ജാർഖണ്ഡ് തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യത്തിൽ ഭിന്നതയോ? സീറ്റ് വിഭജനത്തിൽ ആർജെഡിക്ക് കടുത്ത അതൃപ്‌തി
റാഞ്ചി: വോട്ടെടുപ്പിന് ആഴ്‌ചകൾ മാത്രം ശേഷിക്കെ കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡിൽ ഇന്ത്യ സഖ്യം സീറ്റ് വിഭജന ഫോർമുല പ്രഖ്യാപിച്ചത്. ഇന്ത്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോൺഗ്രസും ജെഎംഎമ്മും തന്നെയാണ് കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നത്. ആകെ എഴുപത് സീറ്റുകളിൽ ഇരു പാർട്ടികളും മത്സരിക്കുമ്പോൾ ശേഷിക്കുന്ന പതിനൊന്ന് സീറ്റുകളിൽ ആർജെഡിയും ഇടത് പക്ഷവും ആയിരിക്കും ജനവിധി തേടുക.
എന്നാൽ ഈ പ്രഖ്യാപനം മുന്നണിയിൽ ചെറുതല്ലാത്തൊരു പ്രതിസന്ധിക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സഖ്യത്തിലെ പ്രധാന കക്ഷിയായ ആർജെഡിക്ക് പ്രഖ്യാപനത്തിൽ അതൃപ്‌തി ഉണ്ടെന്ന സൂചനകൾ തുടക്കം മുതൽ പുറത്തുവന്നിരുന്നു. പ്രഖ്യാപനം നടത്തുന്ന വേളയിൽ അവിടെ ആർജെഡി, ഇടത് പ്രതിനിധികൾ ഇല്ലെന്നത് ശ്രദ്ധേയമായ കാര്യമായിരുന്നു.

ഇപ്പോഴിതാ ആർജെഡി നിലപാട് കൂടുതൽ കടുപ്പിക്കുകയാണ് എന്നാണ് സൂചന. തീരുമാനം തിടുക്കത്തിൽ എടുത്തതായി പോയെന്നാണ് പാർട്ടിയുടെ നിലപാട്. അത് നേതാക്കൾ പ്രകടിപ്പിക്കുന്നുമുണ്ട്.ഏറ്റവും ഒടുവിൽ ആർജെഡി നേതാവും രാജ്യസഭാ എംപിയുമായി മനോജ് ജായാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. രണ്ട് മിനിറ്റ് ന്യൂഡിൽസ് പോലെ പെട്ടെന്ന് തയ്യാറാക്കാൻ കഴിയുന്ന ഒന്നല്ല സ്ഥാനാർത്ഥി പട്ടിക എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
മുന്നണി പ്രഖ്യാപനത്തിലും മറ്റ് നടപടി ക്രമങ്ങളിലും ആർജെഡി നേതാക്കളെ പങ്കെടുപ്പിക്കാത്തതിലാണ് പ്രധാനമായും അവർ അതൃപ്‌തി ഉന്നയിക്കുന്നത്. തേജസ്വി യാദവ് റാഞ്ചിയിൽ ഉണ്ടായിരുന്നിട്ടും ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത് മോശമായി എന്നാണ് മനോജ് ജാ പറയുന്നത്. സംസ്ഥാനത്തെ കാര്യമായ ശക്തി ഉണ്ടായിരുന്നിട്ടും സീറ്റുകൾ കുറഞ്ഞതും ആർജെഡിയെ ചൊടിപ്പിച്ചിട്ടുണ്ട്.
പതിനഞ്ച് മണ്ഡലങ്ങൾ വരെ ബിജെപിയെ ഒറ്റയ്ക്ക് തോൽപ്പിക്കാൻ പാർട്ടിക്ക് കെൽപ്പുണ്ടെന്നായിരുന്നു ആർജെഡിയുടെ വാദം. സീറ്റ് വിഭജന പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡി നേതാക്കൾ അതൃപ്‌തി പരസ്യമാക്കിയതോടെ ഇന്ത്യ സഖ്യത്തിൽ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകളും തേടി തുടങ്ങിയിട്ടുണ്ട്. രാഹുൽ ഗാന്ധിയും ഹേമന്ത് സോറനും തേജസ്വി യാദവിനെ നേരിട്ട് കണ്ടുവെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇന്നലെയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനം കോൺഗ്രസും ജെഎംഎമ്മും ചേർന്ന് നടത്തിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ജെഎംഎം 43 സീറ്റുകളിൽ മത്സരിച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. കോൺഗ്രസാവട്ടെ സംസ്ഥാനത്ത് 27 സീറ്റുകളിലാവും മത്സരിക്കുക.
ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ടുകൊണ്ടാണ് കോൺഗ്രസ് ജാർഖണ്ഡിൽ കരുതലോടെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സഖ്യത്തിൽ ഉണ്ടായ ഭിന്നതയ്ക്ക് ഉടൻ പരിഹാരം കണ്ടെത്താനാണ് അവർ ശ്രമിക്കുന്നത്. സീറ്റ് വിഭജന ഫോർമുലയിൽ ആർജെഡിയെ എങ്ങനെ മെരുക്കിയെടുക്കാം എന്നാണ് ജെഎംഎമ്മും കോൺഗ്രസും ആലോചിക്കുന്നത്.
നവംബർ 13, 20 തീയതികളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 23നാണ് ഫലപ്രഖ്യാപനം നടക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജെഎംഎമ്മിന്റെ നേതൃത്വത്തിലുള്ള സഖ്യം 47 സീറ്റുകൾ നേടിയാണ് അധികാരത്തിലേറിയത്. അതിൽ ജെഎംഎം 30 സീറ്റുകളും കോൺഗ്രസ് 16 സീറ്റുകളും ആർജെഡി 1 സീറ്റും നേടിയിരുന്നു. ഇതേ നേട്ടം ഇത്തവണയും ആവർത്തിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ ശ്രമം.












Click it and Unblock the Notifications