'മുഖ്യമന്ത്രി' തർക്കം അവസാനിച്ച ഉടനെ അടുത്തത്: മുന്നറിയിപ്പുമായി പരമേശ്വര, കർണാടകയില്‍ തലവേദന തന്നെ
ബെംഗളൂരു: വലിയ തർക്കങ്ങള്‍ക്കൊടുവിലാണ് കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ എ ഐ സി സി നേതൃത്വം തിരഞ്ഞെടുത്തത്. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ ഉപമുഖ്യമന്ത്രിയാവുകയും ചെയ്യും. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം ഒരുവിധത്തില്‍ പരിഹരിക്കപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് മുന്നില്‍ അടുത്ത വെല്ലുവിളി ഉയർന്നിരിക്കുന്നത്. ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ് പുതിയ തർക്കം.
ഒരു ദളിതന് കർണാടകയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ പ്രതികൂല പ്രതികരണമുണ്ടാകുമെന്നും അത് പാർട്ടിയെ കുഴപ്പത്തിലാക്കുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര പാർട്ടി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്-ജെഡി(എസ്) സഖ്യസർക്കാരിന്റെ കാലത്ത് ദളിത് വിഭാഗത്തിൽപ്പെട്ട ജി പരമേശ്വര കോണ്‍ഗ്രസിന്റെ പമുഖ്യമന്ത്രിയായിരുന്നു.
ഏറ്റവും കൂടുതൽ കാലം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായ വ്യക്തി കൂടിയാണ് ജി പരമേശ്വര. എട്ട് വർഷത്തോളമാണ് ഇദ്ദേഹം പദവിയിലുണ്ടായിരുന്നത്. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും ഡികെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രി ആയിരിക്കുമെന്നും കോൺഗ്രസ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

താൻ മാത്രമേ ഉപമുഖ്യമന്ത്രി ആകാവൂ എന്ന് ശിവകുമാർ നേതൃത്വത്തോട് നിബന്ധന വെച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ശിവകുമാറിന്റെ കാഴ്ചപ്പാടിൽ അദ്ദേഹം പറഞ്ഞത് ശരിയായിരിക്കാം, പക്ഷേ ഹൈക്കമാൻഡിന്റെ കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കണം. തീരുമാനം എടുക്കേണ്ടത് നേതൃത്വമാണ്. ഞങ്ങള്‍ അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ജി പരമേശ്വരയുടെ മറുപടി.
''ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷ ദളിത് സമുദായത്തിന് വലിയ തോതിലുണ്ട്. ഈ പ്രതീക്ഷകൾ മനസ്സിലാക്കി നമ്മുടെ നേതൃത്വത്തിന് ഒരു തീരുമാനമെടുക്കേണ്ടി വരും. അത് സംഭവിച്ചില്ലെങ്കിൽ സ്വാഭാവികമായും അതിനുള്ള പ്രതികരണങ്ങൾ ഉണ്ടാകും. അത് ഞാൻ പറയേണ്ട കാര്യമില്ല. പിന്നീട് തിരിച്ചറിയുന്നതിന് പകരം ഇപ്പോൾ തിരുത്തിയാൽ അത് നന്നായിരിക്കും. അല്ലെങ്കിൽ അത് പാർട്ടിക്ക് പ്രശ്‌നമുണ്ടാക്കിയേക്കാം. അത് മനസ്സിലാക്കാണമെന്ന് അവരോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു," പരമേശ്വര പറഞ്ഞു.
"ഞാൻ ഒരുപോലെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. എന്നാൽ ഇനി നമുക്ക് ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കണം, അതിനാൽ വരും ദിവസങ്ങളിൽ അവർ എന്ത് ചെയ്യുമെന്ന് നോക്കാം. ഇപ്പോൾ അവർ രണ്ടിനെയും കുറിച്ച് പ്രഖ്യാപനങ്ങൾ നടത്തി. മന്ത്രിസഭാ വിപുലീകരണ വേളയിൽ അവർ എങ്ങനെ നീതി പുലർത്തുമെന്ന് കാത്തിരുന്ന് കാണണം," അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications