്മീരില്‍ എന്‍സി-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ വന്നാല്‍ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുവരുമെന്നും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രിയും അവകാശപ്പെട്ടിരുന്നു.












Click it and Unblock the Notifications