സിദ്ധരാമയ്യ... അഥവാ കന്നഡികരുടെ ഉമ്മന്‍ചാണ്ടി: മുഖ്യമന്ത്രി കസേരയില്‍ വീണ്ടും കണ്ണ് വെക്കുമ്പോള്‍
കോലാറിലേക്ക് രാഹുല്‍ ഗാന്ധി വീണ്ടും എത്തുകയാണ്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മുന്‍ എ ഐ സി സി അധ്യക്ഷന്‍ പങ്കെടുക്കുന്ന കർണാടകയിലെ ആദ്യ റാലിയും പൊതുസമ്മേളനവുമാണ്. പലതവണകള്‍ മാറ്റിവെച്ചതിന് ശേഷമാണ് രാഹുല്‍ 'ജയ് ഭാരത്' റാലിയില്‍ പങ്കെടുക്കാന്‍ കോലാറിലേക്ക് എത്തുന്നത്.
ലോക്സഭാ അംഗത്വത്തില്‍ നിന്ന് രാഹുല്‍ അയോഗ്യനാക്കപ്പെടാനിടയാക്കിയ പ്രസഗം നടന്ന മണ്ണ് കൂടിയാണ് കോലാർ. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്തായിരുന്നു രാഹുലിന്റെ വിവാദ 'മോദി' പ്രസംഗം. അയോഗ്യനാക്കപ്പെട്ടതിന് ശേഷം രാഹുല്‍ ആദ്യമായി ഒരു പൊതുസമ്മേളനത്തില്‍ പങ്കെടുത്തത് വയനാട്ടിലായിരുന്നു. അതിന് ശേഷം എത്തുന്നത് കോലാറിലേക്കാണ്. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ നിറഞ്ഞ് കവിഞ്ഞ വേദിയിലേക്ക് രാഹുല്‍ എത്തുമ്പോള്‍ സമയം ഏകദേശം രണ്ട് മണി കഴിഞ്ഞിരുന്നു.
പാർട്ടി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗയുടെ പ്രസംഗത്തിന് ശേഷം രാഹുലിന്റെ ഊഴം. അയോഗ്യനാക്കിയാലും ജയിലിലിട്ടാലും താനും പാർട്ടിയും ഭയപ്പെടാന്‍ പോവുന്നില്ലെന്ന് രാഹുല്‍ വ്യക്തമാക്കിയതോടെ സദസ്സും വേദിയും ഒന്നടങ്കം കയ്യടിച്ചു. മോദി-അദാനി വിഷയം, കർണാട സർക്കാറിലെ അഴിമതികള്‍, കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയെല്ലാം രാഹുലിന്റെ പ്രസംഗത്തിലൂടെ കടന്ന് പോയി.

നമഗെ സിദ്ധരാമയ്യ ബെകു
രാഹുലിന് ശേഷം കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാറിനും ശേഷമാണ് മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പ്രസംഗത്തിനായി വരുന്നത്. അദ്ദേഹത്തെ അധ്യക്ഷന്‍ പ്രസംഗത്തിനായി വിളിച്ചപ്പോള്‍ മുതല്‍ തന്നെ സദസ്സ് ഒന്നാകെ ഇളകി മറിഞ്ഞു. സാധാരണ പ്രവർത്തകർ മുതല്‍ കെപിസിസി അംഗങ്ങള്‍ അടക്കമുള്ള നേതാക്കള്‍ക്ക് വേണ്ടി സജ്ജീകരിച്ച ഭാഗത്ത് നിന്നുള്ളവർ അടക്കം എഴുന്നേറ്റ് നിന്ന് സിദ്ധരാമയ്യക്ക് മുദ്രാവാക്യം വിളിച്ചു.
