Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടക ഫലം: നയിക്കേണ്ടത് കോണ്‍ഗ്രസ് തന്നെ... ഇതാണ് രാജ്യം കാത്തിരുന്നത്

ബെംഗളൂരു: ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍ ഉതകുന്നത് എങ്ങനെയാണ്. ഒരു സംസ്ഥാനത്തെ 224 നിയമസഭാ സീറ്റിലെ ഫലമാണോ രാജ്യമാകെയുള്ള വോട്ടെടുപ്പിനെ സ്വാധീനിക്കാന്‍ പോകുന്നത്. ഒറ്റനോട്ടത്തില്‍ അങ്ങനെ അല്ല എന്ന് തോന്നുമെങ്കിലും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോട്ടുവെക്കുന്ന പ്രതീക്ഷ ബി ജെ പി ഇതര കക്ഷികള്‍ക്കും വ്യക്തികള്‍ക്കും വളരെ വലുതാണ്.

അതോടൊപ്പം തന്നെ കോണ്‍ഗ്രസിനും ഈ ഫലം നല്‍കുന്ന ഉത്തേജനം ചെറുതൊന്നുമല്ല. 2014 ന് ശേഷം തുടര്‍ച്ചയായ പരാജയങ്ങള്‍ മാത്രം നേടിയ ഒരു പാര്‍ട്ടി, കുതിരക്കച്ചവടത്തില്‍പ്പെട്ട് സ്വന്തം സര്‍ക്കാര്‍ ഒന്നാകെ മറുകണ്ടം കാണുന്നത് കണ്ട പ്രവര്‍ത്തകര്‍, രായ്ക്കുരാമാനം പാര്‍ട്ടി വിട്ട് മറ്റൊരു പാളയത്തില്‍ ചേര്‍ന്ന നേതാക്കളുടെ ചെയ്തി കണ്ട് വിറങ്ങലിച്ച് നിന്ന മറ്റ് നേതാക്കള്‍ എന്നിവര്‍ക്കെല്ലാം കര്‍ണാടക മരുഭൂമിയില്‍ പെയ്ത മഴയാണ്.

election results rahul gandhi

രാജ്യമാകെ സര്‍ക്കാരുണ്ടാക്കിയ പാര്‍ട്ടി, ഏഴ് പതിറ്റാണ്ടോളം രാജ്യം ഭരിച്ച പാര്‍ട്ടി എന്നൊക്കെയുള്ള ലേബലില്‍ നിന്ന് കോണ്‍ഗ്രസ് നിലയില്ലാക്കയത്തില്‍പ്പെടാന്‍ തുടങ്ങിയത് 2014 മുതലാണ്. അതിന് ശേഷം എത്രയോ തിരഞ്ഞെടുപ്പുകള്‍ രാജ്യം കണ്ടു. വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി രണ്ടക്കം പോലും തികക്കാത്ത ബി ജെ പി, എത്രയോ തവണ സര്‍ക്കാര്‍ രൂപീകരിച്ചു.

രാജ്യത്ത് വെറും രണ്ട് സംസ്ഥാനത്ത് മാത്രം അധികാരത്തിലുള്ള പാര്‍ട്ടി എന്ന നാണക്കേട് വര്‍ഷങ്ങളോളം പേറി. അതിന് അന്ത്യം കുറിക്കാന്‍ ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് വേണ്ടി വന്നു. ഹിമാചലില്‍ ബി ജെ പിയുടെ എല്ലാ ഹുങ്കും അവസാനിപ്പിച്ച് കോണ്‍ഗ്രസിനെ ജനം അധികാരത്തിലേക്ക് കൈപിടിച്ചുകയറ്റി. പതിയെ പതിയെ കോണ്‍ഗ്രസ് വീണ്ടും തിരിച്ചുവരവിന്റെ പാതയിലേക്ക് എത്തുകയായിരുന്നു.

അധ്യക്ഷസ്ഥാനം ഏറ്റെടുക്കില്ലെന്നുറപ്പിച്ച രാഹുലിന്റെ പിടിവാശിയില്‍ സംഘടാന തിരഞ്ഞെടുപ്പ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടന്നു. അതോടൊപ്പം തന്നെ ചിന്തന്‍ ശിബിര്‍ പാര്‍ട്ടിക്ക് ഊര്‍ജമായി. അതില്‍ നിന്ന് ഉരുത്തിരിഞ്ഞ ഭാരത് ജോഡോ യാത്ര തകര്‍ന്ന കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഉതകുന്നതായിരുന്നു. ജനങ്ങളുടെ മനസില്‍ നിന്നും കോണ്‍ഗ്രസിനെ പടിയടച്ച് പിണ്ഡം വെച്ചിട്ടില്ല എന്ന് തെളിയിക്കാന്‍ അതിലൂടെ പാര്‍ട്ടിക്ക് സാധിച്ചു.

