കോണ്‍ഗ്രസ് വിട്ട ഗുലാംനബി ആസാദിന്റെ കാര്യം കഷ്ടം; ഇനിയൊരു വരവ് അസാധ്യം, തിരിച്ചടിച്ചത് ആ പ്രചാരണം
ന്യൂഡല്‍ഹി: ഒരു കാലത്ത് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവായിരുന്നു ഗുലാം നബി ആസാദ്. ജമ്മു കശ്മീരില്‍ നിന്നുള്ള ഇദ്ദേഹം കശ്മീര്‍ മുഖ്യമന്ത്രിയായും എംപിയായുമെല്ലാം തിളങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഉള്‍പ്പോരാണ് അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി വെട്ടിയത്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിമര്‍ശിച്ച് ഗുലാം നബി ആസാദ് ഒടുവില്‍ കോണ്‍ഗ്രസിന് പുറത്തായി.
കശ്മീര്‍ കേന്ദ്രീകരിച്ചാകും ഇനി പ്രവര്‍ത്തനം എന്ന് അദ്ദേഹം തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ നിന്ന് തട്ടകം ജമ്മു കശ്മീരിലേക്ക് മാറ്റി. 2022ല്‍ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) എന്ന പേരില്‍ പുതിയ തുടക്കം കുറിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പായിരുന്നു ആദ്യ ഗോദ. അവിടെ മലര്‍ന്നടിച്ചു വീണു. മല്‍സരിച്ച മൂന്ന് സീറ്റിലും തോറ്റുവെന്ന് മാത്രമല്ല കെട്ടിവച്ച കാശും നഷ്ടമായി.

തൊട്ടുപിന്നാലെ വന്ന കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു അടുത്ത പ്രതീക്ഷ. ഒരു സീറ്റില്‍ പോലും ജയിക്കാന്‍ ഡിപിഎപി സ്ഥാനാര്‍ഥികള്‍ക്ക് സാധിച്ചില്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗുലാം നബി ആസാദ് സജീവമായി ഇടപെടുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മാത്രമല്ല, അനാരോഗ്യവും ആസാദിന് വിനയായി. ഇനിയൊരു തിരിച്ചുവരവ് അസാധ്യമായ വിധത്തിലാണ് ഗുലാം നബി ആസാദിന്റെ വീഴ്ച.
കശ്മീരിലെ നിരവധി കോണ്‍ഗ്രസ് നേതാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച വേളയില്‍ ഗുലാം നബി ആസാദിന് സാധിച്ചിരുന്നു. നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നു. ചില പ്രാദേശിക പ്രമുഖരും ഒപ്പംകൂടി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയം പലരുടെയും രാജിയില്‍ കലാശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ആസാദ് ഉണ്ടാകില്ലെന്ന് അറിഞ്ഞതോടെ ഒട്ടേറെ നേതാക്കള്‍ പിന്നാക്കം വലിഞ്ഞു.
ബിജെപിയുടെ ബി ടീം
ബിജെപിയുടെ ബി ടീം ആണ് ആസാദിന്റെ പാര്‍ട്ടി എന്ന പ്രചാരണമാണ് വലിയ തിരിച്ചടിയായത്. എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് ജയം ഉറപ്പിക്കുകയാണ് ഗുലാം നബി ആസാദിന്റെ ലക്ഷ്യം എന്ന പ്രചാരണവും ശക്തമായിരുന്നു. മോദി സര്‍ക്കാരിന്റെ ചില നീക്കങ്ങളെ അദ്ദേഹം പിന്തുണച്ചതും ഈ പ്രചാരണത്തിന് ബലമേകി.
ഗുലാം നബി ആസാദ് മാത്രമല്ല ബിജെപിയുടെ ബി ടീം എന്ന പ്രചാരണത്തിന് ഇരകളായത്. ഇന്ത്യ സഖ്യത്തില്‍ ചേരാതിരുന്ന മെഹ്ബൂബ മുഫ്തിയുടെ പിഡിപിക്ക് തിരിച്ചടിയായതും ഇതേ പ്രചാരണമാണ്. ഏറ്റവും ഒടുവില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപിയും പിഡിപിയും ചേര്‍ന്ന് സഖ്യസര്‍ക്കാരുണ്ടാക്കിയിരുന്നു. 2018ല്‍ ഭിന്നതയെ തുടര്‍ന്ന് സഖ്യം പിരിയുകയാണുണ്ടായത്. ബിജെപിയുമായി പിഡിപി ഇനിയും സഖ്യമുണ്ടാക്കിയേക്കാമെന്ന പ്രചാരണം മെഹ്ബൂബയുടെ പാര്‍ട്ടിക്ക് തിരിച്ചടിയായി. കന്നി അംഗത്തിന് ഇറങ്ങിയ മകള്‍ ഇല്‍തിജയും തോറ്റു.
ബിജെപിക്കെതിരായ വികാരം കശ്മീരില്‍ ശക്തമാണ്. ജമ്മു മേഖലയില്‍ ബിജെപിക്ക് സ്വാധീനമുണ്ടെങ്കിലും കശ്മീര്‍ പ്രദേശത്ത് ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ജമാഅത്തെ ഇസ്ലാമി, എഞ്ചിനിയര്‍ റാഷിദിന്റെ അവാമി ഇത്തിഹാദ് പാര്‍ട്ടി എന്നിവരും നേരിട്ട പ്രചാരണം ബിജെപിയെ സഹായിക്കാനെത്തിയവര്‍ എന്നായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്ന് മല്‍സരിച്ച് ജയിച്ച വ്യക്തിയാണ് റാഷിദ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹത്തിന് പരോള്‍ നല്‍കിയത് ബിജെപിയെ സഹായിക്കാനാണ് എന്ന പ്രചാരണവും ശക്തമായിരുന്നു.












Click it and Unblock the Notifications