'വീ വാണ്‍ഡ് സിദ്ധരാമയ്യ, നമഗെ സിദ്ധരാമയ്യ ബെകു' ആളുകള്‍ ഉറക്കെയുറക്കെ വിളിച്ച് കൊണ്ടേയിരിക്കുന്നു. ഒടുവില്‍ പ്രവർത്തകരേയും നേതാക്കേളേയും ശാന്തരാക്കി കസേരകളില്‍ ഇരുത്താന്‍ സിദ്ധരാമയ്യക്ക് തന്നെ ഇടപെടേണ്ടി വന്നു. പ്രസംഗം തുടങ്ങിയിട്ടും മുദ്രാവാക്യവും സിന്ദാബാദ് വിളിയും അവസാനിക്കാതെ വന്നതോടെ സദസ്സിലുള്ള ഒരു വ്യക്തിയെ സിദ്ധരാമയ്യ പേരെടുത്ത് വിളിച്ച് ഇരിക്കാന്‍ ആവശ്യപ്പെടുന്നതും കണ്ടു. ആ സമ്മേളനത്തിലേക്ക് ഒഴുകിയെത്തിവരില്‍ ഭൂരിപക്ഷവും സിദ്ധരാമയ്യ അനുകൂലികള്‍ എന്ന് വ്യക്തമാക്കിക്കൊണ്ട് കൃത്യമായ ഇടവേളകളില്‍ സദസ്സില്‍ നിന്നും ആരവങ്ങള്‍ മുഴങ്ങി.
മുട്ട പൊട്ടാതെ തോട് കളയാന്‍ പറ്റുമോ സക്കീർ ഭായിക്ക്:... ബട്ട് ഇനി പറ്റും.. പരീക്ഷിക്കാം ഈ വഴികള്‍
നേരത്തെ ഡികെ ശിവകുമാറിനെ സ്വീകരിച്ചതിനേക്കാള്‍ ഇരട്ടി ആവേശത്തോടെയാണ് സിദ്ധരാമയ്യയെ കോലാറിലെ ജനങ്ങള്‍ സ്വീകരിച്ചതും കേട്ടതും. 2006-ൽ ജെഡി(എസ്) നേതാവ് എച്ച്‌ഡി ദേവഗൗഡ മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ട് കോൺഗ്രസിലെത്തിയ നേതാവാണ് സിദ്ധരാമയ്യ എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. അവിടുന്ന് ഇങ്ങോട്ട് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കോണ്‍ഗ്രസുകാരുടെ ഹൃദയത്തിലേക്ക് ചേക്കാറാന്‍ സാധിച്ച സിദ്ധുവിനെ തേടി 2013 ലെ മുഖ്യമന്ത്രി സ്ഥാനവും എത്തി.

ഖാർഗയെ വെട്ടിയ സിദ്ധയ്യ
അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ സിദ്ധരാമയ്യ മറികടന്നത് ഇന്നത്തെ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗയെയായിരുന്നു. ഭൂരിപക്ഷം പാർട്ടി എം എല്‍ എമാരും സിദ്ധരാമയ്യക്കൊപ്പം നിന്നതോടെ എ ഐ സി സിക്കും മറിച്ചൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. അധികാരത്തിലേറിയ സിദ്ധരാമയ്യ 40 വർഷത്തിനിടെ പൂർണ കാലാവധി പൂർത്തിയാക്കുന്ന ആദ്യ കർണാടക മുഖ്യമന്ത്രിയെന്ന വിശേഷണത്തോടെയാണ് പുറത്ത് വന്നത്. 2018 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി വലിയ ഒറ്റകക്ഷിയായെങ്കിലും കോണ്‍ഗ്രസിന് 80 ഓളം സീറ്റുകള്‍ നേടാന്‍ സാധിച്ചിരുന്നു. ഇതാണ് സഖ്യ സർക്കാർ വരുന്നതില്‍ നിർണ്ണായകമായത്.
ഇത്തവണ കോലാറില്‍ക്കൂടി മത്സരിക്കാന്‍ സിദ്ധരാമയ്യ വലിയ രീതിയില്‍ ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ തവണ രണ്ടിടത്ത് മത്സരിച്ച അന്നത്തെ മുഖ്യമന്ത്രി ചാമുണ്ഡേശ്വരി സീറ്റില്‍ പരാജയപ്പെട്ടപ്പോള്‍ ബദാമിയില്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇത്തവണ കൂടുതല്‍ സൂരക്ഷിതമായ മണ്ഡലം എന്ന നിലയില്‍ മുസ്ലീം ആധിപത്യമുള്ള ചാംരാജ്പേട്ട, കോലാർ അല്ലെങ്കിൽ കൊപ്പള തുടങ്ങിയവയായിരുന്നു സിദ്ധരാമയ്യ ലക്ഷ്യം വെച്ചത്.
