ജാർഖണ്ഡിൽ ഇനി ജെഎംഎമ്മിന് അഗ്നിപരീക്ഷ; പോരാട്ടം ശക്തികേന്ദ്രങ്ങളിൽ, കൈവിട്ടാൽ അധികാരം നഷ്‌ടമാവും?
റാഞ്ചി: ജാർഖണ്ഡിൽ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയിലെ പ്രമുഖരായ ജാർഖണ്ഡ് മുക്തി മോർച്ച എന്ന ജെഎംഎം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മത്സരങ്ങളാണ് നടക്കാനിരിക്കുന്നത്. ഒരുപക്ഷേ വരുന്ന അഞ്ച് വർഷക്കാലം സംസ്ഥാനം ആര് ഭരിക്കുമെന്ന തീരുമാനം രണ്ടാംഘട്ടത്തിലെ മണ്ഡലങ്ങളാവും സ്വീകരിക്കുക.
ഒട്ടും അതിശയോക്തി ഈ പറഞ്ഞതിൽ ഇല്ലെന്ന് മനസിലാക്കാൻ ജാർഖണ്ഡിലെ രാഷ്ട്രീയ സാഹചര്യം മാത്രം വിശകലനം ചെയ്‌താൽ മതിയാവും. ബിജെപിക്കും കോൺഗ്രസിനും ജെഎംഎമ്മിനും ഒക്കെ ആദിവാസി വിഭാഗങ്ങളുടെ വോട്ട് വേണം, അതിന് വേണ്ടി അവർ ഏതറ്റം വരെയും പോവുമ്പോൾ മനസിലാക്കാം ആ വിഭാഗത്തിന് സംസ്ഥാനത്ത് ഉടനീളമുള്ള ശക്തി.

രണ്ടാംഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് ആകെ 38 മണ്ഡലങ്ങളിലേക്കാണ്. അതിൽ ഏറിയപങ്കും ജെഎംഎം ശക്തി കേന്ദ്രങ്ങളാണ് എന്നത് ഈ തിരഞ്ഞെടുപ്പിനെ കൂടുതൽ പ്രാധാന്യമുള്ളതാക്കുന്നു. ഈ ഘട്ടത്തിൽ പോളിങ് ബൂത്തിലേക്ക് പോവുന്ന 18 സീറ്റുകളാണ് ആദിവാസി വിഭാഗങ്ങൾക്ക് സ്വാധീനമുള്ള സാന്താൾ പർഗാന മേഖലയിൽ നിന്നുള്ളത്.
ഈ പതിനെട്ട് മണ്ഡലങ്ങളിൽ 14 സീറ്റുകളും കഴിഞ്ഞ തവണ ജെഎംഎം നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം ജയിച്ചു കയറിയതാണ്. അതായത് അവരുടെ ഭൂരിപക്ഷത്തിലെ സുപ്രധാന സാന്നിധ്യമായിരുന്നു ഈ സീറ്റുകൾ എന്ന് ചുരുക്കം. ഇതിൽ 9 ജെഎംഎം, അഞ്ച് കോൺഗ്രസ് എന്നിങ്ങനെ ആയിരുന്നു കണക്കുകൾ.
ശേഷിക്കുന്ന നാലെണ്ണം ബിജെപി ആയിരുന്നു നേടിയത്. ഈ മേഖലയിൽ നിന്ന് തന്നെയാണ് മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ മത്സരിക്കുന്നത്. ബർഹൈത്തിൽ നിന്നാണ് ഹേമന്ത് സോറൻ മത്സരിക്കുന്നത്, സഹോദരനായ ബസന്ത് സോറൻ 2019ൽ ഹേമന്ത് വിജയിച്ച ദുംകയിൽ നിന്നും ജനവിധി തേടുന്നുണ്ട്. അതിനാൽ തന്നെ ഈ ഘട്ടം ജെഎംഎമ്മിന് നിർണായകമാണ്.
ആദിവാസി മേഖലയിലെ മണ്ഡലങ്ങൾ എന്നതിലുപരി ജെഎംഎമ്മിനും ഹേമന്ത് സോറനും ഈ തിരഞ്ഞെടുപ്പ് കൂടുതൽ വ്യക്തിപരമാവുന്നത് എതിർ മത്സരാർത്ഥികൾ കുടുംബത്തിൽ നിന്ന് തന്നെ ഉള്ളയാളാണ് എന്നതാണ്. ഇക്കുറി മേഖലയിലെ ജമ സീറ്റിൽ ഹേമന്ത് സോറന്റെ സഹോദരന്റെ ഭാര്യയായ സീത സോറൻ മത്സരിക്കുന്നുണ്ട്.
ഹേമന്ത് സോറന്റെ മൂത്ത സഹോദരൻ ദുർഗ സോറന്റെ ഭാര്യയാണ് സീത. ദുർഗയുടെ മരണശേഷം ജമയിൽ നിന്ന് ജെഎംഎം എംഎൽഎ ആയിരുന്നു സീത, എന്നാൽ അടുത്തിടെ ഹേമന്തുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപിയിലേക്ക് ചേക്കേറിയതാണ് അവർ. അതിന് ശേഷം നടക്കുന്ന കന്നിയങ്കത്തിൽ ഏത് വിധേനയും ജെഎംഎമ്മിനെ തോൽപ്പിക്കുക സീതയുടെ ലക്ഷ്യം.
ഇതിന് പുറമേ ശ്രദ്ധേയമായ മത്സരം നടക്കുന്നത് ഗാണ്ടെ മണ്ഡലത്തിലാണ്. ഹേമന്ത് സോറന്റെ ഭാര്യ കൽപ്പനയാണ് ഇവിടെ ജെഎംഎം സ്ഥാനാർത്ഥി. അങ്ങനെ പല കാരണങ്ങൾ കൊണ്ടും പാർട്ടിക്ക് ശരിക്കുമൊരു അഗ്നി പരീക്ഷ തന്നെയായിരിക്കും രണ്ടാംഘട്ട വോട്ടെടുപ്പിൽ. ഈ മേഖലയിൽ നിന്നുള്ള നേട്ടം പോലെയിരിക്കും അവരുടെ സർക്കാർ രൂപീകരണ സാധ്യതകൾ.












Click it and Unblock the Notifications