വരുന്നവനും പോകുന്നവനുമെല്ലാം സീറ്റ്, ജാര്‍ഖണ്ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ കലിപ്പില്‍
റാഞ്ചി: ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതിനോടകം ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട്. നിരവധി നേതാക്കളാണ് വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപിയില്‍ ഇത് വലിയ പ്രതിസന്ധിക്ക് കാരണമായിരിക്കുകയാണ്. വരുന്നവര്‍ക്കെല്ലാം സീറ്റ് നല്‍കേണ്ട അവസ്ഥയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ പല പ്രാദേശിക നേതാക്കളും ഇതേ തുടര്‍ന്ന് അതൃപ്തിയിലാണ്.
മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവരില്‍ അധികവും സ്വാധീനശക്തിയുള്ള നേതാക്കളാണ്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും ബിജെപി സീറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഹുസൈനാബാദില്‍ നിന്നുള്ള എന്‍സിപി എംഎല്‍എ കമലേഷ് കുമാര്‍ സിംഗ് ബിജെപിയില്‍ ചേരാന്‍ പോവുകയാണ്.

കമലേഷിന്റെ വരവ് ബിജെപി പ്രവര്‍ത്തകര്‍ വലിയ രീതിയില്‍ ഏറ്റെടുത്തിട്ടില്ല. ഹുസൈനാബാദില്‍ വലിയ പ്രതിഷേധം തന്നെയുണ്ടായിരുന്നു. സംഘടനയില്‍ സമ്മര്‍ദം ചെലുത്തി ഈ നീക്കത്തെ തടയാനും ശ്രമങ്ങളുണ്ടായിരുന്നു. നിരവധി പേരാണ് രാജിഭീഷണി മുഴക്കിയത്. നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ കൂടി വരുന്നത് ബിജെപിയില്‍ നേരത്തെയുള്ള പ്രവര്‍ത്തകര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.
സംസ്ഥാന നേതൃത്വത്തില്‍ നിരവധി പരാതികളാണ് ഇക്കാര്യത്തില്‍ ലഭിച്ചിരിക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹിമന്ത ബിശ്വ ശര്‍മ ജാര്‍ഖണ്ഡിലെത്തിയത്. പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
നിരവധി പേര്‍ ഇനിയും ജാര്‍ഖണ്ഡില്‍ ബിജെപിയിലേക്ക് വരും. എന്നാല്‍ എല്ലാവരെയും സ്ഥാനാര്‍ത്ഥികളാക്കാനാവില്ല. എല്ലാവരെയും പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യാനുമാവില്ല. എല്ലാ കാര്യങ്ങളും പരിഗണിക്കുകയും, നേതൃത്വവുമായി ആലോചിക്കുകയും ചെയ്ത ശേഷമേ സ്ഥാനാര്‍ത്ഥിയാക്കൂ എന്നാണ് ഹിമന്ത ശര്‍മ അഭിപ്രായപ്പെട്ടത്.
അതേസമയം സഖ്യത്തിലും ബിജെപി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ജെഡിയു കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നതാണ് വെല്ലുവിളി. ജെഡിയുവുമായി ബിജെപി ജാര്‍ഖണ്ഡില്‍ സഖ്യമുണ്ട്. ബിജെപിക്ക് വിജയസാധ്യതയുള്ള സീറ്റുകള്‍ ഇത്തവണ ജെഡിയുവിന് നല്‍കേണ്ടി വരും. അതും മുന്നണിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കും.
ജാര്‍ഖണ്ഡില്‍ ജെഡിയുവിന്റെ സംഘടനാ സംവിധാനം അത്ര ശക്തമല്ല. ബിജെപിയുടെ കരുത്തിനെ ആശ്രയിച്ചാണ് അവരുടെ നിലനില്‍പ്പ്. കൂടുതല്‍ സീറ്റുകള്‍ ജെഡിയു ആവശ്യപ്പെട്ടാല്‍ പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് ഉറപ്പാണ്. ജെഡിയു അഞ്ച് സീറ്റുകളില്‍ കൂടുതല്‍ വേണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ രണ്ട് സീറ്റേ നല്‍കൂ എന്നാണ് ബിജെപി നിലപാട്. 2019ല്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപി ഒറ്റയ്ക്ക് 25 സീറ്റുകള്‍ നേടിയിരുന്നു.
ദിയോഗര്‍, തമാര്‍, മാണ്ഡു, ജാര്‍മുണ്ഡി, ഛതാര്‍പൂര്‍, ബാഗ്മാര, ഗാര്‍വ, ജംഷേദ്പൂര്‍ ഈസ്റ്റ് എന്നീ സീറ്റുകളാണ് ജെഡിയു ആവശ്യപ്പെടുന്നത്. എജെഎസ്‌യുവുമായും ബിജെപിക്ക് സഖ്യമുണ്ട്. തമാര്‍ സീറ്റാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എജെഎസ്‌യുവിന് 9 സീറ്റില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറയുന്നു. 11 സീറ്റില്‍ കുറഞ്ഞൊരു അനുനയത്തിന് ഇല്ലെന്നാണ് എജെഎസ്‌യു നിലപാട്.












Click it and Unblock the Notifications