രഘുബര്‍ ദാസ് മടങ്ങി വരുമോ? ജംഷേദ്പൂര്‍ ഈസ്റ്റില്‍ വന്‍ ജനപ്രീതി; വെല്ലുവിളികള്‍ ഇങ്ങനെ
റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇറങ്ങും മുമ്പ് ബിജെപി ക്യാമ്പില്‍ കടുത്ത ആശയക്കുഴപ്പം. മുന്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ് മത്സരിക്കുന്ന കാര്യത്തിലാണ് പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുള്ളത്. ഒരേസമയം പാര്‍ട്ടിക്ക് കരുത്തും ദൗര്‍ബല്യവുമാണ് അദ്ദേഹം. നിലവില്‍ ഒഡീഷയുടെ ഗവര്‍ണറാണ് അദ്ദേഹം. വൈകാതെ തന്നെ ഗവര്‍ണര്‍ സ്ഥാനം അദ്ദേഹം രാജിവെക്കുമെന്നാണ് അഭ്യൂഹം.
പാര്‍ട്ടിയില്‍ രഘുബര്‍ ദാസ് മത്സരിക്കുന്നതിനോട് എതിര്‍പ്പുകള്‍ ഉള്ളവരുണ്ട്. കഴിഞ്ഞ ദിവസം ബിജെപി എംപി നിഷികാന്ത് ദുബെ രഘുബര്‍ ദാസ് ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലേക്ക് മടങ്ങില്ലെന്നാണ് അറിയിച്ചത്. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലുള്ള ഭരണം ദുര്‍ബലമായെന്നാണ് ബിജെപി വിലയിരുത്തല്‍. രഘുബര്‍ ദാസിന്റെ പരിചയസമ്പത്ത് ഭരണം തിരിച്ചുപിടിക്കാന്‍ സഹായകരമാകുമെന്നാണ് ബിജെപി വിശ്വസിക്കുന്നത്.

രഘുബര്‍ ദാസിന്റെ നേതൃത്വത്തിലാണ് ജാര്‍ഖണ്ഡില്‍ ആദ്യ ബിജെപി ഭരണം നിലവില്‍ വന്നത്. അതുകൊണ്ട് ദാസിനെ കൈവിടാന്‍ നേതൃത്വത്തിന് ബുദ്ധിമുട്ടുണ്ട്. ഒരാഴ്ച്ച മുമ്പ് ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ ഒഡീഷയിലെ ഭുവനേശ്വറിലെത്തി രഘുബര്‍ ദാസിനെ കണ്ടിരുന്നു.
അതേസമയം ഹിമന്തയുടെ കൂടിക്കാഴ്ച്ച ജാര്‍ഖണ്ഡ് ബിജെപിയിലേക്ക് ദാസ് മടങ്ങി വരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. ജനപ്രീതി തന്നെയാണ് രഘുബര്‍ ദാസിനെ മടക്കി കൊണ്ടുവരാന്‍ ബിജെപിയെ പ്രേരിപ്പിക്കുന്ന ഘടകം. ജംഷേദ്പൂര്‍ ഈസ്റ്റ് മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് രഘുബര്‍ ദാസിനാണ്.
ജംഷേദ്പൂര്‍ ഈസ്റ്റില്‍ രഘുബര്‍ ദാസിന് വലിയ ജനപിന്തുണയാണ് ഉള്ളത്. മണ്ഡലത്തില്‍ അദ്ദേഹം തന്നെ മത്സരിക്കണമെന്നാണ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ജാര്‍ഖണ്ഡ് ബിജെപിയില്‍ രഘുബര്‍ ദാസിനോളം കരുത്തേറിയ ബിജെപി നേതാവുമില്ല. ജാര്‍ഖണ്ഡ് ജനസംഖ്യയില്‍ 50 ശതമാനം ഒബിസിയാണ്.
സാഹു-ടെലി വിഭാഗങ്ങളും ഒബിസിയുടെ ഭാഗമാണ്. ഇവര്‍ 25 ശതമാനത്തോളം വരും. ഈ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അദ്ദേഹം. 1995 മുതല്‍ 2019 വരെ ജംഷേദ്പൂര്‍ ഈസ്റ്റില്‍ നിന്ന് വിജയിച്ചിരുന്നു അദ്ദേഹം. 2019ലാണ് അദ്ദേഹം പരാജയപ്പെട്ടത്. സരയൂ റായിയാണ് ഇവിടെ സ്വതന്ത്രയായി നിന്ന് വിജയിച്ചത്. ഇത്തവണ ജംഷേദ്പൂര്‍ ഈസ്റ്റ് സീറ്റ് വേണമെന്നാണ് ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ജാര്‍ഖണ്ഡ് ചരിത്രത്തില്‍ രഘുബര്‍ ദാസിന് ഒരുപാട് പ്രത്യേകതകളുണ്ട്. 24 വര്‍ഷത്തിനിടെ ഇതുവരെ രഘുബര്‍ ദാസ് മാത്രമാണ് മുഖ്യമന്ത്രി പദത്തില്‍ അഞ്ച് വര്‍ഷം തികച്ചത്. എന്നാല്‍ കഴിഞ്ഞ തവണ രഘുബര്‍ ദാസിനെ പരാജയപ്പെടുത്തിയ സരയൂ റായ് ഇപ്പോള്‍ ജെഡിയുവിനൊപ്പമാണ്. ജംഷേദ്പൂര്‍ ഈസ്റ്റില്‍ നിന്ന് മത്സരിക്കണമെന്നാണ് സരയൂവിന്റെ ആഗ്രഹം. എന്നാല്‍ മുന്‍ മുഖ്യമന്ത്രി മടങ്ങി വന്നാല്‍ സരയൂവിന് ഈ സീറ്റ് ലഭിക്കാന്‍ സാധ്യത കുറവാണ്. പകരം ജംഷേദ്പൂര്‍ വെസ്റ്റ് മണ്ഡലം നല്‍കിയേക്കും.
രഘുബര്‍ ദാസിന്റെ കാലത്ത് വലിയ വിവാദങ്ങള്‍ ജാര്‍ഖണ്ഡില്‍ ബിജെപി നേരിട്ടിരുന്നു. അത് വീണ്ടും മത്സരിക്കുമ്പോള്‍ വെല്ലുവിളിയാവാനും സാധ്യതയുണ്ട്. ആദിവാസി വിരുദ്ധ പരാമര്‍ശമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ജാര്‍ഖണ്ഡ് ആദിവാസി സംസ്ഥാനമെന്ന നിലയില്‍ പേരുകേട്ടതുമാണ്.












Click it and Unblock the Notifications