Get Updates
Get notified of breaking news, exclusive insights, and must-see stories!

കുല്‍ഗാം ഇത്തവണയും ചരിത്രം തിരുത്തിയില്ല; പാറിപ്പറന്ന് ചെങ്കൊടി, ജമാഅത്തെ ഇസ്ലാമിക്ക് കനത്ത തിരിച്ചടി

കുല്‍ഗാം ഇത്തവണയും ചരിത്രം തിരുത്തിയില്ല, തുടർച്ചയായ അഞ്ചാം തവണയും സി പി എമ്മും യൂസഫ് തരിഗാമിയും വിജയിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്രന്‍ ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന ഭീഷണി ഉണ്ടായിരുന്നെങ്കില്‍ മികച്ച ഭൂരിപക്ഷത്തോടെ തന്നെയാണ് സി പി എം കേന്ദ്ര കമ്മിറ്റി അംഗമായ യൂസഫ് തരിഗാമി മണ്ഡലം നിലനിർത്തിയിരിക്കുന്നത്.

2014 ലെ തിരഞ്ഞെടുപ്പില്‍ കേവലം 334 വോട്ടുകള്‍ക്കായിരുന്നു യൂസഫ് തരിഗാമിയുടെ വിജയമെങ്കില്‍ ഇത്തവണ അത് ഏഴായിരത്തിന് മുകളിലേക്ക് ഉയർത്താന്‍ യൂസഫ് തരിഗാമിക്ക് സാധിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. 7838 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. 1996 ന് ശേഷം കുല്‍ഗാമില്‍ യൂസഫ് തരിഗാമിക്ക് ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷവുമാണ് ഇത്.

kulgam

യൂസഫ് തരിഗാമിക്ക് ആകെ 33634 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ മത്സരിച്ച സയാർ അഹമ്മദ് റഷിക്ക് നേടാനായത് 25796 വോട്ടുകളാണ്. കശ്മീരില്‍ തന്നെ ജമാഅത്തെ ഇസ്ലാമിക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള മണ്ഡലമായിട്ട് കൂടി യൂസഫ് തരിഗാമിക്ക് അവർ ഉയർത്തിയ വെല്ലുവിളിയെ മറികടക്കാന്‍ സാധിച്ചുവെന്നതാണ് വിജയത്തിന്റെ തിളക്കം വധിപ്പിക്കുന്നത്.

ജമാഅത്ത് പിന്തുണയില്‍ സ്ഥാനാർത്ഥി എത്തിയതോടെ വലിയ തിരിച്ചടി നേരിടേണ്ടി വന്നത് പി ഡി പിക്കാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട പി ഡി പി സ്ഥാനാർത്ഥിക്ക് ലഭിച്ചിരിക്കുന്നത് 7561 വോട്ടുകളാണ്. പി ഡി പിയില്‍ നിന്നും വേർപിരിഞ്ഞ് രൂപീകരിക്കപ്പെട്ട ജമ്മു കശ്മീർ അപ്നി പാർട്ടിക്കും ഇത്തവണ കുല്‍ഗാമില്‍ സ്ഥാനാർത്ഥിയുണ്ടായിരുന്നു. എന്നാല്‍ അവർക്ക് നേടാന്‍ സാധിച്ചത് 226 വോട്ടുകള്‍ മാത്രമാണ്.

ആർട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായി പ്രതിഷേധിച്ച കശ്മീരില്‍ നിന്നുള്ള നേതാക്കളില്‍ ഒരാളാണ് യൂസഫ് തരിഗാമി. ഇത്തവണ നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ മത്സരം. ഇത് അടക്കമുള്ള ഘടകങ്ങള്‍ അദ്ദേഹത്തിന്റെ വിജയത്തില്‍ നിർണ്ണായകമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ എട്ടായിരത്തോളം വോട്ടുകള്‍ നേടാന്‍ നാഷണല്‍ കോണ്‍ഫറന്‍സിന് സാധിച്ചിരുന്നു.

1983 ലേയും 87 ലേയും തിരഞ്ഞെടുപ്പില്‍ യൂസഫ് തരിഗാമി കുല്‍ഗാമില്‍ നിന്നും മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. യഥാക്രമം നാലും മൂന്നും സ്ഥാനങ്ങളിലായിരുന്നു അദ്ദേഹത്തിന് എത്താന്‍ സാധിച്ചത്. എന്നാല്‍ 1996 ല്‍ ആദ്യമായി കുല്‍ഗാമില്‍ യൂസഫ് തരിഗാമി ചെങ്കൊടി ഉയർത്തി. 2002, 2008, 2014 തിരഞ്ഞെടുപ്പുകളിലും ഒടുവില്‍ ഇത്തവണയും അദ്ദേഹം വിജയം ആവർത്തിച്ചിരിക്കുന്നു.

അതേസമയം, ജമ്മുകശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം അധികാരം ഉറപ്പിച്ചിരിക്കുകയാണ്. സഖ്യത്തിന് ഇതുവരെയായി 49 സീറ്റുകളിലാണ് മുന്നേറാന്‍ സാധിച്ചിട്ടുള്ളത്. ഇതില്‍ തന്നെ 46 സീറ്റുകളില്‍ വിജയിച്ച് കഴിഞ്ഞു. 90 സീറ്റുകളുള്ള ജമ്മു കശ്മീർ നിയമസഭയില്‍ അധികാരം പിടിക്കാന്‍ വേണ്ടത് 46 സീറ്റുകളാണ്.

ഗവർണർ അഞ്ച് പേരെ നാമനിർദേശം ചെയ്യുകയാണെങ്കില്‍ കേവല ഭൂരിപക്ഷ സഖ്യ 48 ലേക്ക് ഉയരുന്ന സ്ഥിതിയുണ്ടാകും. ആ സാഹചര്യത്തിലും എന്‍സി-കോണ്‍ഗ്രസ് സഖ്യത്തിന് ഭീഷണികളില്ലാത്ത സ്ഥിതിയിലേക്കാണ് ഇപ്പം കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന് 42 സീറ്റുകളിലാണ് മേല്‍ക്കൈ. ഇതില്‍ 39 സീറ്റുകളില്‍ വിജയിച്ചു. 3 ഇടത്ത് ലീഡ് ചെയ്യുന്നു. സഖ്യത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് ആറ് സീറ്റിലും സി പി എം ഒരു സീറ്റിലും വിജയിച്ചു.

ബി ജെ പിക്ക് 29 സീറ്റിലാണ് മേല്‍ക്കൈ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. ഇതില്‍ 27 സീറ്റില്‍ വിജയിച്ചു. രണ്ട് സീറ്റില്‍ ലീഡ് ചെയ്യുന്നു. ജമ്മു മേഖലയിലെ പ്രകടനമാണ് ബി ജെ പിക്ക് നിർണ്ണായകമായത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന പി ഡി പിക്ക് ഇത്തവണ സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ജെ പി സി, ആം ആദ്മി പാർട്ടി എന്നിവർ ഒരോ സീറ്റിലും സ്വതന്ത്രർ 7 സീറ്റിലും വിജയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+