കോട്ടകളെല്ലാം 'കൈ'പിടിയില്‍; ബിജെപി മാത്രമല്ല ജെഡിഎസ്സും വീണു, കോണ്‍ഗ്രസിന്റേത് വെറും ജയമല്ല!!
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയത്തില്‍ തെറിച്ചത് കാലങ്ങളായുള്ള ബിജെപി-ജെഡിഎസ് കോട്ടകള്‍. കണക്കുകള്‍ പരിശോധിക്കുമ്പോല്‍ സാധാരണ വിജയമല്ല കോണ്‍ഗ്രസ് നേടിയതെന്ന് വ്യക്തമാണ്. 136 സീറ്റുകള്‍ 43 ശതമാനം വോട്ടോടെയാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങള്‍ക്കിടെ ഏതൊരു പാര്‍ട്ടിയും നേടുന്ന വമ്പന്‍ വിജയമാണിത്.
ഓരോ മേഖല തിരിച്ചും നോക്കുമ്പോഴും കോണ്‍ഗ്രസിന്റെ ആധിപത്യമാണ് കാണാന്‍ സാധിക്കുക. ഹൈദരാബാദ് കര്‍ണാടക, കോസ്റ്റല്‍ കര്‍ണാടക, മുംബൈ-കര്‍ണാടക എന്നിവയാണ് സുപ്രധാന മേഖലകള്‍. ഒപ്പം ഓള്‍ഡ് മൈസൂരുവും ബെംഗളൂരുവും വരും. എന്നാല്‍ ഇതില്‍ ബിജെപി, ജെഡിഎസ് കോട്ടകളായിരുന്ന പല മണ്ഡലങ്ങളിലുംഇത്തവണ രാഷ്ട്രീയ മാറ്റമുണ്ടായിരിക്കുകയാണ്.

കോസ്റ്റല്‍ അഥവാ തീരദേശ കര്‍ണാടകയില്‍ 19 സീറ്റാണ് ഉള്ളത്. ഇവിടെ ബിജെപി 12 സീറ്റ് നേടി. കോണ്‍ഗ്രസിന് 6 സീറ്റാണ് നേടാനായത്. ജെഡിഎസ് ഒരു സീറ്റിലും ഒതുങ്ങി. ഈ മേഖലയില്‍ മാത്രമാണ് ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിച്ച മേഖല. ബിജെപിക്ക് ഇവിടെ എപ്പോഴും ആധിപത്യമുണ്ടാവാറുണ്ട്.
ലോക്‌സഭ ആയാലും, നിയമസഭയായാലും മുന്‍തൂക്കം ബിജെപിക്കാണ്. ഇത്തവണ 49 ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 43 സീറ്റും ലഭിച്ചു.
സെന്‍ട്രല്‍ കര്‍ണാടക ഒരു സ്വിംഗ് മേഖലയാണ്. ഫലം എങ്ങോട്ട് വേണമെങ്കിലും മറിയാം. പക്ഷേ ഇത്തവണ 15 സീറ്റാണ് കോണ്‍ഗ്രസ് നേടിയത്. 2018ല്‍ ബിജെപി നേട്ടമുണ്ടാക്കിയ അതേ മാര്‍ജിന്‍ തന്നെയാണിത്. 2008ല്‍ ബിജെപിക്കായിരുന്നു ഈ മേഖലയില്‍ ആധിപത്യം. പക്ഷേ 2013ല്‍ കോണ്‍ഗ്രസ് മുന്നിലെത്തി. വോട്ട് ശതമാനത്തില്‍ വരെ ഒരേ കണക്കാണ്.
ബെംഗളൂരു നഗരത്തിലെ മണ്ഡലങ്ങളില്‍ കടുത്ത മത്സരം എപ്പോഴും നടക്കാറുണ്ട്. ഇരുപാര്‍ട്ടികള്‍ക്കും ഏകദേശം 40 ശതമാനം വോട്ട് ഇത്തവണ ലഭിച്ചിട്ടുണ്ട്. 2013ല്‍ ബിജെപിക്ക് 32 ശതമാനം വോട്ടാണ് ലഭിച്ചത്. അന്ന് പക്ഷേ ബിജെപിയുടെ സംസ്ഥാന ശരാശരിയേക്കാള്‍ 12 ശതമാനം കൂടുതലായിരുന്നു ഇത്. ഇത്തവണ കോണ്‍ഗ്രസ് 13 സീറ്റാണ് നേടിയത്. 2018നെ അപേക്ഷിച്ച് 2 സീറ്റ് കുറവാണ്.
