ആദിവാസി വനിതകളുടെ വോട്ട് പിടിക്കുമോ കൽപ്പന സോറൻ? ഇത് ബിജെപി മനസിൽ പോലും കാണാത്ത തന്ത്രം
റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി അടുത്ത് വരുന്നതിനാൽ തന്നെ മുന്നണികൾ എല്ലാം പ്രചാരണ തിരക്കിലാണ്. സംസ്ഥാനത്ത് ഇന്ത്യ സഖ്യവും എൻഡിഎയും ദേശീയ തലത്തിൽ എന്ന പോലെ നേരിട്ട് ഏറ്റുമുട്ടുന്ന സവിശേഷമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇരു മുന്നണികളും വിശാല അർത്ഥത്തിൽ എല്ലാ പാർട്ടികളും ഉൾക്കൊള്ളുന്ന തരത്തിൽ ഉള്ളതല്ലെങ്കിലും ദേശീയ രാഷ്ട്രീയത്തിന്റെ ഒരു പരിച്ഛേദം ജാർഖണ്ഡിൽ പ്രകടമാണ്.
ഒരുമിച്ച് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിൽ നിന്ന് വ്യത്യസ്‌തമായി ജാർഖണ്ഡിലെ പ്രചാരണ വിഷയങ്ങളും ലക്ഷ്യമിടുന്ന വോട്ട് ബാങ്കും തികച്ചും വേറിട്ടതാണ്. ഇവിടെ പ്രധാനമായും ആദിവാസി വിഭാഗങ്ങളുടെ വോട്ടിന് വേണ്ടിയാണ് മുന്നണികൾ പരസ്‌പരം പോരടിക്കുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പഴക്കമുള്ള സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ ആദിവാസി വിഭാഗത്തിന്റെ വോട്ട് നേടുന്നവർ മാത്രമേ വിജയിച്ചിട്ടുള്ളൂ എന്ന് കാണാം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങൾക്ക് ഇടയിൽ നേട്ടമുണ്ടാക്കിയത് ഭരണകക്ഷിയായ ജെഎംഎം-കോൺഗ്രസ് സഖ്യമാണെന്ന് കാണാം. ഇക്കുറി വിജയം ആവർത്തിക്കാനായി അവർ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. കൂടാതെ ആദിവാസി വനിതകളുടെ വോട്ട് പെട്ടിയിലാക്കാനായി ഇത്തവണ അവർ പുതിയൊരു നേതാവിനെ ചുമതല ഏൽപ്പിച്ചിട്ടുമുണ്ട്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൂടിയായ കൽപ്പന സോറനാണ് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ആദിവാസി വനിതകൾ കൽപ്പനയെ നെഞ്ചിലേറ്റുമോ?
കേവലം മാസങ്ങൾ കൊണ്ട് ജാർഖണ്ഡ് രാഷ്ട്രീയത്തിൽ മാറ്റി നിർത്താൻ കഴിയാത്ത പേരുകളിൽ ഒന്നായി മാറിയ വ്യക്തിയാണ് കൽപ്പന സോറൻ. ജാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇക്കുറി ജെഎംഎമ്മും ഇന്ത്യ സഖ്യവും ഇറക്കിയ തുറുപ്പ് ചീട്ട് എന്ന് വേണമെങ്കിൽ അവരെ വിശേഷിപ്പിക്കാം. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ആദിവാസി വനിതകളെ പങ്കെടുപ്പിച്ച് കൊണ്ട് കൽപ്പന നടത്തിയ തിരഞ്ഞെടുപ്പ് റാലികൾ എതിരാളികളെ ആഴത്തിൽ ചിന്തിപ്പിക്കുന്നതാണ്.
കൊടുംവെയിലിൽ പോലും ഗ്രാമങ്ങളിൽ ആദിവാസി വനിതകൾ കൽപ്പനയുടെ പ്രസംഗം കേൾക്കാനായി തടിച്ചുകൂടുന്ന കാഴ്‌ച പലപ്പോഴും ദേശീയ മാധ്യമങ്ങൾ പോലും വാർത്തയാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ താരപ്രചാരക എന്ന ലേബലിൽ നിന്ന് മാറി ജെഎംഎം അവരെ ഏൽപ്പിച്ച ജോലി കൃത്യമായി അവർ ചെയ്യുന്നു എന്നതിന്റെ സൂചനയാണ് ഈ ആൾക്കൂട്ടം.
തന്റെ ഭർത്താവിനെ അകാരണമായി ജയിലിൽ അടച്ച, നാടിനെ കട്ടുമുടിക്കുന്ന ബിജെപി അധികാരത്തിൽ വരരുതെന്ന് കൽപ്പന സോറൻ വൈകാരികമായി ആദിവാസി വനിതകളോട് പറഞ്ഞു വയ്ക്കുകയാണ്. പല ഉൾനാടൻ ഗ്രാമങ്ങളിലും ഹേമന്ത് സോറന്റെ റാലിക്ക് പകരം കൽപ്പനയെ എത്തിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പോലും പറയുന്നു.
സ്വന്തം വ്യക്തിപരമായ വിഷയങ്ങൾ മാത്രമല്ല മുൻപ് സംസ്ഥാനത്ത് ബിജെപി ഭരിച്ചിരുന്നപ്പോൾ ആദിവാസി വിഭാഗത്തിന് നേരെ നടത്തിയ അതിക്രമങ്ങൾ എണ്ണിപറഞ്ഞുകൊണ്ടാണ് കൽപ്പന തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ദിവസം അഞ്ചിലധികം റാലികളിൽ പങ്കെടുത്ത് കൊണ്ടാണ് അവർ പാർട്ടിയെ മുന്നോട്ട് നയിക്കുന്നത്. ഈ ജനപിന്തുണ ജെഎംഎമ്മിനുള്ള വോട്ടായി മാറുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
അതേസമയം, സംസ്ഥാനത്ത് നവംബർ 13നാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രണ്ടാംഘട്ട വോട്ടെടുപ്പ് നവംബർ 20നും നടക്കും. നവംബർ 23ന് ഫലപ്രഖ്യാപനവും നടക്കും. ആകെ 81 നിയമസഭാ സീറ്റുകളാണ് ജാർഖണ്ഡിൽ ഉള്ളത്. അതിൽ വലിയൊരു പങ്ക് സീറ്റുകളും എസ്‌ടി വിഭാഗത്തിനായി സംവരണം ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് തന്നെയാണ് ആദിവാസി വിഭാഗത്തിന്റെ വോട്ടിനായി ഇരു മുന്നണികളും ഒരുപോലെ ശ്രമിക്കുന്നത്.












Click it and Unblock the Notifications