കര്‍ണാടക ഫലം: തിരിച്ചുകയറി കുമാരസ്വാമി, കുതിച്ചുകയറി ഡികെയും സിദ്ധരാമയ്യയും ബൊമ്മൈയും
ബെംഗളൂരു:കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈ, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. എച്ച്ഡി കുമാരസ്വാമി എന്നിവര്‍ക്ക് ജയം. വരുണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച സിദ്ധരാമയ്യ ബി ജെ പിയുടെ വി സോമണ്ണയെ ആണ് പരാജയപ്പെടുത്തിയത്. കനകപുര മണ്ഡലത്തില്‍ മത്സരിച്ചാണ് ഡികെ ശിവകുമാര്‍ കര്‍ണാടക നിയമസഭയിലേക്ക് എത്തുന്നത്.
അതേസമയം ബി ജെ പി തിരഞ്ഞെടുപ്പില്‍ പിന്നോട്ട് പോയെങ്കിലും ബാസവരാജ് ബൊമ്മൈ മെച്ചപ്പെട്ട ഭൂരിപക്ഷത്തിലാണ് വിജയം പിടിച്ചെടുത്തത്. ഷിഗ്ഗാവ് മണ്ഡലത്തില്‍ നിന്ന് ഇത് നാലാം തവണയാണ് ബാസവരാജ് ബൊമ്മെ ജയിക്കുന്നത്. ചന്നപട്ടണത്തില്‍ ആദ്യം പിന്നിലായിരുന്ന എച്ച് ഡി കുമാരസ്വാമിയും അവസാന നിമിഷം വിജയിച്ചുകയറി. ഹുബ്ബള്ളി ധര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിന് തോല്‍വി ഏറ്റുവാങ്ങി.

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ജഗ്ദീഷ് ഷെട്ടാര്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. ബെല്ലാരി മണ്ഡലത്തില്‍ ശ്രീരാമലുവും തോല്‍വി വഴങ്ങി. ചാമരാജനഗറില്‍ ബി ജെ പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ സി പുട്ടരംഗഷെട്ടി വിജയിച്ചു. മാംഗ്ലൂരില്‍ കോണ്‍ഗ്രസിന്റെ യുടി ഖാദര്‍ ആണ് ജയിച്ചത്. ഗാന്ധിനഗറില്‍ കോണ്‍ഗ്രസിന്റെ ദിനേഷ് ഗുണ്ടുറാവുവും വിജയിച്ചു.

കൊരത്‌ഗെരയില്‍ കോണ്‍ഗ്രസിന്റെ ജി പരമേശ്വരയു ചിക്മംഗ്ലൂരില്‍ ബി ജെ പിയുടെ സി ടി രവിയും വിജയിച്ചു. ചിറ്റപൂരില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ വിജയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി പ്രവര്‍ത്തകരുടെയും വിജയത്തിനായുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ലെന്ന് ബാസവരാജ് ബൊമ്മൈ പറഞ്ഞു. പൂര്‍ണ്ണമായ ഫലം വന്നതിന് ശേഷം തങ്ങള്‍ വിശദമായ വിശകലനം നടത്തും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെറ്റുകള്‍ തിരുത്തി തിരിച്ചുവരാന്‍ ഈ ഫലത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുമെന്നും ബൊമ്മൈ പറഞ്ഞു. അതേസമയം കര്‍ണാടക കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് തങ്ങള്‍ നേരത്തെ പറഞ്ഞിരുന്നതാണ് എന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പ്രധാനമന്ത്രി മോദി വന്നാലും ഒന്നും നടക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അത് തന്നെ സംഭവിച്ചിരിക്കുന്നു. പ്രതീക്ഷിച്ച ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത്താനിയില്‍ ലക്ഷ്മണ്‍ സാവദും വിജയിച്ചു.












Click it and Unblock the Notifications