ബിജെപിക്ക് ഇത്തവണ നാല് സീറ്റ് കൂടുതല്‍ ലഭിച്ചു. മോദിയുടെ പ്രചാരണം ഗുണം ചെയ്‌തെന്ന് വ്യക്തം. അതേസമയം ജെഡിഎസ്സിന് കഴിഞ്ഞ രണ്ട് സീറ്റുണ്ടായിരുന്നു. ഇത്തവണ രണ്ടും നഷ്ടമായി.ഹൈരാബാദ് കര്‍ണാടകയില്‍ ഇത്തവണ കോണ്‍ഗ്രസ് തേരോട്ടമായിരുന്നു. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളില്‍ ലഭിച്ചിരുന്ന സീറ്റുകളേക്കാള്‍ മുകളിലേക്കാണ് കുതിപ്പുണ്ടായത്. നാല് ശതമാനം കൂടുതല്‍ സീറ്റുകളാണ് 2018നെ അപേക്ഷിച്ച് ലഭിച്ചത്.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മേഖലയാണിത്. ഇവിടെ പട്ടികജാതി വിഭാഗം വോട്ടര്‍മാരാണ് വളരെ കൂടുതല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഈ മേഖലയില്‍ നിന്നുള്ള നേതാവാണ്. ഇത് രണ്ടും കൂടുതല്‍ വോട്ടിന് കോണ്‍ഗ്രസിനെ സഹായിച്ചിട്ടുണ്ട്. 46 ശതമാനം വോട്ടാണ് ലഭിച്ചത്. ഇത് സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ്. ഇവിടെയുള്ള നാല്‍പ്പത് സീറ്റില്‍ 26 എണ്ണം കോണ്‍ഗ്രസ് വിജയിച്ചു. ബിജെപിക്ക് പത്ത് സീറ്റാണ് ലഭിച്ചത്.
മുംബൈ കര്‍ണാടക ലിംഗായത്തുകളുടെ ശക്തി കേന്ദ്രമാണ്. ഇത് ബിജെപി കോട്ടയായി കാണുന്ന ഇടമാണ്. ലിംഗായത്തുകള്‍ ദശാബ്ദങ്ങളായി കോണ്‍ഗ്രസിന് എതിരാണ്. വീരേന്ദ്ര പാട്ടീലിനെ കോണ്‍ഗ്രസ് നീക്കിയതിലൂടെ സംഭവിച്ചതാണ് ഈ പ്രശ്‌നങ്ങള്‍. ഇത്തവണ പക്ഷേ ട്രെന്‍ഡ് മാറി. ആകെയുള്ള 50 സീറ്റില്‍ 33 എണ്ണം കോണ്‍ഗ്രസ് നേടി.
ബിജെപിയുടേത് 16 സീറ്റിലേക്ക് താഴ്ന്നു. നേരത്തെ 33 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസിന് ഇവിടെ നാല്‍പ്പത് ശതമാനത്തില്‍ അധികം വോട്ട് ലഭിച്ചു. ഇതും മുപ്പത് വര്‍ഷങ്ങള്‍ക്കിടെ ആദ്യമാണ്. സംസ്ഥാനത്താകെ 69 ലിംഗായത്ത് ആധിപത്യമുള്ള മണ്ഡലങ്ങളില്‍ 45 എണ്ണവും കൊണ്ടുപോയത് കോണ്‍ഗ്രസാണ്. ബിജെപിയുടെ നില ഇരുപതിലേക്ക് താഴ്ന്നു.
ജെഡിഎസ്സ് കോട്ടയായ ഓള്‍ഡ് മൈസൂരുവും ഇത്തവണ കോണ്‍ഗ്രസിന്റേതായി. ജെഡിഎസ്സാണ് ഈ മേഖലയുടെ പാര്‍ട്ടി. പക്ഷേ 42 ശതമാനം വോട്ടുമായി കോണ്‍ഗ്രസ് ജെഡിഎസ്സിനെ ഇവിടെ വീഴ്ത്തി. ഇത് ഡികെ ശിവകുമാറിന്റെ മിടുക്കാണ്. 43 സീറ്റുകളാണ് കോണ്‍ഗ്രസ് ഇവിടെ നിന്ന് നേടിയത്.
ഇവിടെ നിന്നാണ് കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചത്. ജെഡിഎസ്സിന്റെ നേട്ടം വെറും 14 സീറ്റിലേക്ക് ഒതുങ്ങി. 26 ശതമാനം വോട്ടാണ് ലഭിച്ചത്. ബിജെപിക്ക് രണ്ട് ശതമാനം വോട്ട് വര്‍ധിച്ചു. പക്ഷേ പതിനൊന്ന് സീറ്റാണ് ഇവിടെ നഷ്ടമായത്.












Click it and Unblock the Notifications