കോലാർ മോഹം പൊളിച്ച പാർട്ടി
മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ ചാമരാജ്പേട്ടിൽ നിന്ന് മത്സരിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി തുടക്കത്തില്‍ തന്നെ എതിർ പ്രചരണവുമായി രംഗത്ത് വന്നു. 'സിദ്ധ്രമുള്ള ഖാൻ' എന്ന് വിശേഷിപ്പിച്ച് മുസ്ലീം മുഖമായി ചിത്രീകരിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. ഇതോടെയാണ് അഹിന്ദ വോട്ടുകളുടെ അടിത്തറയായ കുറുബ സമുദായത്തിന്റെ ശക്തി കേന്ദ്രമായ കോലാറില്‍ നിന്നും മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെ സീറ്റിങ് സീറ്റ് അല്ലെങ്കില്‍ പോലും കോലാറില്‍ മത്സരിക്കുകയാണെങ്കില്‍ വിജയിക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ വിശ്വാസം. എന്നാല്‍ പാർട്ടി നേതൃത്വം ഒരു തരത്തിലും ആ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ മുന്‍മുഖ്യമന്ത്രിയുടെ മത്സരം വരുണയില്‍ മാത്രമായി ഒതുങ്ങി. കോലാർ ജില്ല പാർട്ടിയുടെ ശക്തികേന്ദ്രമാണെങ്കിലും മണ്ഡലത്തില്‍ കോണ്‍ഗ്രസ് അത്ര ശക്തമല്ല. 2018 ലെ തിരഞ്ഞെടുപ്പില്‍ ജെ ഡി എസിന് പിറകില്‍ രണ്ടാമതായിരുന്നു കോണ്‍ഗ്രസ്.
ഡികെ ശിവകുമാർ-സിദ്ധരാമയ്യ പോരാട്ടം
ഡികെ ശിവകുമാർ ക്രൈസിസ് മാനേജരായ മികച്ച സംഘാടകനാണങ്കില്‍ കർണാടക കോണ്‍ഗ്രസിലെ ഒരു ഉമ്മന്‍ചാണ്ടിയാണ് സിദ്ധരാമയ്യ. കോലാറിലെ ആരവം കൊണ്ട് മാത്രമല്ല അത്തരമൊരു വിലയിരുത്തല്‍. നിലവിലെ എം എല്‍ എമാരില്‍ ഭൂരിപക്ഷവും അദ്ദേഹത്തിനൊപ്പമാണ്. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ തനിക്കുള്ള പിന്തുണ ഉറപ്പാക്കാമെന്നെ ആത്മവിശ്വാസവും സിദ്ധരാമയ്യക്കുണ്ട്.
പാർട്ടി സംഘടനാ സംവിധാനത്തിലുള്ള പിടിയിലാണ് ഡികെ ശിവകുമാറിന്റെ പ്രതീക്ഷ. വൊക്കലിംഗ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതും അദ്ദേഹത്തിന്റെ അനുകൂല ഘടകമാണ്. എന്നാല്‍ ഇതിനെ തന്നെ പിന്തുണയ്ക്കുന്ന എം എല്‍ എമാരെ നിരത്തിയായിരിക്കും സിദ്ധരാമയ്യ നേരിടുക. എന്ത് തന്നെയായാലും ഭരണം നേടുന്നതോളം തന്നെ വലിയ പ്രതിസന്ധിയായിരിക്കും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് നേരിടേണ്ടി വരിക. അതില്‍ ഒരു പൊടിക്ക് മുന്‍തൂക്കം സിദ്ധരാമയ്യക്കാണെന്നാണ് എന്റെ പക്ഷം.












Click it and Unblock the Notifications