കേരളത്തിൽ നിന്ന് പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്ക് ക്വാറന്റൈൻ വേണ്ട: പുതിയ ഉത്തരവിറക്കി കർണ്ണാടക
ബെംഗളൂരു: കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ ഇളവുകൾ അനുവദിച്ച് കർണ്ണാടക. കേരളത്തിൽ നിന്ന് കർണ്ണാടകത്തിലേക്ക് പരീക്ഷയെഴുത്താൻ വേണ്ടി എത്തുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്വാറന്റൈൻ ചട്ടങ്ങളിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്തെത്തി മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചുപോകുന്നവർക്ക് മാത്രമായിരിക്കും ക്വാറന്റൈനിൽ ഇളവ് ലഭിക്കുക. ഇത് സംബന്ധിച്ച് കർണ്ണാടക സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി രക്ഷിതാക്കളിൽ ആർക്കെങ്കിലും ഒരാൾക്കൊപ്പം എത്തുന്ന വിദ്യാർത്ഥികൾക്ക് നിലവിലെ സാഹചര്യത്തിൽ പരീക്ഷയെഴുതാം. എന്നാൽ കേരളത്തിൽ നിന്ന് പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾ മൂന്ന് ദിവസത്തിലധികം തങ്ങാൻ പാടില്ലെന്നാണ് ചട്ടം. കർണ്ണാടകത്തിൽ സെപ്തംബറിൽ നടക്കാനിരിക്കുന്ന വിവിധ പരീക്ഷകൾ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്ന എല്ലാവരെയും ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ആക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ജീവനക്കാരെയും വിദ്യാർത്ഥികളെയും മറ്റുള്ളവർക്ക് ഹോം ക്വാറന്റൈൻ അനുവദിച്ചിട്ടുള്ളത്.

വിദ്യാർത്ഥികളെയും ജീവനക്കാരെയും ഹോം ക്വാറന്റൈനിൽ വിടാൻ അനുവദിക്കില്ല. എന്നാൽ നിരീക്ഷണത്തിനിടെ കൊവിഡ് ലക്ഷണങ്ങളുള്ളവരെ അപ്പോൾ തന്നെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചാൽ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റും. രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 14 ദിവസത്തിന് ശേഷം കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിൾ പരിശോധിച്ച ശേഷം 25ൽ അധികം സാമ്പിളുകൾ ജീനോം സീക്വൻസിംഗിന് അയയ്ക്കും.

കേരളത്തിൽ നിന്ന് മൂന്ന് ദിവസത്തെ ഹൃസ്വസന്ദർശനത്തിന് എത്തുന്നവർക്കും ക്വാറന്റൈൻ ആവശ്യമില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമേ മരണം, ചികിത്സാവശ്യങ്ങൾ, അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർ, ആരോഗ്യപ്രവർത്തകർ, കർണ്ണാടക വഴി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവർ, രണ്ട് വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ, അടിയന്തര യാത്രകൾക്കും വിമാനയാത്രക്ക് വേണ്ടി എത്തുന്നവർക്കും ഇളവ് ബാധകമായിരിക്കും. വാക്സിൻ എടുത്തവർ ഉൾപ്പെടെ എല്ലാവർക്കും കർണ്ണാടകത്തിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള ആർടിപിസിആർ രേഖ സമർപ്പിക്കണമെന്നാണ് ചട്ടം.

എന്നാൽ കർണ്ണാടകത്തിൽ താമസിച്ച് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഇളവ് ബാധകമല്ല. അവർ ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സംവിധാനമൊരുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. നേരത്തെ കേരളത്തിൽ നിന്ന് എത്തുന്ന എല്ലാവരും ഏഴ് ദിവസത്തെ നിർബന്ധിച ക്വാറന്റീനിൽ കഴിയമെന്നാണ് കർണ്ണാടക സർക്കാർ നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

സെപ്തംബർ ഒന്നുമുതൽ കേരളത്തിൽ നിന്നെത്തുന്നവർക്ക് ക്വാറന്റൈൻ സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ, തൊഴിലാളികൾ, യാത്രക്കാർ എന്നിവർക്കാണ് കർണാടക നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തുന്നത്. അതേ സമയം മെഡിക്കൽ, പാരാമെഡിക്കൽ, നഴ്സിങ്, എൻജിനിയറിങ് വിദ്യാർഥികൾക്ക് ക്വാറന്റൈൻ ബാധകമല്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം എല്ലാ യാത്രക്കാർക്കും ആർടിപിസിആർ പരിശോധന ഫലം നിർബന്ധമാണ്. കൊവിഡ് പരിശോധനാ ഫലം ഏഴ് ദിവസം ക്വാറന്‍റീനിൽ കഴിയണം. ഏഴാമത്തെ ദിവസം നടത്തുന്ന പരിശോന നെഗറ്റീവ് ആയാൽ മാത്രമേ തുടർന്ന് യാത്ര ചെയ്യാനോ പുറത്തിറങ്ങാനോ അനുവദിക്കുകയുള്ളൂ.

സംസ്ഥാനത്തേക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് സർക്കാർ കേന്ദ്രങ്ങളിൽ ക്വാറന്റീൻ അനുവദിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജീവനകാർക്ക് അവരുടെ താമസസ്ഥലത്തോ വീടുകളിലോ നിരീക്ഷണത്തിൽ കഴിയാം. അവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇക്കാര്യം ഇത് ഉറപ്പ് വരുത്തേണ്ടത്. സംസ്ഥാനത്തെ ഐടി സ്ഥാപനങ്ങൾക്ക് അടക്കം ഇത് ബാധകമാണ്. എന്നാൽ സംസ്ഥാനത്തേക്ക് അടിയന്തര ആവശ്യങ്ങൾക്ക് എത്തുന്നവർക്കും ഇളവുകൾ അനുവദിക്കുമെന്നാണ് സർക്കാർ നിലപാട്.

കേരളത്തിൽ അടുത്ത കാലത്ത് കൊവിഡ് കേസുകൾ കുത്തനെ വർധിക്കുന്ന സാഹചര്യത്തിലാണ് കർണാടക നിയന്ത്രണം ശക്തമാക്കുന്നത്. കേരളത്തിൽ നിന്ന് അടുത്ത ദിവസങ്ങളിൽ എത്തിയിട്ടുള്ള മലയാളി വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് കർണ്ണാടക നിയന്ത്രണം കർശനമാക്കുന്നത്. കേരളത്തിൽ നിന്ന് കർണ്ണാടകത്തിൽ ജോലിയുടെ ആവശ്യത്തിനായി എത്തുന്നവരിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് നിയന്ത്രണമെന്നാണ് ഉത്തരവിലും പരാമർശിക്കുന്നത്. ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. അതാത് ജില്ലാ ഭരണകൂടങ്ങൾക്കാണ് സംസ്ഥാന സർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള ചുമതല.












Click it and Unblock the Notifications