വായ്പ കൊടുത്തില്ല; ബാങ്കിന് തീയിട്ട് യുവാവ്... 12 ലക്ഷം രൂപയുടെ നഷ്ടം, ചൂടേറിയ ചര്‍ച്ച
ബെംഗളൂരു: ബാങ്ക് വായ്പ കിട്ടാത്തതില്‍ അരിശം പൂണ്ട യുവാവ് ബാങ്കിന് തീയിട്ടു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വായ്പ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ബാങ്ക് തള്ളിയ ദിവസം രാത്രിയാണ് യുവാവ് ബാങ്കിലെത്തി അക്രമം നടത്തിയതത്രെ. 33കാരനായ വസീം ഹസ്രത് സാബ് മുല്ലയെ കേസില്‍ അറസ്റ്റ് ചെയ്തു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
കോടികള്‍ വായ്പ എടുത്ത് ബാങ്കുകളെ പറ്റിച്ച് വ്യവസായികള്‍ നാടുവിടുന്ന രാജ്യത്ത് എന്തുകൊണ്ട് സാധാരണക്കാരന് ബാങ്കുകള്‍ വായ്പ കൊടുക്കുന്നില്ല എന്നാണ് പലരുടെയും ചോദ്യം. ഇങ്ങനെ ചില കാര്യങ്ങള്‍ സംഭവിച്ചാലേ ബാങ്കിലുള്ളവര്‍ക്ക് ഉപഭോക്താക്കളെ ഭയമുണ്ടാകൂ എന്ന അഭിപ്രായം പ്രകടിപ്പിച്ചവരും നിരവധിയാണ്. എന്നാല്‍ വായ്പ കിട്ടാത്തവരെല്ലാം ബാങ്ക് കത്തിക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ എന്ന് ചോദിക്കുന്നവരും കുറവല്ല. ഹാവേരി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്...

ഹേഡുഗോണ്ട ഗ്രാമത്തിലെ കാനറ ബാങ്ക് ബ്രാഞ്ചിലാണ് വസീം വായ്പയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്. എല്ലാ രേഖകളും ശരിപ്പെടുത്താന്‍ ഇയാള്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവത്രെ. രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് വായ്പ നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയത്. തിരിച്ചടവ് ശേഷിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അപേക്ഷ തള്ളിയത്.
വായ്പ കിട്ടുന്ന വ്യക്തിയുടെ സിഐബിഐഎല്‍ സ്‌കോര്‍ വളരെ കുറവാണ് എന്ന് ബാങ്ക് അറിയിച്ചു. 300നും 900നുമിടയിലാണ് സ്‌കോറുണ്ടാകുക. 900 ത്തോട് അടുത്ത സ്‌കോറുള്ള വ്യക്തികള്‍ക്ക് വേഗത്തില്‍ വായ്പ ലഭിക്കും. സ്‌കോര്‍ കുറയുന്ന വ്യക്തികള്‍ക്ക് തിരിച്ചടവ് ശേഷിയില്ല എന്ന് ചുരുക്കം. അത്തരക്കാര്‍ക്ക് വായ്പ കിട്ടാന്‍ പ്രയാസമാണ്. തിരിച്ചടയ്ക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കാന്‍ റിസ്‌കെടുക്കില്ല.
കാനറ ബാങിന്റെ ഓഫീസില്‍ രാത്രിയാണ് തീപിടുത്തമുണ്ടായത്. വസീം രാത്രി ബാങ്കിലെത്തി ജനല്‍ തകര്‍ത്ത് പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നുവത്രെ. പുക ഉയരുന്നത് കണ്ടവര്‍ പോലീസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു. ബാങ്കില്‍ തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വസീമിനെ പിടികൂടി എന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 12 ലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. അഞ്ച് കംപ്യൂട്ടറുകള്‍, ഫാനുകള്‍, ലൈറ്റുകള്‍, പാസ്ബുക്ക് പ്രിന്റര്‍, നോട്ടെണ്ണല്‍ മെഷീന്‍, രേഖകള്‍, സിസിടിവി, ക്യാഷ് കൗണ്ടര്‍ എന്നിവയെല്ലാം നശിച്ചുവെന്ന് പോലീസ് പറഞ്ഞു. കഗിനെല്ലി പോലീസ് ആണ് പ്രതിയെ അറസറ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 436, 435, 477 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications