കർണാടക തിരഞ്ഞെടുപ്പ് ഫലം: കോണ്‍ഗ്രസ് ആഘോഷം തുടങ്ങി; എംഎല്‍എമാരോട് ബെംഗളൂരുവിലെത്താന്‍ നിര്‍ദേശം
ബെംഗളൂരു: വോട്ടെണ്ണലിന്റെ ആദ്യ ഒരു മണിക്കൂര്‍ പിന്നിട്ട വേളയില്‍ കോണ്‍ഗ്രസ് മുന്നേറ്റം പ്രകടമാണ്. കേവല ഭൂരിപക്ഷത്തിന് ലഭിക്കേണ്ട 113 സീറ്റ് മറികടന്നാണ് കോണ്‍ഗ്രസിന്റെ ലീഡ് നില. ഇതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. പലയിടത്തും പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. കോണ്‍ഗ്രസ് എംഎല്‍എമാരോട് ബെംഗളൂരുവിലെത്താന്‍ നേതൃത്വം നിര്‍ദേശം നല്‍കി.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ബിജെപിക്ക് ദക്ഷിണേന്ത്യയില്‍ ഭരണമുള്ള ഏക സംസ്ഥാനമാണിത്. ബിജെപിയില്ലാത്ത ദക്ഷിണേന്ത്യ എന്ന മുദ്രാവാക്യവുമായിട്ടാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങിയത്. ഇത് യാഥാര്‍ഥ്യമാകുമെന്ന സൂചനയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ വ്യക്തമാകുന്നത്.

ബെംഗളൂരുവിലെ കെപിസിസി ആസ്ഥാനത്ത് പ്രവര്‍ത്തകരുടെ എണ്ണം കൂടി വരികയാണ്. പാര്‍ട്ടി പതാകയുമായി ബൈക്കില്‍ നിരവധി പേരാണ് എത്തുന്നത്. പലരും മുദ്രാവാക്യം വിളിക്കുന്നുണ്ട്. മികച്ച വിജയം ഇത്തവണ നേടുമെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് തരംഗമാകുമെന്നും പ്രവര്‍ത്തകര്‍ ആവേശംകൊള്ളുന്നു.
ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ഓഫീസിന് പുറത്ത് ആഘോഷത്തിലാണ് പ്രവര്‍ത്തകര്‍. ബാന്‍ഡ് മേളത്തിനൊത്ത് നൃത്തം ചെയ്യുന്ന ഫോട്ടോകള്‍ വന്നു കഴിഞ്ഞു. അതേസമയം, കോണ്‍ഗ്രസിന് ചില ആശങ്കകള്‍ ബാക്കിയാണ്. എല്ലാ എംഎല്‍എമാരോടും അല്ലെങ്കില്‍ ജയിക്കാന്‍ സാധ്യത കാണുന്ന നേതാക്കളോടും ബെംഗളൂരുവിലെത്താന്‍ ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണ്.
ബിജെപിയുടെ 'ചാക്കിടല്‍' കോണ്‍ഗ്രസ് ഭയപ്പെടുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. 2018ല്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യ സര്‍ക്കാരുണ്ടാക്കിയപ്പോള്‍ ബിജെപി കുതിരക്കച്ചവടം നടത്തിയിരുന്നു. ജെഡിഎസിലെയും കോണ്‍ഗ്രസിലെയും ചില എംഎല്‍എമാരെ ചാടിച്ചാണ് അന്ന് ബിജെപി ഭരണം പിടിച്ചത്. സമാനമായ സാഹചര്യം ആവര്‍ത്തിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ജയസാധ്യതയുള്ളവരെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
അതേസമയം, എല്ലാ സ്ഥാനാര്‍ഥികളുമായും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഫോണില്‍ ബന്ധപ്പെടുന്നുണ്ടത്രെ. ബിജെപിയുടെ ഇടപെടല്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കവും. ഇതിന് വേണ്ടി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പ്രത്യേകം ചില നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നാല് സ്വതന്ത്ര എംഎല്‍എമാരുമായും കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടിട്ടുണ്ട്.
140 സീറ്റിന് മുകളില്‍ നേടി ഭരണം പിടിക്കുമെന്നാണ് ഡികെ ശിവകുമാര്‍ അവകാശപ്പെട്ടത്. കേവല ഭൂരിപക്ഷം കിട്ടാന്‍ വേണ്ടത് 113 സീറ്റാണ്. ഇതിനോട് ചേര്‍ന്ന് നിന്നാല്‍ മാത്രം ഭരണം പിടിക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസിന് അറിയാം. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ കുതിരക്കച്ചടവടത്തിന് കളമൊരുങ്ങും. അതേസമയം, ജെഡിഎസ് എംഎല്‍എമാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ തയ്യാറാണ് എന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ജെഡിഎസ് നേതാക്കളെ അറിയിച്ചു.


Click it and Unblock the Notifications