'എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ചെലവാക്കിയത് 500 കോടി രൂപ'; ബിജെപിക്കെതിരെ ഹേമന്ത് സോറന്‍
റാഞ്ചി: തനിക്കെതിരായ വിദ്വേഷ പ്രചരണങ്ങള്‍ക്കായി ബിജെപി കോടികള്‍ ഒഴുക്കിയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഇത്തരം വിഭജന പ്രചാരണങ്ങള്‍ ജാര്‍ഖണ്ഡിന്റെ സംസ്‌കാരത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വിദ്വേഷവും അപകീര്‍ത്തികരവുമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ബിജെപി 500 കോടിയിലധികം രൂപ ചെലവഴിച്ചതായും അദ്ദേഹം ആരോപിച്ചു.
'വിദ്വേഷം വളര്‍ത്തി അവരുടെ നേട്ടങ്ങള്‍ നിറവേറ്റാന്‍ രാഷ്ട്രീയക്കാര്‍ക്ക് എളുപ്പമാണ്. ബിജെപി ഇതില്‍ വിദഗ്ധരാണ്. എന്നാല്‍ ഞാന്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളയാളാണ്, ഞങ്ങളുടെ സംസ്‌കാരം അത്തരം തന്ത്രങ്ങളെ പിന്തുണയ്ക്കുന്നില്ല. ഞാന്‍ ഒരിക്കലും അത്തരം പ്രചാരണങ്ങളില്‍ ഏര്‍പ്പെടില്ല,' ഹേമന്ത് സോറന്‍ പറഞ്ഞു. വോട്ടര്‍മാരില്‍ ഭയം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബിഹാര്‍, ഛത്തീസ്ഗഡ്, ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ ഇതിനായി ബിജെപി സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ റോഡുകളിലും കവലകളിലും ഈ വ്യക്തികള്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും 'വിസ്പര്‍ കാമ്പെയ്ന്‍' എന്ന് താന്‍ നേരത്തെ വെളിപ്പെടുത്തിയ ജോലിയാണ് ഇവര്‍ ചെയ്യുന്നത് എന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
ബിജെപി ഈ തന്ത്രത്തിനായി ഓരോ മണ്ഡലത്തിനും ഒരു കോടിയിലധികം രൂപ ചെലവഴിച്ചു. അവരുടെ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുപകരം ഭയം ജനിപ്പിക്കാനും നുണകള്‍ പ്രചരിപ്പിക്കാനുമാണ് ബിജെപി ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ഇലക്ട്രല്‍ ബോണ്ടുകളോ വ്യാജ മരുന്നുകളോ വ്യാജ വാക്സിനുകളോ ഫണ്ട് സ്വരൂപിക്കാനായി ഉപയോഗിച്ചിട്ടില്ല എന്നും സോറന്‍ വ്യക്തമാക്കി.
തനിക്ക് വേണ്ടി പ്രചാരണം നടത്തുന്നത് ജാര്‍ഖണ്ഡിലെ ജനങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ബിജെപി കോടിക്കണക്കിന് രൂപ ചെലവഴിച്ചപ്പോള്‍ തന്റെ പ്രമോഷന് വേണ്ടി ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്നും ഏതെങ്കിലും സോഷ്യല്‍ മീഡിയയുടെ ആഡ് ലൈബ്രറി പരിശോധിച്ചാല്‍ അത് പരിശോധിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം ഹേമന്ത് സോറന്റെ ആരോപണങ്ങള്‍ ബി ജെ പി തള്ളിക്കളഞ്ഞു. ഹേമന്ത് സോറന്റെ നിരാശയും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയവുമാണ് ഇത്തരം വ്യാജ ആരോപണങ്ങളിലൂടെ പ്രതിഫലിക്കുന്നത് എന്ന് ബിജെപി പറഞ്ഞു. അതിനിടെ ഹേമന്ത് സോറന്റെയും ജാര്‍ഖണ്ഡിന്റേയും പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പ്രചാരണങ്ങള്‍ നടത്തിയതിന് രണ്ട് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications