ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; ഹേമന്ത് സോറനും കൽപനയും മത്സരിക്കുന്ന മണ്ഡലങ്ങൾ ഇവ, ഒക്ടോബർ 24ന് പത്രിക നൽകും
റാഞ്ചി: ജാർഖണ്ഡിൽ നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കാണ് കളമൊരുങ്ങുന്നത്. നിലവിലെ ഭരണകക്ഷിയായ ജെഎംഎം, ബിജെപി എന്നീ പാർട്ടികൾ നേരിട്ട് ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിനാവും ഇക്കുറി സാക്ഷ്യം വഹിക്കുക. അതുകൊണ്ട് തന്നെ ഇരു പാർട്ടികളും കാര്യമായ മുന്നൊരുക്കങ്ങളുമായി അണിയറയിലാണ്. ഇത്തവണ ജെഎംഎം തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത് ഏറെ പ്രതീക്ഷയോടെയാണ്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ ജയിലിൽ പോയപ്പോഴും സർക്കാരിന്റെ പ്രഭാവം അതേപടി കാത്ത് സൂക്ഷിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാനമായും വിലയിരുത്തുന്ന കാര്യം. അതിന് കാരണക്കാരിൽ ഒരാൾ ഇന്ന് ബിജെപിയിലാണ്. ജെഎംഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ചാമ്പായി സോറനാണത്. അദ്ദേഹം പാർട്ടി ഉപേക്ഷിച്ച് അധികനാൾ എത്തും മുൻപ് വരുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്.

ഇക്കുറി പക്ഷേ ഹേമന്ത് സോറൻ തനിച്ചല്ല കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും കരുനീക്കങ്ങൾ നടത്തുന്നതും. ഭാര്യയും പാർട്ടിയുടെ വനിതാ മുഖവുമായ കൽപന സോറനും കട്ടയ്ക്ക് കൂടെയുണ്ട്. നിലവിൽ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കൽപന സോറനെ മുൻനിർത്തിയാണ് ജെഎംഎം പ്രചാരം പോലും നയിക്കുന്നത് എന്നതാണ് വാസ്‌തവം.
ഹേമന്ത് സോറൻ ജയിലിൽ പോയപ്പോൾ ജാർഖണ്ഡിൽ ഉണ്ടായ സവിശേഷമായ രാഷ്ട്രീയ മാറ്റങ്ങളുടെ ബാക്കി പത്രം പോലെയാണ് കൽപനയുടെ സ്വാധീനം അടിക്കടി ഉയരുന്നത്. ഇപ്പോഴിതാ ഇരുവരും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മണ്ഡലങ്ങളുടെ കാര്യത്തിൽ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. മുൻ തിരഞ്ഞെടുപ്പിൽ നിന്ന് വേറിട്ട് നിൽക്കുന്ന ചില രീതികൾ കൂടി ഇക്കുറി ജെഎംഎം നടപ്പാകുന്നുണ്ട്.
കഴിഞ്ഞ തവണ രണ്ട് മണ്ഡലങ്ങളിൽ ഒരേസമയം മത്സരിച്ച ഹേമന്ത് സോറൻ പക്ഷേ ഇക്കുറി അത് ഒന്നാക്കി ചുരുക്കും. ഒപ്പം ഉപതിരഞ്ഞെടുപ്പിൽ മിന്നുംജയം കുറിച്ച് കൊണ്ട് രാഷ്ട്രീയ രംഗപ്രവേശനം നടത്തിയ ഭാര്യ കല്പന നിലവിലെ സിറ്റിങ് സീറ്റിൽ തന്നെ മത്സരിക്കുമെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഹേമന്ത് സോറൻ ബർഹൈത് മണ്ഡലത്തിൽ തന്നെ തുടരാനാണ് സാധ്യത.
കൽപന സോറൻ ഗാണ്ഡേ മണ്ഡലത്തിലും മത്സരിക്കും. ഇതോടെ ഇത്തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇരുവരും ചുക്കാൻ പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. തന്റെ സാന്നിധ്യത്തിലൂടെ സ്ത്രീ വോട്ടർമാരെ ആകർഷിക്കുകയാണ് കൽപനയ്ക്ക് പാർട്ടി നൽകിയിരിക്കുന്ന ചുമതല. അത് അവർ കൃത്യമായി നിർവഹിച്ചാൽ ഒരിക്കൽ കൂടി ഭരണമെന്ന മോഹം ജെഎംഎമ്മിന് അധികം അകലെയാവില്ല.
സ്ഥാനാർത്ഥി നിർണയം പൂർണമായി പൂർത്തിയായ ശേഷമാവും ഇവർ നാമനിർദ്ദേശ പത്രിക സമർപ്പിക്കുക എന്നാണ് അറിയിച്ചിരിക്കുന്നത്. അത് ഒക്ടോബർ 24നാവാനാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. എന്തായാലും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഏറെക്കുറെ അവസാന തീരുമാനത്തിൽ എത്തിയ സാഹചര്യത്തിൽ ജെഎംഎം ഉൾപ്പെടുന്ന ഇന്ത്യ സഖ്യവും അധികം വൈകാതെ തീരുമാനം പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications