കാർവാർ എംഎൽഎ സതീഷ് സെയിലിന് 42 വർഷം തടവ്; ഷിരൂരിൽ അർജുന് വേണ്ടി മുന്നിൽ നിന്നു, സ്ഥാനം നഷ്‌ടമാവും?
ബെംഗളൂരു: അനധികൃത ഇരുമ്പയിര് കടത്ത് കേസിൽ കോൺഗ്രസ് നേതാവും കാർവാർ എംഎൽഎയുമായ സതീഷ് കൃഷ്‌ണ സെയിൽ ഉൾപ്പെടെയുള്ളവർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ആറ് കേസുകളിൽ ഏഴ് വർഷം വീതമാണ് തടവ് വിധിച്ചിരിക്കുന്നത്. ബെംഗളൂരു സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 44 കോടി രൂപ പിഴയും അടയ്ക്കാൻ കോടതി വിധിച്ചിട്ടുണ്ട്.
ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ അർജുന് വേണ്ടിയുള്ള തിരച്ചിലിലിന്റെ മുൻനിരയിൽ തന്നെയുണ്ടായിരുന്ന വ്യക്തിയായിരുന്നു സതീഷ് കൃഷ്‌ണ സെയിൽ. കാർവാർ എംഎൽഎ ആയിരുന്നതിനാൽ തന്നെ തിരച്ചിലിന്റെ ആദ്യഘട്ടം മുതൽ സതീഷ് കൃഷ്‌ണ സെയിൽ ഒപ്പമുണ്ടായിരുന്നു.

തുടർന്ന് തിരച്ചിലിൽ അർജുന്റെ മൃതദേഹത്തിന്റെ ഭാഗം കിട്ടിയപ്പോൾ കൃത്യമായ ഇടപെടലുകളും എംഎൽഎയുടെ ഭാഗത്ത് നിന്നുണ്ടായി. ശേഷം അർജുന്റെ കണ്ണാടിക്കലെ വീട്ടിലും സതീഷ് കൃഷ്‌ണ സെയിൽ എത്തിയിരുന്നു. അർജുന്റെ മകന് കളിപ്പാട്ടവുമായായിരുന്നു അദ്ദേഹത്തിന്റെ വരവ്. ഈ സമയത്ത് കേരളത്തിലെ മാധ്യമങ്ങളിലും നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു സതീഷ് കൃഷ്‌ണ സെയിലിന്റേത്.
അതേസമയം, ഇരുമ്പയിര് കടത്ത് കേസിൽ നേരത്തെ സതീഷ് കൃഷ്‌ണ സെയിൽ അറസ്‌റ്റിലായിരുന്നു. ഒരു വർഷത്തോളം ജയിലിൽ കിടക്കുകയും ചെയ്‌തു. ശേഷം ജാമ്യം നേടി പുറത്തിറങ്ങിയെങ്കിലും അടുത്തിടെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതോടെ വീണ്ടും സിബിഐ അറസ്‌റ്റ് ചെയ്യുകയായിരുന്നു. മേൽക്കോടതി ഈ ശിക്ഷാവിധി സ്‌റ്റേ ചെയ്‌തില്ലെങ്കിൽ സതീഷ് കൃഷ്‌ണയുടെ എംഎൽഎ സ്ഥാനം നഷ്‌ടമാവും.
ക്രിമിനൽ കുറ്റകൃത്യത്തിൽ രണ്ട് വർഷത്തിൽ അധികം ശിക്ഷ വിധിച്ചാൽ എംഎൽഎ സ്ഥാനം നഷ്‌ടമാവുകയാണ് ചട്ടം. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് എംഎൽഎ കഴിയുന്നത്. വാദത്തിനിടെ ആരോഗ്യ പ്രശ്‌നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി സതീഷ് കൃഷ്‌ണ സെയിൽ ശിക്ഷയിൽ ഇളവ് നൽകണം എന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല.
സതീഷ് കൃഷ്‌ണയെ കൂടാതെ മറ്റ് ആറ് പ്രതികൾക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. തുറമുഖ വകുപ്പ് ഡെപ്യൂട്ടി കൺസർവേറ്റർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. 2010ലായിരുന്നു കേസിന് ആസ്‌പദമായ സംഭവം നടന്നത്. തന്റെ സ്വകാര്യ ഷിപ്പിംഗ് കമ്പനിയുടെ മറവിൽ ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടൺ വരുന്ന ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നായിരുന്നു കേസ്.












Click it and Unblock the Notifications