താലിമാല വാങ്ങാനെത്തി വൃദ്ധദമ്പതികള്‍; വെറും 20 രൂപയ്ക്ക് മാല നല്‍കി ജ്വല്ലറി ഉടമ
ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഒരു ജ്വല്ലറി ഉടമ 90 വയസുള്ള ദമ്പതികള്‍ക്ക് വെറും 20 രൂപയ്ക്ക് താലിമാല (മംഗല്യസൂത്രം) നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മുംബൈയിലെ ഗോപിക ജ്വല്ലേഴ്‌സ് ഉടമ നിലേഷ് ഖിവന്‍സാരയായിരുന്നു വൃദ്ധദമ്പതികള്‍ക്കും ഒരു ഗ്രാം സ്വര്‍ണം പൂശിയ താലിമാല വെറും 20 രൂപയ്ക്ക് നല്‍കിയത്. ഈ സംഭവത്തെ കുറിച്ച് നിലേഷ് തന്നെ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
വൃദ്ധദമ്പതികള്‍ സൗജന്യമായി ഒന്നും വാങ്ങാന്‍ കൂട്ടാക്കിയില്ല എന്നും അതിനാലാണ് 20 രൂപ വാങ്ങിച്ചത് എന്നും നിലേഷ് പറയുന്നു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഏകദേശം 3,000 രൂപ വിലമതിക്കുന്ന മംഗല്യസൂത്രം ആണ് 20 രൂപയ്ക്ക് നല്‍കിയത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നല്ല പ്രവര്‍ത്തിക്ക് അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

ഈ സംഭവത്തെ കുറിച്ച് നിലേഷ് പറയുന്നതിങ്ങനെയാണ്. 'വൃദ്ധ ദമ്പതികള്‍ ആദ്യം ഞങ്ങളുടെ ജ്വല്ലറിയുെ ഒരു ബ്രാഞ്ചില്‍ ആണ് എത്തിയത്. അവിടെ നിന്ന് കുറച്ച് ആഭരണങ്ങള്‍ നോക്കിയ ശേഷം അവര്‍ ഒന്നും വാങ്ങാതെ പോയി. കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം അവര്‍ ഛത്രപതി സംഭാജിനഗറിലെ ഞങ്ങളുടെ രണ്ടാമത്തെ ബ്രാഞ്ചില്‍ എത്തി. വൃദ്ധ ദമ്പതികളെ കണ്ടപ്പോള്‍ സാമ്പത്തിക സഹായം തേടി എത്തിയതായിരിക്കും എന്ന് ജീവനക്കാര്‍ തെറ്റിദ്ധരിച്ചു.
എന്നാല്‍ അദ്ദേഹം തന്റെ ഭാര്യക്ക് ഒരു മംഗല്യസൂത്രം വാങ്ങാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ മാലയും ലോക്കറ്റും കാണിച്ചു കൊടുത്തു. ഇഷ്ടപ്പെട്ട മോഡല്‍ കണ്ടപ്പോള്‍ അത് ഭാര്യക്ക് കൈമാറി. ജീവനക്കാര്‍ പണം വേണ്ട എന്ന് പറഞ്ഞിരുന്നു. എന്നാല്‍ ദമ്പതികള്‍ സൗജന്യമായി അത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയും പകരം പണം നല്‍കുകയും ചെയ്യുകയായിരുന്നു. ആദ്യം അവര്‍ എനിക്ക് 1100 രൂപയും പിന്നീട് കുറച്ച് നാണയങ്ങളും തന്നു.
പിന്നീട് ആ സ്ത്രീ തന്റെ ബാഗില്‍ നിന്ന് കുറച്ച് 10 രൂപയും 20 രൂപയും നോട്ടുകള്‍ പുറത്തെടുത്തു. ഞാന്‍ ഒന്നും വാങ്ങുന്നില്ല എന്ന് പറഞ്ഞെങ്കിലും അവര്‍ എന്തെങ്കിലും വാങ്ങണം എന്നതില്‍ ഉറച്ചുനിന്നു. ഒടുവില്‍ ആ വൃദ്ധദമ്പതികളുടെ അനുഗ്രഹത്തോടെ രണ്ട് പേരില്‍ നിന്നും 10 രൂപ വീതം സ്വീകരിച്ച് ഏകദേശം 3,000 രൂപ വിലമതിക്കുന്ന ഒരു ഗ്രാം സ്വര്‍ണ്ണം പൂശിയ മംഗലസൂത്രം കൈമാറി.
മകന്‍ മദ്യപാനിയായതിനാല്‍ അവര്‍ വീട് ഉപേക്ഷിച്ചിരിക്കുകയാണെന്നും പൊതുജനങ്ങളുടെ സഹായത്തോടെയാണ് അവര്‍ ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ അംബോര ജഹാംഗീര്‍ ഗ്രാമത്തിലെ സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള നിവൃത്തി ഷിന്‍ഡെയുഭാര്യ ശാന്താബായിയും ആഷാഠ ഏകാദശി ആഘോഷിക്കാന്‍ കാല്‍നടയായി പന്ദര്‍പൂരിലേക്ക് തീര്‍ത്ഥയാത്ര നടത്തുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈ പ്രായത്തിലും ഇരുവരും പരസ്പരം താങ്ങായി എപ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യാറുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications