15 ദിവസം കിട്ടിയിരുന്നെങ്കിൽ ബിജെപി ഭരണം നിലനിർത്തുമായിരുന്നു! നിരാശ മറച്ചുവെക്കാതെ അമിത് ഷാ...
കോൺഗ്രസുമായുള്ള അവിശുദ്ധ കൂട്ടുക്കെട്ടിനെ ചൊല്ലി ജെഡിഎസിന്റെ പല എംഎൽഎമാർക്കും അഭിപ്രായ വ്യത്യാസമുണ്ട്.
ദില്ലി: വിശ്വാസ വോട്ടെടുപ്പിലെ പരാജയം മുന്നിൽക്കണ്ട് മുഖ്യമന്ത്രി പദവി രാജിവെച്ച ബിഎസ് യെദ്യൂരപ്പയ്ക്ക് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ പിന്തുണ. കേവല ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയം ലഭിക്കുകയാണെങ്കിൽ പല കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരുടെയും മനസ് മാറുമായിരുന്നെന്നും, പുതിയ സഖ്യത്തിൽ അതൃപ്തരായ എംഎൽഎമാർ ബിജെപിയെ പിന്തുണക്കുമായിരുന്നുവെന്നും അമിത് ഷാ ദില്ലിയിൽ പറഞ്ഞു.
കോൺഗ്രസുമായുള്ള അവിശുദ്ധ കൂട്ടുക്കെട്ടിനെ ചൊല്ലി ജെഡിഎസിന്റെ പല എംഎൽഎമാർക്കും അഭിപ്രായ വ്യത്യാസമുണ്ട്. അവരുടെ മണ്ഡലങ്ങളിലെ ജനവികാരവും ഈ സഖ്യത്തിനെതിരാണ്. ഈ എംഎൽഎമാർക്ക് സ്വന്തം മണ്ഡലത്തിൽ പോകാൻ അവസരം ലഭിച്ചിരുന്നെങ്കിൽ ജനവികാരം മനസിലാക്കി അവർ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചേനെ- അമിത് ഷാ പറഞ്ഞു.

ദില്ലിയിൽ...
ഇന്ത്യാ ടിവിയുടെ ആഭിമുഖ്യത്തിൽ ദില്ലിയിൽ സംഘടിപ്പിച്ച ഒരു സ്വകാര്യ ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ച് അമിത് ഷാ തുറന്നുപറഞ്ഞത്. ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാർക്ക് അവരുടെ മണ്ഡലങ്ങളിൽ പോകാൻ അവസരം ലഭിച്ചിരുന്നെങ്കിൽ കർണാടകയിലെ സ്ഥിതി വ്യത്യസ്തമാകുമെന്നായിരുന്നു അമിത് ഷായുടെ നിരീക്ഷണം. തിരഞ്ഞെടുപ്പിന് ശേഷം രൂപംകൊണ്ട കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ മിക്കവരും അസ്വസ്ഥരാണ്. ജെഡിഎസ് എംഎൽഎമാർ വിജയിച്ച മണ്ഡലങ്ങളിലെ പൊതുജനവികാരവും ഈ അവിശുദ്ധ സഖ്യത്തിന് എതിരാണ്.- അമിത് ഷാ പറഞ്ഞു.

15 ദിവസം കിട്ടിയിരുന്നെങ്കിൽ...
ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാർ ജനവികാരം മനസിലാക്കിയാൽ അവരുടെ നിലപാടും മാറും. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ എതിർക്കുന്ന ജനങ്ങൾക്ക് വേണ്ടി അവർ ബിജെപിയെ പിന്തുണക്കുകയും ചെയ്യു. പക്ഷേ, എംഎൽഎമാരെയെല്ലാം അവരുടെ പാർട്ടി നേതാക്കൾ ഹോട്ടലിൽ പൂട്ടിയിട്ടു- അമിത് ഷാ വ്യക്തമാക്കി. കർണാടകയിൽ യെദ്യൂരപ്പ രാജിവെച്ചതിന് പിന്നാലെ അമിത് ഷാ പങ്കെടുത്ത ആദ്യ പരിപാടിയിൽ വച്ചാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

രാജി...
കർണാടകയിൽ വോട്ടെണ്ണൽ ദിവസം മുതൽ നിലനിന്നിരുന്ന ഉദ്വേഗഭരിതമായ രംഗങ്ങൾക്ക് ശനിയാഴ്ച വൈകീട്ടോടെയാണ് താൽക്കാലിക വിരാമമായത്. തിരഞ്ഞെടുപ്പിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതായതോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയും, കോൺഗ്രസ്-ജെഡിഎസ് സഖ്യവും സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു. എന്നാൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഭൂരിപക്ഷം ഉണ്ടായിരിക്കെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ ഗവർണർ സർക്കാര്‍ ഉണ്ടാക്കാൻ ക്ഷണിച്ചു. ഇതോടെയാണ് കർണാടകയിൽ രാഷ്ട്രീയ കുതിരക്കച്ചവടത്തിനും ചാക്കിട്ടുപിടിക്കലിനും അരങ്ങൊരുക്കിയത്.

സുപ്രീംകോടതി...
ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകിയതിനെതിരെ കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അർദ്ധരാത്രി മുതൽ പുലർച്ചെ വരെയുള്ള അസാധാരണ നടപടികളാണ് പിന്നീട് സുപ്രീംകോടതിയിൽ ഉണ്ടായത്. ഗവർണറുടെ വിവേചനാധികാരത്തിൽ ഇടപെടാനാകില്ലെന്ന് പറഞ്ഞ കോടതി, യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തടയില്ലെന്ന് വ്യക്തമാക്കി. ഇതോടെ ബിഎസ് യെദ്യൂരപ്പ വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാജിയിൽ...
അതിനിടെ കേസ് വെള്ളിയാഴ്ച വീണ്ടും സുപ്രീംകോടതിയിൽ എത്തി. വെള്ളിയാഴ്ചയിലെ വാദത്തിനൊടുവിൽ യെദ്യൂരപ്പ ശനിയാഴ്ച തന്നെ വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്നും കേവല ഭൂരിപക്ഷം തെളിയിക്കണെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഇതോടെയാണ് ബിജെപിയുടെ നില പരുങ്ങലിലായത്. ഇതിനിടെ എംഎൽഎമാരെ ചാക്കിട്ടുപിടിക്കലും റിസോർട്ടിൽ പാർപ്പിക്കലുമെല്ലാം ഒരുഭാഗത്ത് നടന്നിരുന്നു. ഒടുവിൽ ശനിയാഴ്ച വൈകീട്ട് വിശ്വാസ വോട്ടെടുപ്പിന് മണിക്കൂർ മാത്രം ശേഷിക്കെ ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചു. ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് കണ്ടതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ രാജി.












Click it and Unblock the Notifications