ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജെഎംഎമ്മും 70 സീറ്റില്‍ മത്സരിക്കും, ആര്‍ജെഡിക്കും ഇടതിനും 11 സീറ്റുകള്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ ഇന്ത്യ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കും. മുഖ്യമന്ത്രി ഹേമന്ദ് സോറനാണ് ഇക്കാര്യം അറിയിച്ചത്. മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിലും തീരുമാനമായിട്ടുണ്ട്. കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും സംസ്ഥാനത്തെ 70 സീറ്റുകളില്‍ മത്സരിക്കും. ജാര്‍ഖണ്ഡിലെ ആകെ 81 സീറ്റുകളാണ് ഉള്ളത്. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കുമെന്ന സൂചനയാണ് ഹേമന്ദ് സോറന്‍ നല്‍കുന്നത്.
സീറ്റ് വിഭജന ചര്‍ച്ചകളെ കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ വിശദമായി പറയാനാവില്ല. ഞങ്ങളുടെ സഖ്യകക്ഷികല്‍ ഇവിടെയില്ല. ബാക്കിയുള്ള പാര്‍ട്ടികള്‍ ജാര്‍ഖണ്ഡില്‍ ഉണ്ടായിരിക്കുമ്പോള്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. മത്സരിക്കുന്ന സീറ്റുകളുടെ കാര്യവും അപ്പോള്‍ അറിയിക്കാമെന്നും സോറന്‍ പറഞ്ഞു.

അതേസമയം ഇന്ത്യ സഖ്യത്തില്‍ ആര്‍ജെഡി, ഇടതുപാര്‍ട്ടികള്‍ എന്നിവരാണ് ഉള്ളത്. അവരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്ന് ഹേമന്ദ് സോറന്‍ വ്യക്തമാക്കി. പതിനൊന്ന് സീറ്റുകളുടെ കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുക. സിപിഎം കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമോ എന്ന് വ്യക്തമല്ല.
കഴിഞ്ഞ തവണ ആര്‍ജെഡിക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച അത്ര നേട്ടമുണ്ടാക്കാന്‍ ആര്‍ജെഡിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് കൂടുതല്‍ സീറ്റുകള്‍ നല്‍കുമോ എന്ന് ഉറപ്പില്ല. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ്. നവംബര്‍ 13നും 20നുമാണ് വോട്ടെടുപ്പ്. നവംബര്‍ 23നാണ് വോട്ടെടുപ്പ്.
ഇന്ത്യ സഖ്യം നിലവില്‍ സംസ്ഥാനത്ത് പ്രതിരോധത്തിലാണ്. ഭരണവിരുദ്ധ വികാരം അവര്‍ക്കെതിരെയുണ്ട്. ബിജെപി ഹരിയാന ഫോര്‍മുല പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ സംസ്ഥാന ബിജെപിയിലെ തര്‍ക്കം മുതലെടുക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. എന്നാല്‍ ഒബിസികളെ അടക്കം ചേര്‍ത്ത് പിടിച്ച് പുതിയൊരു ജാതിസമവാക്യത്തിനാണ് ബിജെപി ലക്ഷ്യമിടുന്നത്.
അവസാനം നടന്ന തിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 43 സീറ്റിലാണ് മത്സരിച്ചിരുന്നത്. കോണ്‍ഗ്രസ് 31 സീറ്റിലും മത്സരിച്ചു. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിന് കുറഞ്ഞ സീറ്റ് ലഭിക്കാനാണ് സാധ്യത. 27 മുതല്‍ 28 സീറ്റുകള്‍ വരെയായിരിക്കും കോണ്‍ഗ്രസിന് ലഭിക്കും. ഹരിയാനയിലെ തോല്‍വി കോണ്‍ഗ്രസിന് തിരിച്ചടിയാവുമെന്നാണ് സൂചന.
അതേസമയം ജെഎംഎം ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിച്ചേക്കും. ഹേമന്ദ് സോറന്‍ ജാര്‍ഖണ്ഡില്‍ സുപ്രധാന നേതാവാണെന്നും, ജയത്തില്‍ അദ്ദേഹത്തിന്റെ കരുത്ത് നിര്‍ണായകമാകുമെന്നുമാണ് ജെഎംഎം വ്യക്തമാക്കുന്നത്. സിപിഎംഎല്‍, മാര്‍ക്‌സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവരും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാവാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ആര്‍ജെഡി കഴിഞ്ഞ ഏഴ് സീറ്റുകളിലാണ് മത്സരിച്ചത്. ഇത്തവണ സീറ്റ് കുറയുമെന്നാണ് ജെഎംഎം നേതാക്കള്‍ സൂചിപ്പിക്കുന്നത്. ബഗോദര്‍ സീറ്റ് സിപിഎംഎല്ലിനും, നിര്‍സ സീറ്റ് എംഎംസിക്കും വിട്ടുകൊടുക്കാന്‍ അവര്‍ തീരുമാനിച്ചിട്ടുണ്ട്. ബിജെപി നേരത്തെ 68 സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അറിയിച്ചിരുന്നു.












Click it and Unblock the Notifications