കർണാടക ഫലം: വോട്ടെണ്ണി തീരും മുന്‍പേ അടിയോ? പിതാവ് മുഖ്യമന്ത്രിയാകുമെന്ന് സിദ്ധരാമയ്യയുടെ മകന്‍
മൈസൂരു: കർണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന സൂചന ലഭിച്ചതോടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ ചർച്ചയ്ക്കും സംസ്ഥാനത്തെ പാർട്ടിയില്‍ തുടക്കമായി കഴിഞ്ഞു. തന്റെ പിതാവ് മുഖ്യമന്ത്രിയാകുമെന്ന് അവകാശപ്പെട്ട് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകനായ യതീന്ദ്ര സിദ്ധരാമയ്യയാണ് തിരഞ്ഞെടുപ്പ് ദിനത്തില്‍ മുഖ്യമന്ത്രി ചർച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പാർട്ടിക്ക് ശക്തമായ ഭൂരിപക്ഷം ലഭിക്കുകയും തന്റെ പിതാവ് മുഖ്യമന്ത്രിയാവുമെന്നാണ് യതീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്.
കഴിഞ്ഞ തവണ തന്റെ പിതാവ് സംസ്ഥാനത്ത് മികച്ച രീതിയിലുള്ള ഭരണമാണ് കാഴ്ചവെച്ചത്. അതുകൊണ്ട് ഇത്തവണയും തന്റെ പിതാവ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അർഹനെന്നും അദ്ദേഹം മൈസൂരില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. 'ബി ജെ പിയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്താൻ ഞങ്ങൾ എന്തും ചെയ്യും... കർണാടകയുടെ താൽപര്യം കണക്കിലെടുത്ത് എന്റെ പിതാവ് മുഖ്യമന്ത്രിയാകണം'- വാർത്താ ഏജന്‍സിയായ എ എൻ ഐയോട് സംസാരിക്കവെ യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു.

'സംസ്ഥാനത്ത് കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും വരുണ മണ്ഡലത്തിൽ തന്റെ പിതാവ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ഞങ്ങൾ ഒറ്റയ്ക്ക് സർക്കാർ ഉണ്ടാക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഒരു മകനെന്ന നിലയിൽ, തീർച്ചയായും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ ഭരണം വളരെ മികച്ച ഭരണമായിരുന്നു, ഇത്തവണയും അദ്ദേഹം മുഖ്യമന്ത്രിയായാൽ മികച്ച ഭരണം കാഴ്ചവെക്കും. സംസ്ഥാനത്തിന്റെ താൽപ്പര്യം കണക്കിലെടുത്ത് അദ്ദേഹം മുഖ്യമന്ത്രിയാകണം' യതീന്ദ്ര പറഞ്ഞു.
നിലവിലെ പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന മറ്റൊരു നേതാവ് കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറാണ്. നേതാക്കള്‍ക്കിടയിലെ തർക്കം പാർട്ടിയുടെ വിജയ സാധ്യതയെ ബാധിക്കാതിരിക്കാന്‍ എ ഐ സി സി നേതൃത്വവും ശ്രദ്ധേയമായ ഇടപെടലായിരുന്നു നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും നിർദേശിക്കില്ലെന്നും ഏറ്റവും കൂടുതല്‍ എം എല്‍ എമാരുടെ പിന്തുണ ലഭിക്കുന്നവർ മുഖ്യമന്ത്രിയാവുമെന്നാണ് കഴിഞ്ഞ ദിവസം ബെംഗളൂരു നഗരത്തിലെ ഹോട്ടലില്‍ ചേർന്ന കോണ്‍ഗ്രസ് യോഗത്തിലുണ്ടായ തീരുമാനം.
അതേസമയം, കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂർ പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. 108 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. നിലവിലെ ഭരണകക്ഷിയായ ബി ജെ പി 86 സീറ്റുമായി രണ്ടാമത് നില്‍ക്കുമ്പോള്‍ ജെ ഡി എസിന് 27 സീറ്റിലാണ് ലീഡുള്ളത്. മറ്റുള്ളവർ മൂന്ന് സീറ്റിലും ലീഡ് പിടിച്ചിരിക്കുന്നത്.












Click it and Unblock the Notifications