ജാർഖണ്ഡിൽ അധികാരം നിലനിർത്തുമെന്ന് ജെഎംഎം; 59 സീറ്റുകൾ വരെ നേടും, സാധ്യതാ പട്ടിക പുറത്ത്
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം മണിക്കൂറുകൾ മാത്രമാണ് ഇനി ശേഷിക്കുന്നത്. സംസ്ഥാനത്ത് നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ സഖ്യവും എൻഡിഎയും. എക്‌സിറ്റ് പോളുകൾ നേരിയ മേൽക്കൈ എൻഡിഎയ്ക്ക് പറയുമ്പോഴും ഇന്ത്യ സഖ്യം ആത്മവിശ്വാസത്തിലാണ്. സംസ്ഥാനത്ത് ഭരണത്തുടർച്ച എന്ന നേട്ടത്തിലേക്ക് നടന്നടുക്കാൻ തങ്ങൾക്ക് കഴിയുമെന്നാണ് അവർ അവകാശപ്പെടുന്നത്.
സഖ്യത്തിന് നേതൃത്വം നൽകുന്ന കക്ഷികളിൽ ഒന്നായ ജെഎംഎം ഇതേ നിലപാടാണ് പങ്കുവയ്ക്കുന്നത്. സംസ്ഥാനത്ത് ഇന്ത്യ സഖ്യം വൻ ജയം നേടുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നാണ് അവർ പറയുന്നത്. ഇതിന് പുറമേ സംസ്ഥാനത്ത് നേടാൻ സാധ്യതയുള്ള സീറ്റുകളുടെ സാധ്യത പട്ടികയും അവർ തയ്യാറാക്കിയിട്ടുണ്ട്. വോട്ടെണ്ണലിന് മണിക്കൂറുകൾക്ക് മുൻപാണ് ജെഎംഎം ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഏതൊക്കെ സീറ്റുകളിൽ ജയിക്കും എന്ന സാധ്യതയാണ് അവർ പങ്കുവയ്ക്കുന്നത്. മാത്രമല്ല കഴിഞ്ഞ തവണത്തേതിലും വോട്ടുകൾ അധികം നേടിയാവും ജയിക്കുക എന്നാണ് മുന്നണി പ്രതീക്ഷിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 81ൽ 59 സീറ്റുകളും മഹാസഖ്യം നേടുമെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ അവകാശപ്പെട്ടു.
സംസ്ഥാനത്തെ ആകെയുള്ള 24 ജില്ലകളിൽ 11 എണ്ണത്തിലും ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെടുമെന്നാണ് സുപ്രിയോ പറയുന്നത്. ബാക്കിയുള്ള 13 ജില്ലകളിലും എൻഡിഎ കടുത്ത പോരാട്ടം നേരിടേണ്ടി വരുമെന്നും അദ്ദേഹം പ്രവചിക്കുന്നു. എന്നാൽ ഈ പട്ടികയുടെ തയ്യാറാക്കലിലേക്ക് നയിച്ച ഡാറ്റകൾ എന്താണെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.
പ്രതീക്ഷയോടെ എൻഡിഎ സഖ്യവും
ജെഎംഎം ജയ പ്രതീക്ഷ പങ്കുവച്ചതിന് പിന്നാലെ എൻഡിഎയും സമാനമായ രീതിയിലാണ് പ്രതികരണം നടത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ രൂപീകരിക്കുന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നാണ് അവകാശപ്പെടുന്നത്. ജാർഖണ്ഡിലെ ജനങ്ങൾക്ക് മാറ്റം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ബഹുദൂരം മുന്നിലാണെന്ന് ധൻവാർ നിയമസഭാ സീറ്റിൽ മത്സരിച്ച ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ കൂടിയായ ബാബുലാൽ മറാണ്ടിയും പറഞ്ഞു. 51-ലധികം സീറ്റുകൾ നേടി ബിജെപിയും എൻഡിഎയും സർക്കാർ രൂപീകരിക്കുമെന്നും മറാണ്ടി അവകാശപ്പെടുന്നു.
അതേസമയം, സംസ്ഥാനത്ത് ആകെ 81 സീറ്റുകളാണ് നിയമസഭയിലുള്ളത്. അതിൽ 42 സീറ്റുകൾ നേടുന്ന കക്ഷിക്ക് ഭരണം ലഭിക്കും. നവംബർ 13, 20 ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഏകദേശം 2.60 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. നവംബർ 23ന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തോടൊപ്പം ജാര്ഖണ്ഡിലേതും അറിയാം.












Click it and Unblock the Notifications