'അമ്മ മരിച്ചിട്ടും തലയും താടിയും വടിക്കാത്ത മോദിയൊക്കെ ഹിന്ദുവാണോ?'; കടന്നാക്രമിച്ച് ലാലു പ്രസാദ്
പാട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് ആര്‍ ജെ ഡി നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. പാട്നയിലെ ഗാന്ധി മൈതാനിയില്‍ ആര്‍ജെഡി സംഘടിപ്പിച്ച ജന്‍ വിശ്വാസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയുടെ വിയോഗത്തിന് ശേഷം തലയും താടിയും വടിക്കാത്ത മോദി ഹിന്ദുവല്ലെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
നരേന്ദ്ര മോദി ഇന്ത്യയില്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാര്‍ ഒരുപാട് മഹത് വ്യക്തികളെ നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'ബിഹാറിലെ ജനക്പൂരില്‍ ദശരഥന്‍ രാജാവിന്റെ മകന്‍ ശ്രീരാമന്‍ വിവാഹിതനായി. ബിഹാറില്‍ ധീരരായ നിരവധി പുരുഷന്മാര്‍ ജനിച്ചു. ഈ ഗാന്ധി മൈതാനത്ത് നിരവധി തവണ, രാജ്യത്തുടനീളമുള്ള നേതാക്കളുമായി കൂടിക്കാഴ്ചകള്‍ നടത്തി,' അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ എന്ത് തീരുമാനമെടുത്താലും അത് രാജ്യത്തുടനീളമുള്ള ജനങ്ങള്‍ പിന്തുടരും എന്നും ലാലു പറഞ്ഞു. മോദിയെ കടന്നാക്രമിച്ച് തേജസ്വി യാദവും രംഗത്തെത്തി. 'മോദിജി നുണകളുടെ ഫാക്ടറിയാണെന്ന് ഞങ്ങള്‍ ആദ്യം മുതല്‍ പറയുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് 40 ല്‍ 39 സീറ്റും ഉണ്ടായിരുന്നു. അവരുടെ ജില്ലകളില്‍ എന്ത് ജോലിയാണ് ചെയ്തതെന്ന് അവരുടെ എം പിമാരോട് ചോദിക്കൂ,' അദ്ദേഹം പറഞ്ഞു.
അതേസമയം സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍പ്പെട്ട 73 ശതമാനം ജനങ്ങളെയും കേന്ദ്രം അവഗണിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബി ജെ പി ആളുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ തങ്ങള്‍ വിദ്വേഷത്തിന്റെ വിപണിയില്‍സ്‌നേഹമാണ് വില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കര്‍ഷകരോടും യുവാക്കളോടും അധഃസ്ഥിതരോടും അനീതിയാണ് നടക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ ബ്ലോക്ക് പരമാവധി സീറ്റുകള്‍ നേടുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇ ഡി, സി ബി ഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ തങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിനെ പ്രതിപക്ഷ നേതാക്കള്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കും ഭരണഘടന സംരക്ഷിക്കുന്നതിനും മോദി സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, സി പി ഐ എം എല്‍ മേധാവി ദിപങ്കര്‍ ഭട്ടാചാര്യ എന്നിവരും ജന്‍ വിശ്വാസ് റാലിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. വമ്പിച്ച പൊതുറാലിക്ക് ശേഷമാണ് നേതാക്കള്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.












Click it and Unblock the Notifications