വര്‍ഷങ്ങളായി ഉറങ്ങി കിടന്ന കോണ്‍ഗ്രസ് കോട്ടകളിലേക്ക് രാഹുല്‍ നടന്ന് കയറി. പ്രവര്‍ത്തകര്‍ ആവേശത്തിലായി. അതിനിടെ നടന്ന സംഘടാന തിരഞ്ഞെടുപ്പിലൂടെ പാര്‍ട്ടിയുടെ സാരഥ്യം മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയിലേക്കും എത്തി. ഭാരത് ജോഡോ യാത്രക്ക് ശേഷം ആകെ മാറിയ രാഹുലിനെ രാജ്യം കണ്ടു. കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റിലും പുറത്തും രാഹുലിന്റെ ശബ്ദം ഉയരാന്‍ തുടങ്ങി.

karnataka 2023

ഇടവേളക്ക് ശേഷം ദേശീയ രാഷ്ട്രീയത്തില്‍ വീണ്ടും മോദി-രാഹുല്‍ പോരാട്ടം എന്ന ടാഗ്ലൈന്‍ മാധ്യമങ്ങളും നല്‍കി. പ്രതിപക്ഷത്ത് മുമ്പെങ്ങുമില്ലാത്ത വിധം ഐക്യം രൂപപ്പെടുത്താന്‍ രാഹുലിനെ അയോഗ്യനാക്കിയതോടെ ബി ജെ പിക്ക് സാധിച്ചു. കോണ്‍ഗ്രസില്ലാതെ ബി ജെ പി ഇതര ബദല്‍ എന്ന് പറഞ്ഞവര്‍ പോലും നിര്‍ണായക നിമിഷം രാഹുലിനൊപ്പം അണിനിരന്നു. ബി ജെ പിയെ നേരിടാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ എന്ന പാര്‍ട്ടി നേതാക്കളുടെ ശബ്ദം കൂടുതല്‍ സജീവമാകാനും തുടങ്ങി.

ഇതിന്റെയെല്ലാം ആകെത്തുകയാണ് കര്‍ണാടക ഫലം കോണ്‍ഗ്രസിന് നല്‍കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് പകരം ജെ ഡി എസ് ആണ് ജയിച്ചത് എങ്കില്‍ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതൃസ്ഥാനം പോലും ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബി ജെ പി ഇതര ഐക്യത്തിന് കോണ്‍ഗ്രസില്ലാതെ സാധിക്കില്ല എന്ന വ്യക്തമായ സൂചനയാണ് കന്നഡ ജനത ഇന്ന് നല്‍കിയിരിക്കുന്നത്.

രാജ്യത്തെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ചത് പോലെയാണ് സമീപകാല തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ എല്ലാം സംഭവിച്ചത് ഇതാണ്. കര്‍ണാടക ഇപ്പോഴിതാ അതിന്റെ പിന്തുടര്‍ച്ച കൈപ്പറ്റിയിരിക്കുന്നു.

കര്‍ണാടകയിലെ കോട്ട ഒരുപക്ഷെ പാര്‍ട്ടിക്ക് നഷ്ടമായിരുന്നു എങ്കില്‍ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും പാര്‍ട്ടിയുടെ സാധ്യതകളെ സാരമായി ബാധിച്ചേനെ. അതിനാല്‍ തന്നെയാണ് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയില്‍ നിന്ന് അധികാരം തട്ടിയെടുക്കുന്നത് കോണ്‍ഗ്രസിന് നല്‍കുന്ന ഊര്‍ജം വളരെ വലുതാണ് എന്ന് നിരീക്ഷിക്കുന്നതും.

പ്രാദേശിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. വിഭാഗീയതയെ അകറ്റിനിര്‍ത്തുക എന്ന വെല്ലുവിളിയുമായി പ്രചാരണത്തിനിറങ്ങിയ കോണ്‍ഗ്രസ് സിദ്ധരാമയ്യ-ഡികെ ശിവകുമാര്‍ ദ്വന്ദത്തെ ഭിന്നാഭിപ്രായങ്ങള്‍ക്കിടയിലും ഫലപ്രദമായി വിനിയോഗിച്ചു. 150 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചിരുന്നത്. കൂറുമാറ്റം തടയാന്‍ ഇത് വഴിയെന്ന രാഹുലിന്റെ ആഹ്വാനത്തെ വോട്ടര്‍മാര്‍ ശിരസാവഹിച്ചു എന്നാണ് ഫലം വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+