കര്‍ണാടകത്തില്‍ ഹിജാബിന് അനുമതിയില്ല, അന്തിമ വിധി വരും വരെ തല്‍സ്ഥിതി തുടരണമെന്ന് ഹൈക്കോടതി
ബെംഗളൂരു: കര്‍ണാടകത്തില്‍ തല്‍ക്കാലം ഹിജാബിന് അനുമതിയില്ലെന്ന് ഹൈക്കോടതി. അന്തിമ വിധി വരും വരെ തല്‍സ്ഥിതി തുടരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മതാചാര പ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. തിങ്കളാഴ്ച്ച വീണ്ടും വാദം തുടരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം സ്‌കൂളുകളും കോളേജുകളും ഉടന്‍ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും, അന്തിമ വിധിക്കായി കാത്തിരിക്കണമെന്നും മാധ്യമങ്ങളോട് കോടതി നിര്‍ദേശിച്ചു. സീനിയര്‍ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെയും ദേവദത്ത് കാമത്തും തമ്മില്‍ ശക്തമായ വാദങ്ങളാണ് ഇന്ന് കോടതിയില്‍ നടന്നത്.

ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജിലാണ് ഹിജാബിനെതിരെ പ്രതിഷേധം ഉയര്‍ന്നത്. കാവി തലപ്പാവ് ധരിച്ച് വിദ്യാര്‍ത്ഥികള്‍ ഹിജാബിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെ കര്‍ണാടക സര്‍ക്കാര്‍ സ്‌കൂളുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കി. പ്രശ്‌നങ്ങള്‍ വഷളാവാതിരിക്കാനായിരുന്നു നീക്കം. അതേസമയം കര്‍ണാടകത്തില്‍ പല സ്ഥലത്തും ഹിജാബ് വിഷയത്തില്‍ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ജനങ്ങളോട് സമാധാനം പാലിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. അതേസമയം പ്രതിഷേധങ്ങള്‍ ദേശീയ തലത്തില്‍ തന്നെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. മറ്റ് സംസ്ഥാനങ്ങളും ഇത് നടപ്പാക്കുമോ എന്ന തരത്തില്‍ ചര്‍ച്ചകളും തുടങ്ങിയിരുന്നു.
മദ്രാസ് ഹൈക്കോടതിയും വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി. ചില ശക്തികള്‍ സമൂഹത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രമാണോ മതമാണോ വലുതെന്നും കോടതി ചോദിച്ചു. ചിലര്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉണ്ടാക്കി, അത് രാജ്യം മുഴുവന്‍ പടര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ചിലര്‍ ഹിജാബിന് പിന്നാലെയും ചിലര്‍ തലപ്പാവിന് പിന്നാലെയും പോവുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഐക്യമുള്ള രാജ്യമാണോ അതോ മതത്തിന്റെ പേരില്‍ വിഭജിക്കപ്പെട്ടതാണോ എന്നും ഹൈക്കോടതി ചോദിച്ചു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള നീക്കമാണ് ഹിജാബ് വിവാദമെന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications