തമിഴ്നാട് വിഷമദ്യ ദുരന്തം: മരണ സംഖ്യ ഉയരുന്നു; ജില്ലാ കളക്ടറെ സ്ഥലം മാറ്റി,എസ് പിക്ക് സസ്പെൻഷൻ
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. നാല്പതോളം പേർ ചികിത്സയിലുണ്ടെന്നാണ് വിവരം. കള്ളക്കുറിച്ചി താലൂക്കിലെ കരുണപുരം കോളനിയിൽ നിന്നുള്ളവരാണ് മരിച്ചവരും ചികിത്സയിലുള്ളവരും. സംഭവത്തിൽ തമിഴ്നാട് സർക്കാർ കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ജില്ലാ കളക്ടർ ശ്രവൺ കുമാർ ജടാവലത്തിനെ സ്ഥലം മാറ്റി. എ സ് പി സമയ് സിങ് മീണയെ സസ്പെൻഡ് ചെയ്തു. എം എസ് പ്രശാന്ത് ആണ് പുതിയ കളക്ടർ. രജത് ചതുർവേദിക്കാണ് പോലീസ് സൂപ്രണ്ടിന്റെ ചുമതല. ഡി എസ് പിമാരായ തമിഴ്ശെൽവനേയും മനോജിനെയും സസ്പെൻഡ് ചെയ്തു. ഇവരെ കൂടാതെ ഏഴ് പോലീസ് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

വിഷ മദ്യം വിറ്റ കണ്ണുക്കുട്ടു എന്നറിയപ്പെടുന്ന ഗോവിന്ദരാജിനെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ വിറ്റ മദ്യത്തിൽ മെഥനോളിന്റെ അശമുണ്ടായിരുന്നതായി ഫോറൻസിക് പരിശോധനയിൽ വ്യക്തമായതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. കള്ളക്കുറിച്ചിയിൽ ചികിത്സയിലുള്ള 26 പേർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് മന്ത്രിമാരായ ഇ വി വേലുവിനോടും മാ. സുബ്രഹമണ്യനോടും സ്ഥലത്തേക്ക് തിരിക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ നിർദ്ദേശിച്ചു.
സർക്കാർ കള്ളക്കുറിച്ചിയിലേക്ക് നാലംഹ മെഡിക്കൽ സംഘത്തെ അയച്ചു. സേലത്ത് നിന്നും തിരുവണ്ണമലൈയിൽ നിന്നും കള്ളക്കുറിച്ചിയിലേക്ക് ഡോക്ടർമാർ എത്തിയിട്ടുണ്ട്. ആംബുലൻസുകളും തയ്യാറാക്കി നിർത്തിയിട്ടുണ്ട്.
പാക്കറ്റ് മദ്യം കഴിച്ചതിനെ തുടർന്ന് അസ്വസ്ഥതകളുണ്ടായ 20 ഓളം പേർ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയെന്നാണ് സർക്കാർ പറയുന്നത്. 18 പേരെ പുതുച്ചേരി ജിപ്മെറിലേക്ക് മാറ്റി. ആറ് പേർ സേലം സർക്കാർ ആശുപത്രിയിലും ചികിത്സയിലാണ്.
അതേ സമയം ഡി എം കെ ഗവർൺമെന്റിനേയും എം കെ സ്റ്റാസലിനേയും രൂക്ഷമായി വിമർശിച്ച് ബി ജെ പി രംഗത്ത് വന്നിരുന്നു. ബി ജെ പി തമിഴ്നാട് പ്രസിഡന്റ് കെ അണ്ണാമലൈയാണ് വിമർശിച്ചത്.
വ്യാജ മദ്യം ഉണ്ടാക്കുന്നവരുമായി ഡി എം കെ മന്ത്രി മസ്താന് അടുത്ത ബന്ധമുണ്ടെന്ന് അണ്ണാമലൈ ആരോപിച്ചു. വ്യാജ മദ്യം നിർമിക്കുന്നവർക്കെതിരെ നടപടിയെടുക്കാത്തതാണ് ഇത്തരം ദുരന്തത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, കഴിഞ്ഞ വർഷം മേയിൽ വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമത്തിൽ 22 പേർ വ്യാജ മദ്യം കഴിച്ച് മരിച്ചിരുന്നു.












Click it and Unblock the Notifications