കർണാടക എന്‍ഡിഎയില്‍ അടി തീരുന്നില്ല: ബിജെപി-ജെഡിഎസ് സീറ്റ് വിതരണത്തില്‍ ധാരണയായില്ല
ഹാസൻ: കർണാടകയില്‍ സീറ്റ് വിതരണ ചർച്ചകള്‍ പൂർത്തീകരിക്കാന്‍ കഴിയാതെ ജെ ഡി എസ് - ബി ജെ പി സഖ്യം. ഹാസൻ, മാണ്ഡ്യ ലോക്‌സഭാ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർത്ഥികളെ സംബന്ധിച്ചാണ് പ്രധാനമായും തർക്കം നിലനില്‍ക്കുന്നത്. ഈ രണ്ട് മണ്ഡലങ്ങളുടെ കാര്യത്തില്‍ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി പ്രീതം ജെ ഗൗഡയും ഹാസൻ എംപിയും ജെ ഡി എസ് നേതാവുമായി പ്രജ്വല് രേവണ്ണയും പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തി രംഗത്ത് വന്നത് പ്രതിസന്ധി കൂടുതല്‍ ശക്തമാക്കി.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പ്രീതം, ഹാസൻ, മാണ്ഡ്യ സീറ്റുകൾ സംബന്ധിച്ച് സംസ്ഥാന ജെ ഡി എസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമി നടത്തിയ പ്രസ്താവനയെ ശക്തമായ രീതിയില്‍ തള്ളുകയായിരുന്നു. തിങ്കളാഴ്ച ചടങ്ങിൽ പങ്കെടുക്കാൻ ഹാസനിലെത്തിയ കുമാരസ്വാമി, പ്രീതത്തെയും തൻ്റെ സഹോദരനായാണ് കരുതുന്നതെന്നും സീറ്റ് വിഭജനം സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

താൽപ്പര്യമുണ്ടെങ്കിൽ പ്രീതത്തെ ഹാസൻ മണ്ഡലത്തിൽ നിന്ന് മത്സരിപ്പിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ സഖ്യകക്ഷികളായ ബി ജെ പിയും ജെഡിഎസും ഒന്നിക്കണമെന്നും കുമാരസ്വാമി പറഞ്ഞു. രാഷ്ട്രീയത്തിൽ സാഹോദര്യത്തിൻ്റെ പ്രശ്‌നമില്ലെന്നും താൽപ്പര്യമുണ്ടെങ്കിൽ സ്വന്തം സഹോദരനുമായി സംസാരിക്കാമെന്നും പ്രീതം പറഞ്ഞു. താൻ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടിയും മുതിർന്ന ബിജെപി നേതാക്കളും തീരുമാനിക്കുമെന്നും മറ്റുള്ളവരുടെ നിർദ്ദേശങ്ങളോ ഉപദേശങ്ങളോ തനിക്ക് ആവശ്യമില്ലെന്നും പ്രീതം പറഞ്ഞു.
2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹാസനിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയതും പ്രീതം ചൂണ്ടിക്കാട്ടി. ബി ജെ പിയെ ശക്തമായി എതിർത്തതിനാൽ ബി ജെ പിയെ തോൽപ്പിക്കാൻ മാത്രമാണ് ആളുകൾ ജെ ഡി എസിന് വോട്ട് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ തമ്മിലുള്ള വഴക്കുകൾ സാധാരണമാണെന്നായിരുന്നു ബെംഗളൂരുവിൽ കുമാരസ്വാമി പ്രീതത്തിന് മറുപടിയായി പറഞ്ഞു. "ഇപ്പോഴും ഞാൻ അവനെ എൻ്റെ സഹോദരനായിട്ടാണ് കാണുന്നത്. പാർലമെൻ്റ് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണം. പ്രീതം പറഞ്ഞതിൽ തെറ്റില്ല, "അദ്ദേഹം കൂട്ടിച്ചേർത്തു.
തൻ്റെ എതിരാളികളെ രാഷ്ട്രീയമായി ആക്രമിക്കാൻ താല്‍പര്യപ്പെടുന്ന കുമാരസ്വാമി പ്രീതത്തിൻ്റെ കാര്യത്തിൽ സംയമനം പാലിക്കുന്നു എന്നാണ് ഏറെ രസകരം.
എന്നാൽ പ്രീതത്തിൻ്റെ തിടുക്കത്തിലുള്ളതും അനാവശ്യവുമായ പ്രസ്താവനകൾ ഏതാനും ജെഡിഎസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് പാർട്ടിയിലെ ചില നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications