രാഹുലിന്റെ വോട്ട് ക്രമക്കേട് ആരോപണം തള്ളി, പിന്നാലെ വിവാദം; കർണാടക മന്ത്രി കെഎൻ രാജണ്ണ രാജിവച്ചു
ബെംഗളൂരു: കർണാടക സഹകരണ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെഎൻ രാജണ്ണ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. വോട്ടർ പട്ടികയെക്കുറിച്ചുള്ള ആരോപണങ്ങളിലെ പരാമർശങ്ങൾ പാർട്ടിയെ അസ്വസ്ഥമാക്കുകയും വെട്ടിലാക്കുകയും ചെയ്‌തതിന് പിന്നാലെയാണ് അദ്ദേഹം രാജിവച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചത്. രാഹുൽ ഗാന്ധിയുടെ വോട്ട് ക്രമക്കേട് ആരോപണം കെഎൻ രാജണ്ണ നേരത്തെ തള്ളിയിരുന്നു.
ഇതിനെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം കർണാടക കോൺഗ്രസിന് ഉണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ല. മുതിർന്ന പാർട്ടി നേതാവും എംപിയുമായ രാഹുൽ ഗാന്ധി അവകാശപ്പെട്ടതുപോലെ, വോട്ടർ പട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിലും, കോൺഗ്രസ് അധികാരത്തിലിരുന്നപ്പോഴാണ് അത് സംഭവിച്ചതെന്ന് രാജണ്ണ അടുത്തിടെ പറഞ്ഞിരുന്നു. ഇതാണ് കോൺഗ്രസിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയത്.

വിധാൻ സൗധയിൽ മുഖ്യമന്ത്രിയുമായി രാജണ്ണ ഒരു കൂടിക്കാഴ്‌ച നടത്തിയിരുന്നു, തുടർന്ന് അദ്ദേഹം രാജി സമർപ്പിച്ചതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്‌തനായിരുന്നു രാജണ്ണ. അതുകൊണ്ട് തന്നെ അദ്ദേഹം നടത്തിയ പരാമർശങ്ങൾ കോൺഗ്രസിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്.
നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്കെ പാട്ടീലും രാജണ്ണയും വിഷയത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ബിജെപി പ്രക്ഷോഭം സൃഷ്‌ടിച്ചിരുന്നു, പാർട്ടിയിൽ ജനാധിപത്യമില്ലെന്നാണ് ബിജെപി പരിഹസിച്ചത്. കോൺഗ്രസിനുള്ളിൽ ജനാധിപത്യമില്ല. സത്യം പറഞ്ഞാൽ രാജിവയ്ക്കാൻ ആവശ്യപ്പെടുമെന്നായിരുന്നു ബിജെപി നേതാവ് സിടി രവിയുടെ ആരോപണം.
'എപ്പോഴാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്? നമ്മുടെ സ്വന്തം സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് അത് തയ്യാറാക്കിയത്. ആ സമയത്ത്, എല്ലാവരും കണ്ണുകൾ അടച്ച് നിശബ്‌ദമായി ഇരിക്കുകയായിരുന്നോ? നമ്മൾ ഇങ്ങനെ വെറുതെ സംസാരിച്ചാൽ, നമുക്ക് പലതും പറയേണ്ടി വരും' എന്ന് കഴിഞ്ഞ ആഴ്‌ച രാജണ്ണ പരസ്യമായി പ്രതികരിച്ചിരുന്നു.
'ഈ ക്രമക്കേടുകൾ നടന്നിട്ടുണ്ട് - അതാണ് സത്യം. ഇതിൽ വ്യാജമായി ഒന്നുമില്ല. നമ്മുടെ കൺമുന്നിലാണ് ഈ ക്രമക്കേടുകൾ സംഭവിച്ചത് - അക്കാര്യത്തിൽ നമ്മൾ ലജ്ജിക്കണം. ആ സമയത്ത് നമ്മൾ അത് ശ്രദ്ധിച്ചില്ല. അതുകൊണ്ടാണ് ഭാവിയിൽ നമ്മൾ ജാഗ്രത പാലിക്കേണ്ടത്' രാജണ്ണ ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപി ഏറ്റെടുത്തതും പാർട്ടിക്കുള്ളിൽ ചർച്ചയായതും.
വോട്ടർ പട്ടിക പോലുള്ള വിഷയങ്ങളിൽ സമയബന്ധിതമായി പ്രവർത്തിക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കരട് വോട്ടർ പട്ടിക തയ്യാറാക്കുമ്പോൾ, നമ്മൾ എതിർപ്പുകൾ സമർപ്പിക്കണം. അത് നമ്മുടെ ഉത്തരവാദിത്തമാണ്. ആ സമയത്ത്, ശബ്‌ദത പാലിച്ചു, ഇപ്പോൾ നമ്മൾ സംസാരിക്കുകയാണ്; എന്നും അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്‌ച നടത്തിയ പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ച മണ്ഡലമായ മഹ്ദേവ്പുരയിലും തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിരുന്നു. പിന്നാലെയാണ് പാർട്ടിക്കുള്ളിൽ ഇത് എതിർപ്പിന് ഇടയാക്കിയത്. വിഷയം ബിജെപി ഏറ്റെടുത്ത സാഹചര്യത്തിൽ രാജണ്ണയുടെ രാജിയോട് താൽക്കാലിക വിരാമമിടാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.












Click it and Unblock the Notifications