'ഇന്ത്യയെ ഹിന്ദ്യയാക്കാൻ ശ്രമിക്കുന്നു'; എംകെ സ്‌റ്റാലിന്റെ 2019ലെ പരാമർശം ഏറ്റെടുത്ത് കമൽ ഹാസൻ
ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കൽ, മണ്ഡല അതിർത്തി നിർണയ വിഷയങ്ങൾ കത്തിനിൽക്കവേ പ്രതികരിച്ച് നടനും രാഷ്ട്രീയക്കാരനുമായ കമൽ ഹാസൻ. വിഷയത്തിൽ കേന്ദ്ര സർക്കാരും സംസ്ഥാനത്തെ ഭരണകക്ഷിയുമായ ഡിഎംകെയും തമ്മിലുള്ള അഭിപ്രായ ഭിന്നത മുറുകുന്നതിനിടെയാണ് കമൽ ഹാസനും കൂടി ഇതിലേക്ക് ചേർന്നത്. തമിഴ് പാർട്ടികളുടെ യോഗത്തിലാണ് കമൽ നിർണായകമായ അഭിപ്രായ പ്രകടനം നടത്തിയത്.
ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളെ ഭാഷ സ്വീകരിക്കാൻ നിർബന്ധിച്ച് കേന്ദ്ര സർക്കാർ ഇന്ത്യയെ ഹിന്ദ്യയാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്രത്തിന്റെ ഹിന്ദി അടിച്ചേൽപ്പിക്കലും അതിർത്തി നിർണയവും സംബന്ധിച്ച പ്രമേയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യോഗത്തിന് ശേഷം അയക്കുകയും ചെയ്‌തിരുന്നു.

"എല്ലാ സംസ്ഥാനങ്ങളും ഹിന്ദി സംസാരിക്കാനും തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തോടെ വിജയിക്കാനുമാണ് കേന്ദ്രം ശ്രമിക്കുന്നത്. നമ്മുടെ സ്വപ്‌നം 'ഇന്ത്യ' ആണ്... അവരുടേത് 'ഹിന്ദ്യയും' ആണ്" കമൽ ഹാസൻ യോഗത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഈ വിഷയത്തിൽ ആറ് വർഷങ്ങൾക്ക് മുൻപ് എംകെ സ്‌റ്റാലിൻ നടത്തിയ പരാമർശങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ് ഈ നിലപാട്.
നിലവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ 'ഹിന്ദി ദിവസ്' എന്ന സോഷ്യൽ മീഡിയ പോസ്‌റ്റ് വന്നതിന് പിന്നാലെയാണ് 2019ൽ എംകെ സ്‌റ്റാലിൻ സമാനമായ പരാമർശം നടത്തിയത്. ആഗോള തലത്തിൽ ഇന്ത്യയുടെ അടയാളം എന്ന നിലയിൽ ഹിന്ദിയാണ് സ്വീകരിക്കപ്പെടുന്നത് എന്ന അമിത് ഷായുടെ പ്രസ്‌താവനയ്ക്ക് പിന്നാലെയാണ് ഡിഎംകെ തിരിച്ചടിച്ചത്, ഇത് ഇന്ത്യയാണ് ഹിന്ദ്യയല്ല എന്നായിരുന്നു മറുപടി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപ്പിക്കപ്പെടുന്നതിനെ കുറിച്ച് പല തമിഴ് രാഷ്ട്രീയക്കാരെയും പോലെ കമൽഹാസനും വാചാലനായിട്ടുണ്ട്. വിഷയത്തിൽ ശക്തമായ ഭാഷയിൽ തന്നെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചിട്ടുള്ളത്. ഇതിന്റെ തുടർച്ചയാണ് സ്‌റ്റാലിന്റെ പഴയ പരാമർശം ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം രംഗത്ത് വരുന്നത്.
കഴിഞ്ഞ ദിവസവും ഇക്കാര്യത്തിൽ തുറന്ന പോരിന് തയ്യാറാണ് എന്ന സൂചനയാണ് ഡിഎംകെ നൽകിയത്. കമൽ ഹാസനും സമാന നിലപാടാണ് വച്ചു പുലർത്തുന്നത്. ഒരു ഭാഷയ്ക്ക് വേണ്ടി തമിഴർക്ക് ജീവൻ നഷ്‌ടപെട്ടതാണ്, അതിനാൽ ഇത് കൊണ്ട് കളിക്കരുത്; എന്നായിരുന്നു മക്കൾ നീതി മയ്യം യോഗത്തിൽ കമൽ ഹാസൻ പറഞ്ഞത്.
കൂടാതെ ഡീലിമിറ്റേഷൻ മരവിപ്പിക്കണമെന്നും അല്ലെങ്കിൽ നിലവിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പാർലമെന്റ് മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയിക്കണമെന്നും കമൽഹാസൻ ആവശ്യപ്പെട്ടിരുന്നു. മണ്ഡല പുനർനിർണയം ഉണ്ടായാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനിടയിലാണ് ഭാഷാ പ്രശ്‌നവും വെല്ലുവിളി ഉയർത്തുന്നത്.












Click it and Unblock the Notifications